ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ കോവിഡ് രോഗികൾക്കായി 100 കിടക്കകളുള്ള പ്രത്യേക ഐസിയു ഒരുക്കാൻ ഫെഡറൽ ബാങ്കിന്റെ 3.55 കോടി രൂപയുടെ സഹായം. ആശുപത്രി കാമ്പസിൽ ഒരുക്കുന്ന ഈ പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ വെന്റിലേറ്ററും മറ്റ് ആധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ 100 കിടക്കകളാണ് ഒരുക്കുന്നത്. ദേശീയ ആരോഗ്യ മിഷനുമായി ചേർന്നാണ് ഫെഡറൽ ബാങ്ക് ഈ കേന്ദ്രം സജ്ജമാക്കുന്നത്. ജില്ലയിൽ കോവിഡ് കേസുകൾ വൻതോതിൽ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത് ഉടൻ പ്രവർത്തനസജ്ജമാക്കും.

ഫെഡറൽ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്ക് മേൽനോട്ടം നൽകുന്ന ഫെഡറൽ ബാങ്ക് ഹോർമിസ് മെമോറിയൽ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി. കോവിഡ് രണ്ടാം തരംഗം നേരിടുന്നതിനു വിവിധ സഹായങ്ങളും സൗകര്യങ്ങളും ഫെഡറൽ ബാങ്ക് കേരളത്തിലും രാജ്യത്ത് മറ്റിടങ്ങളിലും നടപ്പിലാക്കിവരുന്നുണ്ട്. 10,000 വാക്‌സിൻ കാരിയർ യൂണിറ്റുകൾ കേരള സർക്കാരിനു വേണ്ടി ബാങ്ക് നൽകുന്നുണ്ട്. ഇതിനു പുറമെ മലപ്പുറം ജില്ലയിൽ മുതിർന്ന പൗരന്മാർക്കായി മൂന്ന് മൊബൈൽ വാക്‌സിനേഷൻ യൂണിറ്റുകൾക്കുള്ള സഹായവും ഫെഡറൽ ബാങ്ക് നൽകിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അഞ്ച് ജില്ലകളിൽ പ്രമുഖ ആശുപത്രിയുമായി ചേർന്ന് വൻ വാക്‌സിനേഷൻ പദ്ധതിയും നടപ്പാക്കുന്നുണ്ട്