തിരുവനന്തപുരം: കാനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖ മാനേജർ ജോലി സ്ഥലത്ത് ജീവനൊടുക്കിയ വാർത്ത പരന്നതോടെ ബാങ്കിങ്ങ് മേഖലയിലെ ജീവനക്കാരുടെ ജോലി സമർദ്ദവും പ്രശ്‌നങ്ങളും സജീവ ചർച്ചയായകുകയാണ്. പുറം ലോകത്തിന് അത്ര പെട്ടെന്ന് തിരിച്ചറിയാനോ ഉൾക്കൊള്ളാനോ പറ്റാത്തതാണ് ബാങ്കിങ്ങ് മേഖലയിലെ ജോലി എന്ന് വിഷയത്തിൽ പ്രതികരണവുമായി എത്തിയ എല്ലാവരും സമർത്ഥിക്കുന്നു. ജോലി സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറമാകുന്നുവെന്ന സ്വപനയുടെ ആത്മഹത്യക്കുറിപ്പോടെയാണ് പ്രശ്‌നം ചർച്ച വിഷയമായത്.

38 വയസ്സ്മാത്രം പ്രായമുള്ള ഒരു അമ്മ രണ്ട്പിഞ്ചു മക്കളെ അനാഥരാക്കിയാണ് ഈ ലോകത്തോട് വിട പറഞ്ഞത്. എന്താണ് ഈ കടുംകൈക്ക് കാരണമെന്ന് മരണവാർത്തകേട്ടവർ കേട്ടവർ പരസ്പരം ചോദിച്ചു. അതിനുള്ള ഉത്തരം ചികഞ്ഞ് നടക്കുന്നവർക്ക് മുന്നിലേക്ക് നടുക്കുന്ന യാഥാർഥ്യം പറയുകയാണ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരൻ കൂടിയായ അജിത്‌കെ. നാണു.നിരവധി പോസ്റ്റുകൾ സമാന വിഷയവും പ്രശ്‌നവും അവതരിപ്പിച്ച് സമൂഹ മാധ്യമത്തിൽ വരുന്നുണ്ടെങ്കിലും ഉള്ളുപൊള്ളിക്കുന്ന അനുഭവ സാക്ഷ്യമാണ് അജിത്തിന്റെത്.

യന്ത്രങ്ങളെ പോലെ പണിയെടുക്കേണ്ടി വരുന ബാങ്ക്ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദമാണ് യഥാർഥ വില്ലനെന്ന് അജിത് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. 'തൊഴിൽ സമ്മർദം താങ്ങനാകുന്നതിൽ അധികമാകുന്നു' എന്ന് തന്റെ ഡയറിയിൽ ഒരു കുറിപ്പെഴുതി വെച്ചിട്ടാണ്‌സ്വപ്ന ബ്രാഞ്ചിൽ തൂങ്ങിമരിച്ചത്. പുറത്തുള്ളവർക്ക് അധികമൊന്നും അറിയാത്ത, കടുത്ത മാനസിക സമ്മർദം ഒരു തൊഴിൽ മേഖലയെയാകെ ചൂഴ്ന്നു നിൽക്കുന്നുവെന്നും അജിത് പറയുന്നു.


കുറിപ്പിന്റെ പൂർണ രൂപം:

ഇത് സ്വപ്ന കെ.എസ്. കാനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ. വയസ് 38. രണ്ട് കുട്ടികൾ. വർക്ക് പ്രഷർ താങ്ങനാകുന്നതിൽ അധികമാകുന്നു എന്ന് തന്റെ ഡയറിയിൽ ഒരു കുറിപ്പെഴുതി വെച്ചിട്ട് സ്വപ്ന ഇന്നലെ ബാങ്ക് പ്രിമിസിസിൽ വെച്ച് ആത്മഹത്യ ചെയ്തു. ബ്രാഞ്ചിൽ തൂങ്ങിമരിച്ച നിലയിലാണ് സഹപ്രവർത്തകർ അവരെ കണ്ടെത്തിയത്.

