ദുബായ്: നാട്ടിൽ വന്ന് മടങ്ങുമ്പോൾ കുറച്ച് നോട്ടുകൾ കൂടി കരുതുക പ്രവാസികളുടെ പതിവാണ്. തിരിച്ചു വീണ്ടുമെത്തുമ്പോഴുള്ള ചെലവുകൾക്കായാണ് ഇത്. അങ്ങനെ നോട്ടുമായി വിദേശത്ത് എത്തിയവരെല്ലാം മോദി സർക്കാരിന്റെ നോട്ട് പിൻവലിക്കൽ തീരുമാനം കേട്ട് ഞെട്ടി. ഇനി നാട്ടിൽ മടങ്ങിയെത്തുമ്പോൾ ഈ സമ്പാദ്യത്തിന് കടലാസിന്റെ വില മാത്രമേ ഉണ്ടാകുവുകയുള്ളൂ. ഇന്ത്യയിൽ നിന്നുള്ള വിമാനയാത്രക്കാർക്ക് 25,000 രൂപ വരെ കൈവശം വയ്ക്കാൻ അനുമതിയുണ്ട്. നേരത്തേ ഇതു പതിനായിരമായിരുന്നെങ്കിലും പിന്നീട് പരിധി ഉയർത്തുകയായിരുന്നു. ഇങ്ങനെ നിയമപരമായി പണം സൂക്ഷിച്ചവരും വെട്ടിലായി.

അതുകൊണ്ട് തന്നെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പെട്ടെന്നു പിൻവലിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം ഗൾഫിലും ചലനമുണ്ടാക്കി. പലരും നോട്ട് മാറ്റാൻ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾക്ക് മുന്നിലെത്തി. എന്നാൽ തീരുമാനം വന്നതോടെ ഗൾഫിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളും ഈ നോട്ടുകൾ എടുക്കുന്നതു നിർത്തിവച്ചു. രൂപ കൈവശമുള്ള ഒട്ടേറെപ്പേർ എക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ രാത്രി തന്നെ എത്തി തുക മാറാൻ ശ്രമിച്ചിരുന്നു. ഒരു ലക്ഷം രൂപ വരെ മാറാൻ സമീപിച്ചവരുണ്ടെന്ന് എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ ജീവനക്കാർ പറയുന്നു. ഇവരെയെല്ലാം മടക്കി അയയ്ക്കുകയായിരുന്നു.

സാധാരണ ദിവസങ്ങളിൽ എക്സ്ചേഞ്ചുകളിൽ ലഭിക്കുന്ന രൂപയുടെ തോത് വളരെ കുറവാണ്. ഒരു ദിവസം പരമാവധി ആയിരം രൂപ വരെ. നാട്ടിൽനിന്നു മടങ്ങിയെത്തുമ്പോൾ കൈവശമുള്ള രൂപ മാറി റിയാലോ ദിർഹമോ വാങ്ങുന്നതു ചുരുക്കം ചില തൊഴിലാളികൾ മാത്രമാണ്. എന്നാൽ ഇന്നലെ സ്ഥിതി മാറി. മിക്ക പ്രവാസികളും നാട്ടിൽനിന്നു വരുമ്പോൾ കുറച്ച് ഇന്ത്യൻ കറൻസി കൈവശം സൂക്ഷിക്കാറുണ്ട്. വിമാനത്താവളത്തിൽ അധികബാഗേജിനു വേണ്ടിവന്നാൽ നൽകാനും എന്തെങ്കിലും കാരണവശാൽ യാത്രമുടങ്ങിയാൽ ഉപയോഗിക്കാനും മുൻകരുതലായാണ് ഏറെ പ്രവാസികളും രൂപ കരുതുന്നത്. ചെലവായില്ലെങ്കിൽ ഈ തുക അടുത്ത തവണ നാട്ടിലേക്കു തിരിക്കുമ്പോൾ വിമാനത്താവളം തൊട്ട് വീടെത്തും വരെയുള്ള ചെലവിനു പ്രയോജനപ്പെടുകയും ചെയ്യും.

കൈവശം വയ്ക്കാനുള്ള സൗകര്യത്തിനു മിക്കവരും ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടാകും കൈവശം കരുതുക. ഡിസംബർ 30 വരെ പഴയ നോട്ടുകൾ മാറ്റിയെടുക്കാമെന്നാണ് കേന്ദ്രസർക്കാർ നിർദേശമെങ്കിലും അതിനകം നാട്ടിൽ പോയാലേ ഇതു സാധ്യമാകൂ. ജനുവരി മുതൽ നോട്ട് മാറാൻ റിസർവ് ബാങ്കിന്റെ പ്രത്യേക കേന്ദ്രങ്ങളുണ്ടാകുമെന്ന അറിയിപ്പാണു നേരിയ പ്രതീക്ഷ. സത്യവാങ്മൂലം നൽകി നോട്ട് മാറ്റാനുള്ള സംവിധാനം പ്രവാസികൾക്ക് ഏറെ ഗുണകരമാകും. പക്ഷേ ഇതിന്റെ നൂലാമാലകളിൽ പ്രവാസികൾക്ക് സംശയവും ഉണ്ട്.

ഗൾഫിൽ റിയാലോ ദിർഹമോ വാങ്ങി നാട്ടിൽ രൂപ കൊടുക്കുകയും നാട്ടിൽ രൂപ വാങ്ങി ഗൾഫിൽ റിയാലിലും ദിർഹത്തിലും പണം നൽകുകയും ചെയ്യുന്ന അനധികൃത ഇടപാടുകൾ സജീവമായിരുന്നു. പുതിയ തീരുമാനത്തോടെ ഇത് പൂർണ്ണമായും അവസാനിക്കും. ഉടനെയൊന്നും ഈ കള്ളക്കളി തുടങ്ങാൻ ആർക്കും കഴിയില്ല.