ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാകുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷമായിരുന്നു പ്രധാനമന്ത്രി നേരിട്ടു പ്രഖ്യാപനം നടത്തിയത്. ഡിസംബർ 31 വരെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പണം മാറിയെടുക്കാൻ അവസരമുണ്ടാകും.

പണം മാറ്റിയെടുക്കുന്നവർ ഇതിന്റെ ഉറവിടം വ്യക്തമാക്കേണ്ടി വരും. അതിനു കഴിയാത്തവരുടെ കൈയിൽ ഇരിക്കുന്ന കോടികൾക്ക് ഇനി കടലാസിന്റെ വില മാത്രമാകും ഉണ്ടാകും. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വ്യവസായലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

പണം നഷ്ടമാകുമെന്ന് ആർക്കും ഭയം വേണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. പഴയ നോട്ടുകൾ 10 മുതൽ ഡിസംബർ 31 വരെ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാം. ഒരു മുന്നറിയിപ്പുമില്ലാതെയാണു കേന്ദ്രത്തിന്റെ തീരുമാനം പുറത്തുവന്നത്.

അവശ്യസർവീസുകൾക്ക് നിലവിലുള്ള നോട്ടുകൾ ഉപയോഗിക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു. വ്യാജനോട്ടുകൾ, കള്ളപ്പണം, അഴിമതി, തീവ്രവാദം തുടങ്ങിയവ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്കു ഭീഷണിയാകുന്നതിന്റെ പശ്ചാത്തലത്തിലാണു തീരുമാനമെന്നു മോദി പറഞ്ഞു. ഭീകരർക്ക് പണം വരുന്നത് പാക്കിസ്ഥാനിൽ നിന്നാണെന്നും കള്ളനോട്ട് ഒഴുക്കി പാക്കിസ്ഥാൻ ഇന്ത്യയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നുവെന്നും പ്രസംഗത്തിൽ മോദി പറഞ്ഞു.

500ന്റെയും 1000ന്റെയും നോട്ടുകളുടെ അച്ചടിയും വ്യാപനവും നിർത്തിവച്ചിട്ടുണ്ട്. പുതിയ 500 രൂപ, 2000 രൂപ നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. എടിഎമ്മുകളും നവംബർ 9നു പ്രവർത്തിക്കില്ല. ചില കേന്ദ്രങ്ങളിൽ നവംബർ പത്തിനും എടിഎമ്മുകൾ പ്രവർത്തിക്കില്ല. നാളെ ബാങ്കും എടിഎമ്മും ഇല്ല എന്നതു ജനങ്ങളെ വലയ്ക്കുമെന്നാണു സൂചന.

നിലവിൽ കൈയിലുള്ള 500 രൂപയും 1000 രൂപയും പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലും ഡിസംബർ 30 വരെ മാറ്റാം. ഇന്റർനെറ്റ് ബാങ്കിങ്ങും ഡിഡി സംവിധാനവും പതിവുപോലെ ഉപയോഗിക്കാനാകും.

വൈദ്യപരിശോധനാ മേഖലയിലും അവശ്യസർവീസുകൾക്കും പുതിയ തീരുമാനത്തിൽ ഇളവുണ്ടാകും. ആശുപത്രികൾ, പെട്രോൾ പമ്പുകൾ, റെയിൽവെ റിസർവേഷൻ കൗണ്ടറുകൾ, വിമാനത്താവളങ്ങൾ, ശ്മശാനങ്ങൾ തുടങ്ങിയവയിൽ ഈ നോട്ടുകൾ നവംബർ 11 വരെ സ്വീകരിക്കും. ഡിസംബർ 30നു ശേഷം നോട്ടുകൾ മാറ്റിയെടുക്കാനും സംവിധാനമൊരുക്കും. ആർബിഐയുടെ പ്രത്യേക സംവിധാനമാണ് ഇതിനായി ഒരുക്കുക.

  • പുതിയ സീരീസിലുള്ള 500 രൂപകളും 2000 രൂപയുടെ കറൻസിയും പുറത്തിറക്കും.
  • പുതിയ സംവിധാനങ്ങൾക്കുള്ള തയ്യാറെടുപ്പിനായി നവംബർ പത്തിനു ബാങ്കുകൾക്ക് അവധിയായിരിക്കും.
  • ഇന്റർനെറ്റ് ബാങ്കിങ്ങിനും ഡിമാൻഡ് ഡ്രാഫ്റ്റ് ഇടപാടുകൾക്കും തടസമുണ്ടാകില്ല.
  • എടിഎം ഇടപാടുകൾക്കും കടുത്ത നിയന്ത്രണം.
  • ദിവസം എടുക്കാൻ പറ്റുന്ന പരമാവധി തുക 10,000 രൂപ.
  • ആഴ്ചയിൽ പരമാവധി എടുക്കാൻ കഴിയുക 20,000 രൂപ
  • സർക്കാർ ആശുപത്രികൾക്കും അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.