- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാണാസുര സാഗർ ഡാമിന് വേണ്ടി സ്ഥലം വിട്ടുനൽകിയത് പത്ത് മൂന്ന് പതിറ്റാണ്ട് മുമ്പ്; കൈവശമുണ്ടായിരുന്നത് വനഭൂമിയുടെ ഭാഗമാണെന്ന വനം വകുപ്പിന്റെ അവകാശവാദം തടസ്സമായതോടെ നഷ്ടപരിഹാരം കിട്ടിയില്ല; ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമില്ല; നീതി ലഭിക്കാൻ അനിശ്ചിതകാല സമരവുമായി വൃദ്ധ ദമ്പതികൾ
കൽപറ്റ: ബാണാസുര സാഗർ ഡാമിനു വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ഭൂമി ഏറ്റെടുത്ത് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ലഭ്യമായില്ലെന്ന് പരാതി. നഷ്ടപരിഹാരം ലഭിക്കാത്തതിനെ തുടർന്ന് 80 വയസ്സ് പിന്നിട്ട് ദമ്പതികൾ നടത്തുന്ന അനിശ്ചിത കാല സത്യഗ്രഹം ഇന്ന് 9ാം ദിവസത്തിലേക്ക് കടന്നു. വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ പൊഴുതന സേട്ടുകുന്നിലെ മൈലാക്കൽ ജോസഫും(86), ഭാര്യ ഏലിക്കുട്ടിയും (80) ആണ് കഴിഞ്ഞ തിങ്കളാഴ്ച മുതൽ വൈത്തിരി താലൂക്ക് ഓഫീസിന് മുന്നിൽ സത്യഗ്രഹമിരിക്കുന്നത്. വിവിധ കർഷക സംഘടനകളും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. താലൂക്ക് ഓഫീസ് പടിക്കൽ വൃദ്ധ കർഷക ദമ്പതികളുടെ സമരം ഒരാഴ്ച പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ ജില്ലാ ഭരണകൂടം നിസംഗത തുടരുകയാണ്.
1976 മുതൽ ജോസഫിന്റെ കൈവശമുള്ള ഭൂമിയാണ് 1981ൽ ബാണാസുരസാഗർ പദ്ധതിക്കായി ഉപയോഗപ്പെടുത്തിയത്. തരിയോട് നോർത്ത് വില്ലേജിൽ 1981ൽ മറ്റു 10 പേരുടെ ഭൂമിയും പദ്ധതിക്കായി ഉപയോഗപ്പെടുത്തിയതിൽ ഉൾപ്പെടും. ഇതിൽ ജോസഫും അവകാശികളില്ലാതെ മരിച്ച മറ്റൊരാളും ഒഴികെയുള്ളവർക്കു ഭൂവിലയും നഷ്ടപരിഹാരവും ലഭിച്ചു. കൈവശമുണ്ടായിരുന്നതു നിക്ഷിപ്ത വനഭൂമിയുടെ ഭാഗമാണെന്ന വാദം ഉന്നയിച്ചാണ് ജോസഫിനു ഭൂവിലയും നഷ്ടപരിഹാരവും നിഷേധിച്ചത്. ബന്ധു മുഖേന കൈവശമെത്തിയ ഭൂമിക്കു പട്ടയം നേടുന്നതിനു ജോസഫ് കൽപ്പറ്റ ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചിരുന്നില്ല.
വനം വകുപ്പിന്റെ തടസവാദമാണ് ഇതിനും കാരണമായത്. സർക്കാർ ഏറ്റെടുത്ത ജോസഫിന്റെ അഞ്ചേക്കർ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന് റിപ്പോർട്ട് നൽകിയത് അന്ന് വനം വകുപ്പായിരുന്നു. ഇങ്ങനെ റിപ്പോർട്ട് നൽകാൻ വനം വകുപ്പിനെ പ്രേരിപ്പിച്ചതിന് പിന്നിൽ വർഷങ്ങൾക്ക് മുമ്പ് വനഭൂമിയിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ മരം മുറിച്ച് കടത്തിയത് ജോസഫ് ചോദ്യം ചെയ്യുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംഘട്ടനത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് പതിറ്റാണ്ടുകളായി ജോസഫ് കൈവശം വെച്ചിരുന്നതും കൃഷി ചെയ്തിരുന്നതുമായ ഭൂമി നിക്ഷിപ്ത വനഭൂമിയാണെന്ന തരത്തിൽ വനം വകുപ്പ് റിപ്പോർട്ട് നൽകിയത്.
