ദുബായ്: നിങ്ങൾ യുഎഇയിലെ ബാങ്കുകളിൽ നിന്നും ലോണെടുത്തിട്ട് പണം തിരികെയടക്കാൻ കഴിയാതെ വിഷമിച്ചിരിക്കുന്നവരാണോ? എങ്കിൽ നിയമനടപടി ഉറപ്പ്. യുഎഇ ബാങ്കുകൾ കടമെടുക്കുന്നവർക്കായി ഇന്റേണൽ ക്ലാസിഫിക്കേഷൻ സിസ്റ്റം വികസിപ്പിക്കുന്നു. ലോൺ എടുത്താൽ തിരിച്ചടവിൽ വീഴ്ച വരുത്താതിരിക്കുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ നടപടി കഠിനമായിരിക്കും. ലോൺ ഇൻസ്റ്റാൾമെന്റ് അടുപ്പിച്ച് മൂന്നു മാസം അടയ്ക്കാതിരിക്കുകയോ ആറ് മാസം അടവിൽ വീഴ്ച വരുത്തിയാലോ നിയമനടപടി നേരിടേണ്ടിവരും.

ഉപഭോക്താക്കളുടെ ക്രെഡിറ്റ് സ്റ്റാറ്റസ് സെൻട്രൽ ബാങ്കുമായും എത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുമായും ഈ വർഷം ആദ്യം ബന്ധിപ്പിച്ചിരുന്നു. ഇതിനാൽ തന്നെ നിയമം ലംഘിക്കുന്നവർക്ക് ഇളവ് അനുവദിക്കില്ല. തിരിച്ചടവ് കാലാവധി സമയത്ത് വീഴ്ച വരുത്തുന്നവർക്കെതിരെ ബാങ്ക് നടപടി സ്വീകരിക്കും. കൃത്യസമയത്ത് ലോൺ തിരിച്ചടയ്ക്കാൻ ഉപഭോക്താക്കൾ ശ്രദ്ധിക്കണം. തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ മറ്റ് ബാങ്കുകളിൽ നിന്നും പണം കടമെടുക്കാനാവില്ല.

മറ്റുബാങ്കുകളുടെ ലോൺ കൊടുക്കൽ നടപടി സെൻട്രൽ ബാങ്ക് നിരീക്ഷിക്കുന്നതാണ്. അതിനാൽ തന്നെ ബാങ്കുകൾ കൃത്യവിവരങ്ങൾ നൽകണം. പണം തിരിച്ചടയ്ക്കാമെന്ന് കരാർ ഒപ്പിട്ടിരിക്കുന്നതിനാൽ എന്ത് സാമ്പത്തിക ബാധ്യതയാണെന്നു പറഞ്ഞാലും വീഴ്ച വരുത്തിയാൽ നിയമനടപടി നേരിടേണ്ടിവരും.