ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലും കോവിഡ് ബാധ സ്ഥിരീകരിച്ചു. ബാറ്റ്സ്മാൻ സെയ് ഫ് ഹസ്സൻ, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് നിക് ലീ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് ഇവർക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഇരുവരോടും ഐസൊലേഷനിൽ പ്രവേശിക്കാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ബംഗ്ലാദേശിന്റെ ശ്രീലങ്കൻ പര്യടനം. മൂന്നു ടെസ്റ്റുകളാണ് ബംഗ്ലാദേശ് ശ്രീലങ്കയിൽ കളിക്കുക.

17 താരങ്ങൾക്കും ഏഴു കോച്ചിങ് സ്റ്റാഫിനുമാണ് കോവിഡ് പരിശോധന നടത്തിയത്. രണ്ടു പേർ പോസിറ്റീവ് ആയതോടെ ടീമിന്റെ പരിശീലനം നീട്ടിവെച്ചു. ഈ മാസം 21-നാകും പരിശീലനം പുനരാരംഭിക്കുക. അതുവരെ എല്ലാവരും ക്വാറന്റീനിൽ കഴിയേണ്ടിവരും. നേരത്തെ ഓഗസ്റ്റ് 14-ന് ദുബായിയിൽ നടന്ന പരിശോധനയിൽ കോവിഡ് പോസ്റ്റീവായ വ്യക്തിയാണ് നിക് ലീ. 10 ദിവസത്തെ ഐസൊലേഷന് ശേഷം ഓഗസ്റ്റ് 23-ന് വീണ്ടും പരിശോധന നടത്തുകയും നെഗറ്റീവ് ആയതിനെ തുടർന്ന് ലീ ധാക്കയിലെത്തുകയുമായിരുന്നു. ധാക്കയിലെത്തി 14 ദിവസം ക്വാറന്റീനിൽ കഴിയുകയും ചെയ്തു. അതിനുശേഷം നടത്തിയ പരിശോധനയിൽ വീണ്ടും പോസിറ്റീവ് ആകുകയായിരുന്നു.