ന്യൂഡൽഹി: ഐപിഎൽ പതിനാലാം സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ശ്രീലങ്കൻ സ്പിന്നർ വാനിഡു ഹസരംഗയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുന്നത്. ഇന്ത്യക്കെതിരായ 4-9 എന്ന ഫിഗറാണ് വാനിഡുവിനെ ഐപിഎല്ലിലേക്ക് എത്തിച്ചത് എന്ന വിലയിരുത്തൽ ശക്തമാണ്. അതിനെ കുറിച്ച് പ്രതികരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലകൻ.

കഴിഞ്ഞ രണ്ട് വർഷമായി നമുക്കൊരു സ്‌കൗട്ടിങ് പ്രോഗ്രാം ഉണ്ട്. അതിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തും താരതമ്യേന ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്ന ഒട്ടുമിക്ക താരങ്ങളേയും ഞങ്ങൾക്ക് അറിയാനാവുന്നു. വാനിഡു ഏറെ നാളായി ഞങ്ങളുടെ റഡാറിലുണ്ട്. കഴിഞ്ഞ വർഷം ഐപിഎല്ലിൽ ഞങ്ങൾക്ക് പകരം താരത്തെ വേണ്ടിവന്നിരുന്നു. ഞങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിധമുള്ള താരമാണ് ഹസരംഗ, മൈക്ക് ഹെസൻ പറഞ്ഞു.

അടുത്തിടെ ഹസരംഗ മികവ് കാണിച്ചത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. ഏറെ നാളായി മികവ് കണ്ടെത്താൻ ഹസരംഗയ്ക്ക് സാധിക്കുന്നുണ്ട്. വാലറ്റത്ത് ബാറ്റിങ്ങിലും ഹസരംഗയെ ആശ്രയിക്കാനാവും. ചഹലിനൊപ്പം ഓവർസീസ് സ്പിന്നർ ഇറക്കേണ്ട അവസരത്തിലും ഹസരംഗയെ ഉപയോഗിക്കാം. ഇങ്ങനെ ഹസരംഗയെ ടീമിൽ ഉൾപ്പെടുത്തുന്നതിലൂടെ കൂടുതൽ ഓപ്ഷനുകൾ തെളിയുന്നുണ്ട്.

ഇന്ത്യക്കെതിരെ അടുത്തിടെ ഹസരംഗയിൽ നിന്ന് വന്ന പ്രകടനം മികച്ചതാണ്. എന്നാൽ അത് ഞങ്ങൾക്ക് സർപ്രൈസ് ആയിരുന്നില്ല. മൈക്ക് ഹെസൻ പറഞ്ഞു. 20 ടി20 ഇന്നിങ്സ് മാത്രമാണ് ഹസരംഗ ഇതുവരെ കളിച്ചത്. അതിലൂടെ ഐസിസി റാങ്കിങ്ങിൽ രണ്ടാം റാങ്കിങ്ങിലേക്ക് എത്താൻ ലങ്കൻ സ്പിന്നർക്ക് കഴിഞ്ഞു.