- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വ്യാപനം അതിരൂക്ഷം; ബംഗ്ലാദേശിൽ സമ്പൂർണ ലോക്ഡൗൺ; ഇന്ത്യയിൽ മഹാരാഷ്ട്ര അടക്കം പത്ത് സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് നിരക്ക് കുതിക്കുന്നു; ഹിമാചൽപ്രദേശിൽ വിദ്യാലയങ്ങൾ അടച്ചിടും
ന്യൂഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ബംഗ്ലാദേശിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ലോക്ഡൗൺ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കി. ഏഴുദിവസം സമ്പൂർണ അടച്ചിടലാണ് സർക്കാർ പ്രഖ്യാപിച്ചത്. അടിയന്തര സർവീസുകൾക്ക് മാത്രമാണ് ലോക്ഡൗണിൽ ഇളവ് നൽകിയിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു.
ഇന്ത്യയിലും കോവിഡ് വ്യാപനം അതിരൂക്ഷമാകുകയാണ്. ഇന്നലെ 89,129 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 20 ന് ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്റ്റംബർ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 714 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാങ്ങളിലെ കോവിഡ് വ്യാപനം ഗുരുതരമായ ആശങ്ക ഉയർത്തുന്നതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ 90 ശതമാനം കോവിഡ് രോഗികളും ഈ സംസ്ഥാനങ്ങളിൽ നിന്നോ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നോ ആണ് റിപ്പോർട്ട് ചെയ്തതെന്ന് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 47,827 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം ആരംഭിച്ചത് മുതലുള്ള ഏറ്റവും ഉയർന്ന എണ്ണമാണിത്. സംസ്ഥാന തലസ്ഥാനമായ മുംബൈയിൽ മാത്രം 8,648 പേർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചു. നിലവിലെ സ്ഥിതിഗതികൾ തുടരുകയാണെങ്കിൽ സമ്പൂർണ ലോക്ഡൗണിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.
രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ 4991 ഉം, ഛത്തീസ്ഗഡിൽ 4174 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് രൂക്ഷമാകുന്നത് പരിഗണിച്ച് ഹിമാചൽപ്രദേശ് സർക്കാർ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഏപ്രിൽ 15 വരെ അടച്ചിടാൻ തീരുമാനിച്ചു.
ന്യൂസ് ഡെസ്ക്