ക്രൈസ്റ്റ്ചർച്ച്: റോഡ് സൈഡിലെ കാർ കച്ചവടത്തിന് തടയിടാനൊരുങ്ങി ക്രൈസ്റ്റ് ചർച്ച് സിറ്റി കൗൺസിൽ. തുടർന്ന് പുതിയ ഗതാഗത നിയമവും പാർക്കിങ് നിയമവും കൗൺസിലിൽ നടപ്പാക്കാനൊരുങ്ങുകയാണ് കൗൺസിൽ അധികൃതർ. പുതിയ പാർക്കിങ് ബൈലോ നടപ്പാകുന്നതോടെ വഴിവക്കിൽ വച്ചുള്ള സെക്കൻഡ് ഹാൻഡ് കാർ കച്ചവടം നിരോധിക്കാമെന്നാണ് കൗൺസിൽ അധികൃതർ കരുതുന്നത്.

പാർക്കിങ് മേഖലയിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്യുക, അകാരണമായി നിർത്തിയിടുക, വാഹനം കച്ചവടം ചെയ്യാൻ പാർക്കിങ് ഏരിയ ഉപയോഗിക്കുക തുടങ്ങിയവയ്ക്ക് പുതിയ നിയമം കൊണ്ടുവരുന്നതോടെ അറുതി വരുത്താമെന്നാണ് അധികൃതർ കരുതുന്നത്. വഴിവക്കിൽ വച്ചുള്ള കാർ കച്ചവടം മറ്റു ഡ്രൈവർമാർക്ക് ഏറെ അപകടം വിളിച്ചു വരുത്തുന്നുണ്ടെന്ന് സിറ്റി കൗൺസിൽ സ്ട്രാറ്റജിക് പോളിസി തലവൻ ഹെലൻ ബോമോണ്ട് വ്യക്തമാക്കി.

യു ടേണുകളിലും മറ്റും അപകടകരമായ രീതിയിലാണ് കച്ചവടത്തിനുള്ള വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്നത്. ഇത് ഒട്ടേറെ അപകടങ്ങൾ വിളിച്ചുവരുത്തുകയും ചെയ്യുന്നു. ഓഗസ്റ്റ് മാസം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിയമം പൊതുജനാഭിപ്രായം തേടിയ ശേഷം ഈ വർഷം ഡിസംബറിൽ നടപ്പാക്കുമെന്നാണ് കരുതുന്നത്. നിയമം നടപ്പാക്കാൻ പാർക്കിങ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ സദാസമയം ജാഗരൂകരായിരിക്കുമെന്നും ബോമോണ്ട് കൂട്ടിച്ചേർത്തു. നിയമം തെറ്റിക്കുന്നവരിൽ നിന്ന് സ്‌പോട്ടിൽ വച്ചു തന്നെ പിഴ ഈടാക്കും.