പറയാൻ പോകുന്നത്, പുറത്തുള്ളവർക്ക് അധികമൊന്നും അറിയാത്ത, കടുത്ത മാനസിക സമ്മർദം ഒരു തൊഴിൽ മേഖലയെയാകെ ചൂഴ്ന്നു നിൽക്കുന്നതിന്റെ കഥയാണ്. എന്റെയും എന്റെ സുഹൃത്തുക്കളുടെയും ഈ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് സഹപ്രവർത്തകരുടെയും കഥയാണ്. പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ മൊത്തം കഥയാണ്. ഇന്നലെ പോയ സ്വപ്നയുടെയും കൂടി കഥയാണ്.

കേരളത്തിലെ ഐവി ലീഗ് എൻജിനീയറിങ് കോളേജുകളുകളിൽ ഒന്നായ തൃശൂർ ജിഇസി യിൽ നിന്നാണ് സ്വപ്ന പഠിച്ചിറങ്ങിയത്. എവിടെയും ജോലി കിട്ടാവുന്ന അക്കാദമിക്ക് ബാക്ക്ഗ്രൗണ്ട് ഉണ്ടായിട്ടും ബാങ്കിങ് ജോലി സ്വപ്ന തെരഞ്ഞെടുത്തത്, മെച്ചപ്പെട്ട തൊഴിൽ പരിസരവും ജോബ് സെക്യൂരിറ്റിയും പ്രതീക്ഷിച്ചാകണം. കൂടാതെ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ, സാധാരണക്കാർക്ക് കൈത്താങ്ങായി നിൽക്കുന്ന സിസ്റ്റമാറ്റിക്കലി സിഗ്‌നിഫിക്കന്റ് എന്ന് കരുതാവുന്ന ഒരു തൊഴിൽ മേഖലയിൽ ജോലി എടുക്കുന്നതിന്റെ സംതൃപ്തിയും.

കുറച്ച് വർഷങ്ങൾ മുൻപ് സ്വപ്നയുടെ ഭർത്താവ് ഒരു ഹൃദയാഘാതത്താൽ മരണപ്പെട്ടു. കടുത്ത നഷ്ടത്തിലും പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് തന്റെ രണ്ട് കുട്ടികൾക്കും കൂടി വേണ്ടി, സ്വാശ്രയായ സിംഗിൾ മദർ എന്ന നിലയിൽ അഭിമാനത്തോടെ അവർ അതിജീവിച്ചു വരികയായിരുന്നു. എന്നാൽ ആ അതിജീവനം ചെന്ന് തട്ടി നിന്നത്, അക്ഷരാർത്ഥത്തിൽ ഗമളസമലൂൗല എന്ന് തന്നെ പറയാവുന്ന, താണുകൊണ്ടിരിക്കുന്ന ഒരു കപ്പലിന്റെ അപകടം നിറഞ്ഞ അറ്റത്താണ്. സ്വപ്നയുടെ ജീവനെടുത്ത, മുങ്ങാൻ പോകുന്ന ആ കപ്പൽ, ഇന്ത്യൻ പൊതുമേഖലാ ബാങ്കിങ് ആണ്.

ഏതൊരു രാജ്യത്തിലും അനുവർത്തിച്ചുപോരുന്ന ഒരു അടിസ്ഥാന തൊഴിൽ തത്വമുണ്ട്. സർക്കാർ, അതായത് സ്റ്റേറ്റ്, ഒരു മാതൃകാ തൊഴിൽ ദാതാവായിരിക്കണം എന്നത്. ഛകഛജ ക്കാർക്കൊന്നും മനസിലായി എന്നു വരില്ല. തൊഴിൽ അവകാശങ്ങളും തൊഴിലാളിയുടെ സംഘടിക്കാൻ അടക്കമുള്ള അവകാശങ്ങളും സംരക്ഷിക്കുന്ന, മറ്റ് തൊഴിൽ ദാതാക്കൾക്ക് ഒരു ബഞ്ച് മാർക്കായി നിലകൊള്ളേണ്ട ഒരു സിസ്റ്റം കൂടിയാണ് സർക്കാർ എന്ന മോഡൽ എംപ്ലോയർ.

