യുഎസിന്റെ നേതൃത്വത്തിലുള്ള ക്വാഡ് സഖ്യത്തിൽ ബംഗ്ലാദേശ് ചേരരുതെന്ന് ചൈന; ഉഭയകക്ഷി ബന്ധത്തിൽ വലിയ തകരാർ സംഭവിക്കുമെന്നും മുന്നറിയിപ്പ്; വിദേശ നയം സ്വയം തീരുമാനിക്കുമെന്ന് ബംഗ്ലാദേശ്; ഏതു രാജ്യത്തിനും അവരുടെ കാര്യം പറയാനുള്ള അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രി
- Share
- Tweet
- Telegram
- LinkedIniiiii
ധാക്ക: അമേരിക്ക നേതൃത്വം നൽകുന്ന ക്വാഡ് സഖ്യത്തിൽ ബംഗ്ലാദേശ് ചേരുന്നതിനെതിരെ മുന്നറിയിപ്പുമായി ചൈന. ഉഭയകക്ഷി ബന്ധത്തിൽ വലിയ തകരാർ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ബംഗ്ലാദേശിലേക്കുള്ള ചൈനീസ് അംബാസഡർ ലി ജിമിങ് നൽകിയത്.
2007ൽ രൂപീകരിച്ച ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരിൽ അറിയപ്പെടുന്ന സഖ്യം. ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങൾ. തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരാണിവർ എന്നാണ് ചൈനയുടെ ആക്ഷേപം.
ചൈനയുടെ വിവാദ മുന്നറിയിപ്പിനെതിരെ ശക്തമായ നിലപാടുമായി ബംഗ്ലാദേശ് രംഗത്തെത്തി. ചേരിചേരാ നയവും തുല്യ വിദേശനയവുമാണ് പിന്തുടരുന്നതെന്നും ഈ നയങ്ങൾക്ക് അനുസരിച്ച് രാജ്യം തീരുമാനങ്ങളെടുക്കുമെന്നും വിദേശകാര്യ മന്ത്രി ഡോ. എ.കെ.അബ്ദുൽ മോമെൻ പറഞ്ഞു.
'ഞങ്ങൾ പരമാധികാരമുള്ള സ്വതന്ത്ര രാജ്യമാണ്. ഞങ്ങളുടെ വിദേശനയം ഞങ്ങൾ തീരുമാനിക്കും. ഏതു രാജ്യത്തിനും അവരുടെ കാര്യം പറയാനുള്ള അവകാശമുണ്ട്' മോമെൻ കൂട്ടിച്ചേർത്തു. ക്വാഡ് സഖ്യത്തിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ഒരു രാജ്യവും ബംഗ്ലാദേശിനെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബംഗ്ലാദേശിലെ ഡിപ്ലോമാറ്റിക് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച വെർച്വൽ യോഗത്തിലാണ് ലീയുടെ പ്രസ്താവന. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീന ശക്തിയെ നേരിടാനാണ് യുഎസിന്റെ നേതൃത്വത്തിൽ ക്വാഡ് സഖ്യം രൂപീകരിച്ചത്.
ആഴ്ചകൾക്കുമുൻപ് ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുൽ ഹാമിദും ചൈനീസ് പ്രതിരോധമന്ത്രി ജനറൽ വെയ് ഫെങ്ഗിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും ചേർന്ന് ദക്ഷിണേഷ്യയിൽ ഒരു 'സൈനിക സഖ്യം' രൂപീകരിക്കണമെന്നും മേഖലയിൽ 'ആധിപത്യം' സ്ഥാപിക്കണമെന്നും വെയ് ഫെങ്ഗി ഊന്നിപ്പറഞ്ഞു.
ഏഷ്യൻ വൻകരയുടെ കാര്യമെടുത്താൽ സമുദ്രതലത്തിൽ ഇന്ത്യയ്ക്ക് ഇപ്പോൾത്തന്നെ മേൽക്കൈയുണ്ട്. പഴയ ലോകമഹാശക്തിയാണെങ്കിലും റഷ്യയുടെ സാമുദ്രികസാന്നിധ്യം വളരെ പരിമിതമാണ്. ഇന്ത്യാ സമുദ്രത്തിൽ ഒരു നാവികവ്യൂഹം പോലും ഇന്നു റഷ്യയ്ക്കില്ല.
ചൈനയുടെ നാവികശക്തിയും ഇപ്പോഴും വളർന്നിട്ടില്ല. നിലവിൽ ഇന്ത്യാ സമുദ്രത്തിലെ ഏറ്റവും വലിയ ശക്തിയാണ് ഇന്ത്യ. ഈ പശ്ചാത്തലത്തിൽ ചൈനയുടെ വളർച്ചയിൽ അസ്വസ്ഥരായ മറ്റു സമുദ്രശക്തികളുമായുള്ള സഖ്യമാണ് ഇന്ത്യയ്ക്കു കൂടുതൽ ഉതകുന്നത് ഇന്ത്യയുടെ സുരക്ഷാ തന്ത്രജ്ഞർക്കിടയിൽ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന അഭിപ്രായമാണിത്.
ഏഷ്യാ പസിഫിക്കിലെ 'ക്വാഡ്' എന്ന നാൽവർ കൂട്ടായ്മയുടെ (യുഎസ്, ഇന്ത്യ, ജപ്പാൻ, ഓസ്‌ട്രേലിയ) ഉദ്ദേശ്യം ഇതുതന്നെയാണ്. ഈ ശക്തിയെയാണ് ചൈന ഭയപ്പെടുന്നത്.
ന്യൂസ് ഡെസ്ക്