ദിവസങ്ങൾക്ക് മുമ്പ് വിദേശിയായ തൊഴിലാളി ഡിഫ്തീരിയ ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടികളുമായി രംഗത്ത്. 25 വർഷങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ആദ്യ ഡിഫ്തീരിയ കേസാണിതെന്ന് ആരോഗ്യവിഭാഗം പറയുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ബംഗ്ലാദേശ് സ്വദേശിയാണ് അണുബാധയേറ്റ് മരിച്ചത്, ഇയാൾക്ക് 21 വയസായിരുന്നു പ്രായം.

തൊഴിലാളിയുടെ മരണത്തോടെ കൂടെ ജോലി ചെയ്തിരുന്ന 48 ഓളം തൊഴിലാളികളെയും ആരോഗ്യവിഭാഗം പരിശോധനനടത്തി. മരിച്ച ബംഗ്ലാദേശ് സ്വദേശി രാജ്യത്തിന് പുറത്ത് അടുത്ത സമയത്തൊന്നും യാത്ര ചെയ്തിട്ടില്ലെന്നും അസുഖം ബാധിച്ചത് രാജ്യത്തിനുള്ളിൽ നിന്ന് തന്നെയായിരിക്കാമെന്നുമാണ് കരുതുന്നത്. അതുകൊണ്ട് തന്നെ അസുഖം പടർന്ന ഉറവിടം കണ്ടെത്താനുള്ള ശ്രമവും ഊർജ്ജിതമാക്കി.

ജൂലൈ 30 നാണ് മരിച്ച ബംഗ്ലാദേശ് സ്വദേശി പനിയും കഴുത്ത് വീക്കവുമായി ആശുപത്രി യിലെത്തിയത്. തുടർന്ന് അഞ്ച് ദിവസത്തിനുള്ളിൽ മരണപ്പെടുകയായിരുന്നു. ഡിഫ്തിരിയ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പ്രത്യേക വാക്‌സിനേഷനുകൾ നിർബന്ധമായി എടുക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.