ഇതോടെ ജോസഫിന് മാത്രം നഷ്ടപരിഹാരം ലഭിക്കാതിരിക്കുകയായിരുന്നു. എന്നാൽ ജോസഫിന്റെ അപേക്ഷയിൽ ഭൂമിയിൽ വനംറവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തി നഷ്ടപരിഹാരം നൽകേണ്ടവരുടെ പേരുവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്റെ പശ്ചാത്തലത്തിൽ സംയുക്ത പരിശോധന നടത്തുകയും ഭൂമി നിക്ഷിപ്ത വനഭൂമിയുടെ ഭാഗമല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. നഷ്ടപരിഹാരം നൽകാനുള്ളവരുടെ പട്ടികയിൽ ജോസഫിന്റെ പേരും ഉൾപ്പെടുത്തിയാണ് സംയുക്ത പരിശോധന നടത്തിയ സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് ജില്ല കളക്ടറടക്കമുള്ളവരോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ കോടതി നിർദ്ദേശവും വനംവകുപ്പും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് അട്ടിമറിച്ചു. ഇനി വീണ്ടും കോടതിയിൽ പോകാനോ അനുകൂല വിധി സമ്പാദിക്കാനോ ഉള്ള പ്രായവും സാമ്പത്തിക ശേഷിയും തനിക്കില്ലെന്ന് ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു.
റവന്യൂ വനം ഉദ്യോഗസ്ഥരാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്. എല്ലാ ദിവസവും അവർ ഇതുവഴി പോകുന്നുണ്ട്. സമരം തുടങ്ങി ഇതുവരെയും ഒരാൾ പോലും ചർച്ചക്കോ പ്രശ്ന പരിഹാരത്തിനോ തയ്യാറായില്ലെന്നും ജോസഫ് പറഞ്ഞു. വയനാട്ടിലെ വിവിധ കർഷക സംഘടനകളും ജോസഫിന്റെയും കുടുംബത്തിന്റെ സമരത്തിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. വയനാട് സംരക്ഷണ സമിതി, കാർഷിക പുരോഗമന സമിതി, ഫാർമേഴ്സ് റിലീഫ് ഫോറം, കർഷക സംരക്ഷണ സമിതി, കർഷക പ്രതിരോധ സമിതി, ഓൾ ഇന്ത്യാ ഫാർമേഴ്സ് അസോസിയേഷൻ, വയനാട് പൈതൃക സംരക്ഷണ കൂട്ടായ്മ, ക്രിസ്ത്യൻ കൾച്ചറൽ ഫോറം, കേരള ആദിവാസി ഫോറം എന്നീ സംഘടനകൾ വൃദ്ധദമ്പതികളുടെ സമരത്തിനു ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സത്യഗ്രഹത്തെ അധികൃതർ അവഗണിക്കുന്ന സാഹചര്യത്തിൽ കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുകയും സമരത്തിനുള്ള പിന്തുണ ശക്തമാക്കുകയും ചെയ്യുമെന്ന് കർഷക സംഘടന പ്രതിനിധികൾ പറഞ്ഞു. നേരത്തെ അഞ്ചേക്കർ ഭൂമിയുണ്ടായിരുന്ന വിമുക്ത ഭടൻ കൂടിയാണ് ജോസഫ്. ഇപ്പോൾ ഒരു കുന്നിനുമുകളിൽ മകനോടൊപ്പം ഒരു ചെറിയ കുടിലിലാണ് താമസം. കൃഷി ചെയ്യാൻ ഭൂമിയോ അടച്ചുറപ്പുള്ള വീടോ ഇന്ന് ജോസഫിനില്ല. ഉണ്ടായിരുന്ന കൃഷിയിടവും വീടുമെല്ലാം വികസനത്തിന് വേണ്ടി സർക്കാറിന് വിട്ടുനൽകി തെരുവിൽ നീതിക്ക് വേണ്ടി സമരമിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികൾ ഇന്ന്.
മറുനാടന് മലയാളി ബ്യൂറോ