ദുബായ്: ഉയർന്ന അളവിൽ കീടനാശിനികൾ ഉപയോഗിക്കുന്നു എന്ന ആരോപണത്തെ തുടർന്ന് ജോർദാൻ പഴങ്ങൾക്കും പച്ചക്കറികൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിച്ചു. നിരോധനം എടുത്തുകളഞ്ഞതോടെ ഇനിമുതൽ ജോർദാനിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും ഉടൻ തന്നെ ഇറക്കുമതി ചെയ്തു തുടങ്ങും. എന്നാൽ ഇനി മുതൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളിൽ കീടനാശിനിയുടെ അംശങ്ങളൊന്നുമില്ലെന്നതിന്റെ തെളിവു ഹാജരാക്കുകയും വേണം.

ജോർദാൻ ഉത്പന്നങ്ങൾ ഭക്ഷ്യയോഗ്യമാണെന്ന് തെളിയിക്കുന്ന ജോർദാനിയൻ സർക്കാരിന്റെ സാക്ഷ്യപത്രം ആവശ്യമാണെന്ന് യുഎഇ അധികൃതർ വെളിപ്പെടുത്തി. നിർദിഷ്ട അളവിൽ കൂടുതൽ രാസവസ്തുക്കളുടെ സാന്നിധ്യം പച്ചക്കറികളിലും പഴങ്ങളിലും കണ്ടെത്തിയാൽ ഉത്പന്നം ഇറക്കുമതി ചെയ്യുന്ന കമ്പനിക്ക് നിരോധനം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.