അതേ സർക്കാർ തന്നെയാണ് സ്വപ്നയുടെയും തൊഴിൽദാതാവ്. ആ മോഡൽ എംപ്ലോയറുടെ ഒരു സ്ഥാപാനത്തിലാണ്, ഇതിനി എനിക്ക് താങ്ങാനാകില്ല എന്നെഴുതിവെച്ച് രണ്ട് പൊന്നുകുഞ്ഞുങ്ങളെപ്പോലും തനിച്ചാക്കി സ്വപ്ന എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

ഇതൊരൊറ്റപ്പെട്ട കഥയല്ല. കേരളത്തിൽ നിന്ന് തന്നെ, ആണ്ട് തോറും നേർച്ചക്കോഴികളെപ്പോലെ മാർച്ച്/ഏപ്രിൽ മാസങ്ങളിൽ ഓരോരോ മാനേജർമാരെ കൊലയ്ക്ക് കൊടുക്കാറുണ്ട്. കഴിഞ്ഞ കൊല്ലം കോർപറേഷൻ ബാങ്ക് ഗുരുവായൂർ ശാഖയിലെ അയ്യപ്പൻ. ഇത്തവണ കണ്ണൂരിൽ സ്വപ്ന. ഞാൻ ബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങി പത്ത് വർഷത്തിനിടെ കേട്ട നൂറ് കണക്കിന് ആത്മഹത്യ കഥകളിൽ ചിലത് മാത്രം.

ഇതൊരു ഗൗരവമുള്ള പ്രശ്‌നമായി കവർ ചെയ്യാൻ ശ്രമിച്ച ഏക മാധ്യമ പ്രവർത്തകൻ എൻഡിടിവിയുടെ രവീഷ് കുമാറായിരുന്നു. അദ്ദേഹം ബാക്ക് ടു ബാക്ക് സ്റ്റോറികളോടെ ബാങ്കിങ് മേഖലയിൽ നിലനിൽക്കുന്ന കടുത്ത തൊഴിൽ അനീതികളെ വെളിച്ചത്തുകൊണ്ടുവരാൻ നോക്കി. അന്നം തരുന്ന കർഷകർ, തങ്ങൾ നട്ടുവളർത്തിയ മരത്തിൽ തൂങ്ങിമരിക്കുമ്പോഴും ഫ്യുരിടാൻ അടിച്ച് പിടഞ്ഞ് മരിക്കുമ്പോഴും പോലും കുലുങ്ങാത്ത തനിതങ്കം നിയോ ലിബറൽ മനസാക്ഷിയാണ് രാജ്യത്തിൻേറത്. സ്വാഭാവികമായും ഈ വിഷയവും ശ്രദ്ധ പിടിച്ചു പറ്റാതെ മറഞ്ഞു.

കഴിഞ്ഞ രണ്ട് ദശകങ്ങളായാണ് ഇന്ത്യൻ പൊതു മേഖല ബാങ്കിങ് രംഗത്തെ തൊഴിൽ സംസ്‌കാരം അടിമുടി മാറുന്നത്. ആ മാറ്റം, ജോലി ചെയ്യുന്നവരെ പെർപെച്വൽ ഡിപ്രഷനിലേക്ക് തള്ളി വിടുന്നതിന്, ഉള്ളിയുടെ തൊലി പൊളിക്കുമ്പോലെ, പല ലയേഴ്‌സിൽ പല കാരണങ്ങൾ നമുക്ക് കാണാൻ കഴിയും. ചെയ്യാൻ ആളുണ്ടോ സമയമുണ്ടോ എന്നൊന്നും ചിന്തിക്കാതെ, ഔട്ട്പുട്ടിനെക്കുറിച്ച് ഒരു കൺസേണും ഇല്ലാതെ തയാറാക്കപ്പെടുന്ന ടാർജറ്റ് അലോക്കേഷൻ. (അതിൽ ബിസിനസ് ടാർജെറ്റും അതിനേക്കാൾ ഉപരി കംപ്ലെയ്ൻസ് ടാർജെറ്റും വരും).

വിവരമില്ലാത്ത, ബാങ്കിനോട് ആത്മാര്ഥതയില്ലാത്ത, മനുഷ്യത്വമില്ലാത്ത, പ്രൊമോഷൻ ചവിട്ട്പടികൾ മാത്രം കാണുന്ന സബ് സ്റ്റാൻഡേർഡ് ടോപ്പ് എക്‌സിക്കുട്ടീവുകൾ....ബാങ്കിന് നാശമോ നല്ലതോ എന്ന് പോലും ഉറപ്പിക്കാൻ പറ്റാത്ത പോളിസി മേക്കിങ്.... അങ്ങനെ പല നിലകളിൽ കാരണങ്ങളുണ്ട്. എന്നാൽ രോഗവസ്ഥയുടെ പുറത്ത് കാട്ടുന്ന വിസിബിൾ സിംപ്റ്റംസ് മാത്രമാണിവ.

