ഹൈദരാബാദ്: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബന്ധാരു ദത്താത്രയയുടെ മകൻ ബന്ധാരു വൈഷ്ണവ്(21) ഹൃദയാഘാതം മൂലം മരിച്ചു. മൂന്നാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ വൈഷ്ണവ് ഹൈദരാബാദിലെ രാമനഗറിലുള്ള വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പം അത്താഴം കഴിക്കുന്നതിനിടെ ഇന്നലെ രാത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും രാത്രി 12.30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

കുടുംബാംഗങ്ങൾക്കൊപ്പം രാംനഗറിലെ വീട്ടിൽ ഇന്നലെ രാത്രി അത്താഴം കഴിക്കുന്നതിനിടെയാണ് അപ്രതീക്ഷിത ദുരന്തം അദ്ദേഹത്തെ തേടിയെത്തിയത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ കുഴഞ്ഞു വീണ വൈഷ്ണവിനെ മുഷീറാബാദിലെ നാമക്രം കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദ്രോഗി കൂടിയായ ബന്ധാരു ദത്താത്രയയെ ബുധനാഴ്ച പുലർച്ചെ മാത്രമാണ് മരണ വിവരം അറിയിച്ചത്.

സെക്കന്ദരാബാദ് ലോക്സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ദത്തത്രേയ. നഗരാതിർത്തിയിലുള്ള മെഡിസിറ്റി മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയായിരുന്നു. സെക്കന്ദരാബാദിലെ ബിജെ.പിയുടെ സജീവ പ്രവർത്തകനുമായിരുന്നു. അമിത വണ്ണം കുറയ്ക്കുന്നതിനായി കടുത്ത ആഹാരക്രമം പാലിച്ചുവന്നിരുന്നുവെന്നാണ് ദത്തത്രേയയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചനയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ഇത് മരണകാരണമാണെന്ന് കരുതാനാവില്ലെങ്കിലും വൈഷ്ണവിന് മറ്റ് ആരോഗ്യപ്രശ്നങ്ങളോട് ദുഃശീലങ്ങളോ ഇല്ലെന്നും വീട്ടുകാർ പറയുന്നു.

വൈഷ്ണവിന് ആദരാഞ്ജലി അർപ്പിക്കാൻ നിരവധി ബിജെപി പ്രവർത്തകർ ആശുപത്രിയിൽ എത്തി. ബിജെപി തെലങ്കാന അധ്യക്ഷൻ കെ.ലക്ഷ്മൺ, നിയമസഭാ കക്ഷിനേതാവ് ജി.കിഷൻ റെഡ്ഡി, തെലങ്കാന ജന സമിതി പ്രസിഡന്റ് തുടങ്ങി നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു തുടങ്ങിയവർ വൈഷ്ണവിന്റെ വിയോഗത്തിൽ കുടുംബത്തെ അനുശോചനം അറിയിച്ചു. വിജയലക്ഷ്മിയാണ് ദത്തത്രേയയുടെ മറ്റൊരു മകൾ.