ഓസ്ലോ: 2000-നു ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിക്കണം എന്ന നോർവീജിയൻ മെഡിക്കൽ അസോസിയേഷൻ (എൻഎംഎ) ശുപർശയെ പിന്തുണച്ച് ഭൂരിഭാഗം ജനങ്ങലും. 2035-ഓടെ ടുബാക്കോ ഫ്രീ തലമുറയെ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് എൻഎംഎ 2000-നു ശേഷം ജനിച്ചവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കരുതെന്ന ശുപാർശ കൊണ്ടുവന്നത്. പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ പത്തിൽ ആറു പേരും എൻഎംഎ ശുപാർശയെ പിന്തുണയ്ക്കുകയായിരുന്നു.

എൻഎംഎയ്ക്കു വേണ്ടി റെസ്‌പോൺസ് അനാലിസ് ആണ് സർവേ സംഘടിപ്പിച്ചത്. സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും എൻഎംഎ ശുപാർശയെ പിന്തുണച്ചു. 31 ശതമാനം പേരാണ് ഇതിനെതിരേ നിലപാട് സ്വീകരിച്ചത്. പുകയില ഉപയോഗിക്കുകയെന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമല്ലെന്നും അതുകൊണ്ടു തന്നെ ഇതിന് നിരോധനം ഏർപ്പെടുത്താമെന്നും എൻഎംഎ പ്രസിഡന്റ് മാരിറ്റ് ഹെർമാൻസൺ ജനുവരിയിൽ വ്യക്തമാക്കിയിരുന്നു.

2035-ഓടെ പുകവലി തുടച്ചു നീക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൂർണമായും പുകവലി നിരോധിക്കാൻ സാധിച്ചില്ലെങ്കിലും പുതുതലമുറയെ ഇതിൽ നിന്നു മാറ്റി നിർത്താൻ സാധിക്കുമെന്നും ഹെർമാൻസൺ ചൂണ്ടിക്കാട്ടി. അതേസമയം പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് തടഞ്ഞുകൊണ്ട് നിയമം ഇറക്കാൻ തത്ക്കാലം സർക്കാർ ശ്രമിക്കില്ലെന്ന് ഹെൽത്ത് മിനിസ്റ്റർ ബെന്റ് ഹോയി വ്യക്തമാക്കിയിട്ടുണ്ട്.