ഈ കുത്തഴിഞ്ഞ അവസ്ഥയ്ക്ക് യഥാർത്ഥ കാരണം, മുതലാളിക്ക്, അതായത് സർക്കാരെന്ന ആ മോഡൽ എംപ്ലോയർക്ക് ഞങ്ങളെ വേണ്ടാ എന്നുള്ളതാണ്. 'Defund, make sure things don't work, people get angry, you hand it over to private capital.' ചോംസ്‌കി പറഞ്ഞതാണ്. സർക്കാർ എന്ന മുതലാളിക്ക് വേണ്ടാത്തതിന്റെ കാര്യവും ഇതാണ്. ഈ കുറിപ്പ് വായിക്കുന്ന ബാങ്ക് ജീവനക്കാരായ സുഹൃത്തുക്കൾക്ക്, തങ്ങളുടെ തൊഴിലിടം പലപ്പോഴും അൺ മാനേജ്ഡും എക്‌സ്ട്രീമിലി സ്‌ട്രെസ്ഫുളും ആണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ കാരണം യാദൃശ്ചികമല്ല. 'Make sure things don't work' വളരെ പ്രീ പ്ലാൻഡ് ആണ്. വെടക്കാക്കി തനിക്കാക്കുക എന്നു പറയും പോലെ വെടക്കാക്കി വിൽക്കുക. അത്രേയുള്ളൂ ഉദ്ദേശം. ആ ആസൂത്രിത ഗൂഢാലോചന സൃഷ്ടിക്കുന്ന കൊലാറ്ററൽ ഡാമേജാണ് സ്വപ്നയും വർക്ക് സ്‌ട്രെസ് കാരണം ആത്മഹത്യ ചെയ്ത നൂറ് കണക്കിന് ബാങ്ക് ജീവനക്കാരും.

ഇതിനി എങ്ങോട്ട് കൊണ്ടുപോകണം എന്ന് മുതലാളി അങ്ങ് തീരുമാനിച്ച സ്ഥിതിക്ക് അവിടെ നിന്ന് വലിയ പ്രതീക്ഷയൊന്നുമില്ല. പക്ഷെ അറ്റ് ലീസ്റ്റ് തൊഴിലാളി സഖാക്കൾ എങ്കിലും അന്യോന്യം താങ്ങാകുന്ന സപ്പോർട്ട് സിസ്റ്റങ്ങൾ ആകണം. പ്രത്യേകിച്ച്, ഡിപ്രഷൻ എന്ന രോഗവസ്ഥയിലുള്ളവർ നമ്മുടെ ഈ തൊഴിൽ പരിസരങ്ങളിൽ, വേഗം കൈവിട്ട് പോകുന്ന നിലയിലേക്ക് പോകാം എന്നതിനെക്കുറിച്ച് നമുക്ക് ബോധ്യമുണ്ടാകണം.

അത്തരം അവസ്ഥകളിൽപെട്ടുപോയ സഹപ്രവർത്തകരെ തിരിച്ചറിയണം. മെഡിക്കൽ അസിസ്റ്റൻസ് അടക്കം അവർക്ക് വേണ്ടത് ചെയ്തുകൊടുക്കണം. അവരെ ടോർച്ചർ ചെയ്യുന്ന മാനേജ്മെന്റിനെതിരെ കളക്റ്റീവിന്റെ, വർഗ്ഗബോധത്തിന്റെ ശക്തിയോടെ തന്നെ പ്രതികരിക്കണം. നാല് തെറി പറയേണ്ടിടത്ത് അത് പറയണം. സമരം ചെയ്യേണ്ടിടത്ത് അത് ചെയ്യണം. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കണം. ഇനിയും ഇതുപോലെ അനാഥാരാക്കപ്പെട്ട കുഞ്ഞുങ്ങളുടെ മുഖം കാണാൻ വയ്യാത്തതുകൊണ്ടാണ്.