കുവൈറ്റ് സിറ്റി: ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിൽ വിലക്ക്  ഏർപ്പെടുത്തി. ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് വീട്ടുവേലക്കാരികളെ കൊണ്ടുവരാൻ തൊഴിൽ ഉടമയും തൊഴിലാളിയും ഒപ്പുവയ്ക്കുന്ന കരാർ അറ്റസ്റ്റേഷൻ കുവൈറ്റിലെ ഇന്ത്യൻ എംബസി നിർത്തലാക്കുകയും വീട്ടുവേലക്കാരികളെ നിയമിക്കുന്നതിന് സ്‌പോൺസർ 720 ദിനാർ ബാങ്ക് ഗ്യാരന്റി നൽകണമെന്നുള്ള വ്യവസ്ഥ പിൻവലിക്കുകയും ചെയ്തതോടെയാണ് ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് കുവൈറ്റിൽ നിരോധനം നടപ്പാക്കിയത്.
ഗാർഹിക തൊഴിലാളികളെ നിയമിക്കുമ്പോൾ ബാങ്ക് ഗ്യാരന്റി ഏർപ്പെടുത്തുന്ന ഇന്ത്യൻ എംബസിയുടെ നടപടിക്കെതിരേ കുവൈറ്റ് സർക്കാർ ഏറെ നാളായി നടത്തിവരുന്ന പ്രതിഷേധത്തെത്തുടർന്നാണ് എംബസി ബാങ്ക് ഗ്യാരന്റി നിർത്തലാക്കിയത്. ബാങ്ക് ഗ്യാരന്റി നിർത്തലാക്കിയതിനു പിന്നാലെ ഇന്ത്യയിൽ നിന്നുള്ള വീട്ടുവേലക്കാരികളെ കൊണ്ടുവരുന്നതിനായുള്ള എംപ്ലോയ്‌മെന്റ് കോൺട്രാക്ട് അറ്റസ്റ്റ് ചെയ്യുന്ന നടപടിയും എംബസി നിർത്താലാക്കുകയായിരുന്നു. ഇതോടെ കുവൈറ്റിൽ ഇന്ത്യയിൽ നിന്നുള്ള വീട്ടുവേലക്കാരികൾക്ക് നിരോധനം നിലവിൽ വന്നു.

മിഡ്ഡിൽ ഈസ്റ്റിലെ ഏതു രാജ്യത്തേക്കും ഇന്ത്യയിൽ നിന്ന് വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യണമെങ്കിൽ 2500 ഡോളർ ബാങ്ക് ഗ്യാരന്റി നൽകണമെന്നതാണ് ഇന്ത്യൻ സർക്കാരിന്റെ നിയമം. എല്ലാ ജിസിസി രാജ്യങ്ങളിലും ഇതു പ്രാബല്യത്തിൽ വരുകയും ചെയ്തതാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കുവൈറ്റിലും ഇതു പ്രാബല്യത്തിൽ വന്നിരുന്നു. അതേസമയം ഈ നിയമത്തിനെതിരേ കുവൈറ്റ് അധികൃതരിൽ നിന്നു ശക്തമായ പ്രതിഷേധമാണ് അന്നു മുതൽ ഉയർന്നിരുന്നത്. വീട്ടുവേലക്കാരികളെ നിയമിക്കുന്ന സ്‌പോൺസറുടെ മേൽ ഇന്ത്യൻ സർക്കാർ കെട്ടിവയ്ക്കുന്ന അമിത സാമ്പത്തിക ഭാരമാണിതെന്നാണ് കുവൈറ്റ് ആരോപിച്ചിരുന്നത്.

ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ ദീർഘനാളായി ഇരുസർക്കാരുകളും ശ്രമിച്ചിരുന്നു. അവസാനം ഇരുഭാഗത്തുനിന്നുള്ള ചർച്ചകളെ തുടർന്ന് ബാങ്ക് ഗ്യാരന്റി എടുത്തുകളയാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി തീരുമാനിക്കുകയായിരുന്നു. എന്നാൽ ബാങ്ക് ഗ്യാരന്റി പിൻവലിച്ചതിനു പിന്നാലെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് തൊഴിലാളിയും തൊഴിൽ ഉടമയും തമ്മിലുള്ള എംപ്ലോയ്‌മെന്റ് കോൺട്രാക്ട് അറ്റസ്‌റ്റേഷനും നിർത്തലാക്കാൻ ഇന്ത്യൻ എംബസി തീരുമാനെടുക്കുകയായിരുന്നു.

ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിയമപരമായി വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും ഇന്ത്യൻ എംബസി അറ്റസ്റ്റേഷൻ നിർത്തലാക്കിയത് ഫലത്തിൽ കുവൈറ്റിലേക്ക് വീട്ടുവേലക്കാരികളെ കൊണ്ടുവരാൻ പറ്റാത്ത് അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.