മുഹമ്മ: ഈ യുവാക്കളുടെ സ്വപനം യാഥാർത്ഥ്യമായാൽ വേമ്പനാട്ട് കായലിന് ഇനി പൂക്കളുടെ സൗരഭ്യമുണ്ടാകും.കഞ്ഞിക്കുഴിയിലെ സൂര്യകാന്തിക്കൃഷിയിലൂടെ ശ്രദ്ധേയനായ സുജിന്റെ നേൃത്വത്തിലുള്ള സംഘം ഈ വേറിട്ട കൃഷിരീതി പരീക്ഷിക്കാൻ ഒരുങ്ങുമ്പോൾ വിജയം തന്നെയാണ് സംഘാംഗങ്ങൾ പ്രതീക്ഷിക്കുന്നതും.വിവിധ പൂച്ചെടികളും പച്ചക്കറിത്തൈകളും നട്ടുപിടിപ്പിക്കാനാവുന്ന വിധത്തിൽ കായലിൽ പുതിയ കൃഷി ഒരുക്കുകയാണ് സുജിത്ത്.

4 വർഷം മുൻപ് ബംഗ്ലാദേശിൽ നടത്തിയ സമാന കൃഷിരീതിയാണ് ഫ്‌ളോട്ടിങ് അഗ്രികൾചറിലേക്ക് ഇവരെ ആകർഷിച്ചത്.കൃഷിയിൽ എന്നും പുതുമ തേടുന്ന സുജിത്ത് അങ്ങിനെയാണ് ഇത്തരമൊരു പരീക്ഷണത്തിന് മുതിരുന്നത്. മുളകൊണ്ട് ഉണ്ടാക്കിയ ഫ്രെയിമിൽ പായൽ നിരത്തി അതുകൊണ്ട് ഉണ്ടാക്കിയ തട്ടിൽ പൂച്ചെടികളും പച്ചക്കറികളും നടാനാണ് ശ്രമം. അതിനുള്ള ഫ്‌ളോട്ടിങ് ബെഡ് രൂപപ്പെടുത്തി. ഒരുതവണ തയാറാക്കിയ ബെഡിൽ 6 തവണവരെ കൃഷി ചെയ്യാമെന്നും ബാക്കിവരുന്ന അവശിഷ്ടം പച്ചക്കറികൾക്കും മറ്റും ജൈവവളമാക്കാമെന്നും സുജിത് പറയുന്നു.

തണ്ണീർമുക്കം സ്‌കൂൾകവല സ്വദേശി അനുരൂപിന്റെ സഹായത്തോടെയാണ് ശ്രമം. വേമ്പനാട്ടു കായലിൽ കണ്ണങ്കര ഭാഗത്താണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കൃഷി (ഫ്‌ളോട്ടിങ് അഗ്രികൾചർ) എന്ന നൂതന രീതി ഇവർ പരീക്ഷിക്കുക.കേരളത്തിലെ കായലുകളിലും മറ്റു ജലാശയങ്ങളിലും വളരുന്ന കളയാണ് കപ്പപ്പായൽ. വഞ്ചിവീടുകൾക്കും ജലവാഹനങ്ങൾക്കും മീൻപിടിത്ത വള്ളങ്ങൾക്കും ഈ കളയുണ്ടാക്കുന്ന ബുദ്ധിമുട്ടേറെ. ഈ കളയെ പുതിയ കൃഷിരീതിക്കായി ഉപകാരപ്രദമാക്കാനുള്ള ശ്രമത്തിലാണ് സംഘം.

കൃഷിയുടെ ഉദ്ഘാടനം ഇന്നു കണ്ണങ്കരയിൽ മന്ത്രി പി.പ്രസാദ് നിർവഹിക്കും.