- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പിലെ തോൽവിയിൽ നിരാശ; താരങ്ങൾക്ക് ആവേശം പകരാൻ സഖ്ലെയ്ൻ മുഷ്താഖ് പരിശീലന ഗ്രൗണ്ടിൽ പാക് പതാക നാട്ടി; കട്ടക്കലിപ്പിൽ ബംഗ്ലാദേശ് ആരാധകർ; പാക്കിസ്ഥാൻ നാട്ടിലേക്ക് മടങ്ങണമെന്ന് ആവശ്യം

ധാക്ക: ട്വന്റി 20 ലോകകപ്പ് പോരാട്ടത്തിന് പിന്നാലെ ബംഗ്ലാദേശിൽ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പുതിയ വിവാദത്തിൽ. നവംബർ 19 ന് തുടങ്ങുന്ന ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനത്തിന് ഇറങ്ങിയ പാക്കിസ്ഥാൻ താരങ്ങൾക്ക് ആവേശവും ഊർജവും പകരുന്നതിനുവേണ്ടി പരിശീലനം നടത്തുന്ന ഗ്രൗണ്ടിൽ പാക് പതാക നാട്ടിയതാണ് വിവാദത്തിന് തിരികൊളുത്തിയത്.
ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിലേറ്റ തോൽവിയുടെ ആഘാതം മറന്ന് പുതിയ പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന താരങ്ങൾക്ക് ആവേശം പകരാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പരിശീലകൻ സഖ്ലെയ്ൻ മുഷ്താഖ് നടത്തിയ നീക്കമാണ് വിവാദത്തിന് ഇടയാക്കിയത്.
???????? pic.twitter.com/ksSxWKAIFF
- Pakistan Cricket (@TheRealPCB) November 16, 2021
പരിശീലനം നടത്തുന്ന ഗ്രൗണ്ടിൽ മുഷ്താഖ് പാക് പതാക നാട്ടി. ഈ പതാക കാണുന്നതോടെ താരങ്ങൾ സർവം മറന്ന് നാടിനുവേണ്ടി നന്നായി പരിശീലനം നടത്തുമെന്ന് മുഷ്താഖ് കണക്കുകൂട്ടി. പതാകയുടെ അകമ്പടിയോടെ പാക് താരങ്ങൾ പരിശീലനത്തിലേർപ്പെടുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്.
എന്നാൽ മുഷ്താഖിന്റെ ഈ തീരുമാനം ബംഗ്ലാദേശിൽ വലിയ ചർച്ചയായി. ബംഗ്ലാദേശ് ആരാധകർ രോഷംപൂണ്ടു. ബംഗ്ലാദേശിൽ വന്നിട്ട് പാക്കിസ്ഥാൻ കൊടി പാറിക്കാൻ താരങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു? ഇത്രയും മോശപ്പെട്ട കാര്യം ക്രിക്കറ്റിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല എന്ന് തുടങ്ങുന്ന പല കമന്റുകളുമായി ബംഗ്ലാദേശ് ആരാധകർ രംഗത്തെത്തി.
നിരവധി രാജ്യങ്ങൾ ബംഗ്ലാദേശിൽ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടുണ്ടെന്നും ഇത്തരത്തിൽ രാജ്യത്തെ ആരും അപമാനിച്ചിട്ടില്ലെന്നും ആരാധകർ പറയുന്നു. പാക്കിസ്ഥാൻ നാട്ടിലേക്ക് തിരിച്ചുപോകണമെന്നും കൊടി നാട്ടിയതിൽ ക്ഷമ ചോദിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം.
ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും കപ്പിൽ മുത്തമിടാൻ ബാബർ അസമിനും സംഘത്തിനും സാധിക്കാത്തതിന്റെ നിരാശ മാറ്റാനുള്ള സഖ്‌ലെയ്‌ന്റെ ശ്രമമാണ് ടീമിന് തിരിച്ചടിയായത്. ലോകകപ്പ് വേദിയായ യു.എ.ഇയിൽ നിന്നാണ് പാക് താരങ്ങൾ നേരിട്ട് ബംഗ്ലാദേശിലേക്ക് പറന്നെത്തിയത്. വൈകാതെ പരിശീലനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഉണ്ടായ വിവാദങ്ങളാണ് പാക്കിസ്ഥാൻ ടീമിനെ പിന്തുടരുന്നത്.
നവംബർ 19 നാണ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇരുടീമുകളും കൊമ്പുകോർക്കും.


