മസ്‌ക്കറ്റ്: മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അഞ്ച് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള പൗൾട്രി ഉത്പന്നങ്ങൾക്ക് ഒമാൻ വിലക്ക് ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ പക്ഷിപ്പനി വ്യാപകമായതായി റിപ്പോർട്ട് വന്നതിനെ തുടർന്നാണ് ഇവിടങ്ങളിൽ നിന്നുള്ള ഇറച്ചിക്കോഴികളേയും പൗൾട്രി ഉത്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് കൊണ്ടുവന്നത്. ഇതുസംബന്ധിച്ച ഉത്തരവ് അഗ്രിക്കൾച്ചറൽ ആൻഡ് ഫിഷറീസ് മന്ത്രി ഡോ. ഫൗദ് ബിൻ ജാഫർ ബിൻ മുഹമ്മദാണ് ഇറക്കിയത്.

ജർമനി, ഓസ്ട്രിയ, നെതർലാൻഡ്‌സ്, ഡെന്മാർക്ക്, സ്വീഡൻ എന്നീ യൂറോപ്യൻ രാജ്യങ്ങൾക്കും പഞ്ചാബ്, ഹരിയാന, കർണാടക എന്നീ ഇന്ത്യൻ സംസ്ഥാനങ്ങൾക്കുമാണ് ഇറക്കുമതിക്കുള്ള നിരോധനം ഏർപ്പെടുത്തിയത്. പക്ഷിപ്പനി പൂർണമായും ഇവിടങ്ങളിൽ നിന്ന് മാറിയതിനു ശേഷം മാത്രമേ ഇറക്കുമതിക്ക് അനുമതി നൽകുകയുള്ളൂവെന്നാണ് മന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.