ബെംഗളൂരു:തലൈവർ രജനീകാന്തിന്റെ പുതിയ ചിത്രം കാലയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങിയത് ചൊവ്വാഴ്ചയാണ്. ചിത്രം ജൂൺ ഏഴിനാണ് റിലീസ് ചെയ്യുന്നത്. എന്നാൽ, കർണാടകയിൽ റിലീസ് ചെയ്യുന്നതിനെതിരെ കന്നഡ സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. കാവേരി വിഷയത്തിൽ രജനീകാന്ത് കർണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് വിലക്ക.

തിയേറ്റർ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സാരാ ഗോവിന്ദ് അറിയിച്ചു. ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ കന്നഡ സംഘടനകളുടെ പരാതികൾ ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന് ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ സിനിമകൾ ഇഷ്ടമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ കർണാടകത്തിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് സാരാ ഗോവിന്ദ് അറിയിച്ചു.

നടനെന്ന നിലയിൽ രജനീകാന്ത് കാവേരി വിഷയത്തിൽ യുക്തിപൂർവം ഇടപെട്ടിട്ടുണ്ടെന്നും രാഷ്ട്രീയത്തിലേക്ക് വന്നതിനുശേഷം കർണാടകത്തിനെതിരായ നിലപാട് സ്വീകരിക്കാൻ തുടങ്ങിയെന്നും സംഘടനകൾ ആരോപിച്ചു. കാവേരി വിഷയത്തിൽ നടൻ സത്യരാജിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബാഹുബലി രണ്ടാം ഭാഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നെങ്കിലും രാജമൗലി മാപ്പ് പറഞ്ഞതിനെ തുടർന്ന് പിൻവലിക്കുകയായിരുന്നു.