ബംഗളൂരു: ട്വിറ്ററിൽ വരുന്ന പരാതികളിൽ പ്രതികരിക്കുന്ന വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം വന്ന പരാതി കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിക്കാണും. ബംഗളൂരു സ്വദേശി വെങ്കട്ടിന്റെ പരാതി ഫ്രിഡ്ജ് തകരാറുമായി ബന്ധപ്പെട്ടതായിരുന്നു.

കേടായ ഫ്രിഡ്ജാണ് സാംസങ്ങ് നൽകിയതെന്ന പരാതിയുമായാണ് ഈ യുവാവ് സുഷമയ്ക്കു ട്വീറ്റ് ചെയ്തത്. വിദേശകാര്യമന്ത്രിയോട് ട്വിറ്ററിലൂടെ സഹായം അഭ്യർത്ഥിച്ചതോടെയാണ് വിഷയം വാർത്തകളിൽ നിറയുകയും ചെയ്തു. ട്വിറ്ററിലൂടെ ഉന്നയിക്കപ്പെടുന്ന പരാതികളോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പോസിറ്റിവായി പ്രതികരിക്കുന്നതാണ് ഫ്രിഡ്ജിനെ കുറിച്ച് പരാതിപ്പെടാൻ വെങ്കട്ട് എന്ന യുവാവിനെ പ്രേരിപ്പിച്ചത്.

സുഷമയ്ക്ക് മാത്രമല്ല, ഭക്ഷ്യ മന്ത്രി രാം വിലാസ് പാസ്വാനും വിഷയമുന്നയിച്ച് വെങ്കട്ട് ട്വിറ്റ് ചെയ്തിട്ടുണ്ട്. എന്നാൽ യുവാവിന്റെ ട്വീറ്റിനോട് കൗതുകകരമായാണ് സുഷമ പ്രതികരിച്ചിരിക്കുന്നത്. 'റഫ്രിഡ്ജറേറ്ററിന്റെ പ്രശ്‌നത്തിൽ എനിക്ക് താങ്കളെ സഹായിക്കാനാകില്ല, കാരണം ഞാൻ മനുഷ്യരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്റെ തിരക്കിലാണെ'ന്നാണ് സുഷമ ട്വിറ്ററിൽ കുറിച്ചത്. ട്വീറ്റ് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു.