തിരുവനന്തപുരം: രാജ്യത്തെ ബാങ്കുകളിലെ പ്രവൃത്തി ദിനങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ മാത്രമാക്കിയേക്കും. ബാങ്ക് ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള സേവന - വേതന കരാർ നിലവിൽ വരേണ്ട നവംബർ ഒന്നുമുതൽ സമയ മാറ്റവും നടപ്പായേക്കും.

ഇതോടെ ബാങ്കുകളുടെ പ്രവൃത്തി സമയം രാവിലെ 10 മുതൽ വൈകിട്ട് 5വരെ എന്നത് മാറി രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാകും. ഇപ്പോൾ തന്നെ രണ്ടും നാലും ശനിയാഴ്ചകൾ ബാങ്ക് അവധിയാണ്. മറ്റ് ശനിയാഴ്ചകളിൽ രണ്ടുമണി വരെയാണെങ്കിലും ഓഫീസർമാർ വൈകിട്ട് വരെ ജോലി ചെയ്യണം. ജീവനക്കാരുടേയും ഓഫീസർമാരുടേയും ഈ ആവശ്യം ബാങ്ക് മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്കേഴ്‌സ് അസോസിയേഷൻ അംഗീകരിക്കാനാണ് സാദ്ധ്യത.

നടത്തിപ്പ് ചെലവ് കുറയുമെന്നതിനാൽ അഞ്ചു ദിവസമാക്കുന്നതിനോട് ബാങ്ക് മാനേജ്‌മെന്റുകൾക്കും യോജിപ്പാണ്. എ.ടി.എം, ഓൺലൈൻ ബാങ്കിങ്, ബാങ്കിങ് ആപ്പുകൾ എന്നിവയുടെ പ്രചാരം മൂലം പ്രവൃത്തി ദിവസങ്ങൾ കുറയ്ക്കുന്നത് ബാങ്കിംഗിനെ പ്രതികൂലമായി ബാധിക്കാതെ നോക്കും.