മുംബൈ: ബൗളർമാർ ആദ്യമായി മികവിലേക്കെത്തിയ മത്സരത്തിൽ ബാംഗ്ലൂരിനെ വിറപ്പിച്ച് കൊൽക്കത്ത കീഴടങ്ങി.മൂന്നു വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ച് ബാംഗ്ലൂർ സീസണിലെ ആദ്യ ജയം സ്വന്തമാക്കി. മുംബൈയിലെ ഡി.വൈ.പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം അവസാന ഓവറിലാണ് ബാംഗ്ലൂർ എത്തിപ്പിടിച്ചത്. 19.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ബാംഗ്ലൂർ 132 റൺസെടുത്തത്.

അവസാന ഓവറിൽ വിജയത്തിലേക്ക് ഏഴു റൺസ് വേണ്ടപ്പോൾ, ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ഫോറുമായി ദിനേഷ് കാർത്തിക്ക് (7 പന്തിൽ 14) ആർസിബി ജയം അനായാസമാക്കി. 19ാം ഓവറിൽ ഹർഷൽ പട്ടേൽ (6 പന്തിൽ 10) രണ്ടു ഫോർ അടിച്ചു. 40 പന്തിൽ 28 റൺസുമായി ക്ഷമയോടെ ബാറ്റുവീശിയ വിൻഡീസ് താരം ഷെർഫെയ്ൻ റുഥർഫോർഡ്, 20 പന്തിൽ മൂന്നു സിക്‌സർ സഹിതം 27 റൺസെടുത്ത ഷഹബാസ് അഹമ്മദ്, ഡേവിഡ് വില്ലി (28 പന്തിൽ 18) എന്നിവരുടെ പ്രകടനവും ബാംഗ്ലൂർ വിജയത്തിൽ നിർണായകമായി.

ഇന്നിങ്‌സിന്റെ ആദ്യ ഓവറിൽ തന്നെ ബാംഗ്ലൂരിന് ഓപ്പണർ അനൂജ് റാവത്തിനെ (പൂജ്യം) നഷ്ടമായി. ചെന്നൈയ്ക്കെതിരായ ആദ്യ മത്സരത്തിൽ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഉമേഷ് യാദവ് തന്നെയാണ് ആർസിബിയെ ഞെട്ടിച്ചത്. ആദ്യ ഓവറിന്റെ മുന്നാം പന്തിൽ അനൂജിനെ കീപ്പർ ഷെൽഡൺ ജാക്‌സന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. തൊട്ടടുത്ത ഓവറിൽ തന്നെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയെയും (4 പന്തിൽ 5) ബാംഗ്ലൂരിനു നഷ്ടമായി. ടിം സൗത്തിയാണ് വിക്കറ്റ് വീഴ്‌ത്തിയത്. മൂന്നാം ഓവറിൽ വിരാട് കോലിയും (7 പന്തിൽ 12) വീണതോടെ ബാംഗ്ലൂർ പരുങ്ങലിലായി.

നാലാം വിക്കറ്റിൽ വില്ലിയും റുഥർഫോർഡും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. 11ാം ഓവറിൽ സുനിൽ നരെയ്ൻ ആണ് വില്ലിയെ പുറത്താക്കിയത്. വാനിന്ദു ഹസരംഗ 3 പന്തിൽ 4 റൺസെടുത്തു. കൊൽക്കത്തയ്ക്കായി ടിം സൗത്തി മൂന്നും ഉമേഷ് യാദവ് രണ്ടും സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്‌സിനെതിരെ കൂറ്റൻ സ്‌കോർ നേടിയിട്ടും അതു പ്രതിരോധിക്കാനാകാതെ പോയതിന്റെ നിരാശ, ബ്ലാംഗ്ലൂർ ബോളിങ് പട ഇന്ന് തീർത്തു. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 18.5 ഓവറിൽ 128 റൺസിനു ചുരുട്ടിക്കെട്ടിയാണ് ആർസിബി ബോളർമാർ 'പ്രതികാരം' ചെയ്തത്. നാല് വിക്കറ്റ് വീഴ്‌ത്തിയ ലങ്കൻ സ്പിന്നർ വാനിന്ദു ഹസരംഗയാണ് കൊൽക്കത്ത ഇന്നിങ്‌സിന്റെ നടുവൊടിച്ചത്. നാല് ഓവറിൽ 20 റൺസ് മാത്രമാണ് ഹസരംഗ വിട്ടുകൊടുത്തത്.

ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഓവറിന്റെ ആദ്യ പന്തിൽ ഓപ്പണർ വെങ്കടേഷ് അയ്യരിനെ (14 പന്തിൽ 10) പുറത്താക്കി ആകാശ് ദീപാണ് കൊൽക്കത്തയ്ക്ക് ആദ്യ പ്രഹരമേൽപ്പിച്ചത്. കൊൽക്കത്ത സ്‌കോർ ബോർഡിൽ അപ്പോൾ വെറും 14 റൺസ് മാത്രം. അടുത്ത രണ്ടു ഓവറുകളിലും തുടരെ വിക്കറ്റ് വീണതോടെ കൊൽക്കത്ത പതറി. അജിൻക്യ രഹാനെ (10 പന്തിൽ 9), നിതീഷ് റാണ (5 പന്തിൽ 10) എന്നിവരെയാണ് പവർ പ്ലേ ഓവറുകളിൽ തന്നെ കൊൽക്കത്തയ്ക്ക് നഷ്ടമായത്.

ഫോമിലുള്ള ക്യാപ്റ്റൻ ശ്രേയസ് അയ്യരിനും കാര്യമായ സംഭാവന നൽകാനായില്ല. 10 പന്തിൽ രണ്ടു ഫോറടക്കം 13 റൺസെടുത്ത അയ്യരിനെ ഹസരംഗ, ഡുപ്ലേസിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. പിന്നീട് തുടർച്ചയായ ഇടവേളകളിൽ കൊൽക്കത്തയുടെ വിക്കറ്റ് വീണു. 18 പന്തിൽ മൂന്നു സിക്‌സർ സഹിതം 25 റൺസെടുത്ത ആന്ദ്രെ റസ്സലാണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ. 14 ഓവറിൽ ഹർഷൽ പട്ടേലാണ് റസ്സലിനെ വീഴ്‌ത്തിയത്.

പത്താമനായി ഇറങ്ങി ഉമേഷ് യാദവ് ഒരു സിക്‌സും രണ്ടു ഫോറും ഉൾപ്പെടെ 12 പന്തിൽനിന്ന് 18 റൺസെടുത്തു. സുനിൽ നരെയ്ൻ (8 പന്തിൽ 12), സാം ബില്ലിങ്‌സ് (15 പന്തിൽ 14), ഷെൽഡൺ ജാക്‌സൻ (പൂജ്യം), ടിം സൗത്തി (5 പന്തിൽ 1) വരുൺ ചക്രവർത്തി (16 പന്തിൽസ10) എന്നിങ്ങനെയാണ് മറ്റു കൊൽക്കത്ത ബാറ്റർമാരുടെ സ്‌കോറുൾ. ബാംഗ്ലൂരിനായി ആകാശ് ദീപ് മൂന്നു വിക്കറ്റും ഹർഷൽ പട്ടേൽ രണ്ടും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്‌ത്തി.