- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണക്കാലത്ത് കാരുണ്യത്തിന്റെ മുഖമായി മാറിയ ബാങ്ക് മാനേജർക്ക് സോഷ്യൽ മീഡിയയുടെ കൈയടി
പാലാ: ഓണക്കാലത്ത് കാരുണ്യത്തിന്റെ മുഖമായി മാറിയ യുവ ബാങ്ക് മാനേജർക്ക് ഹൃദയം നിറഞ്ഞ കൈയടിയുമായി സോഷ്യൽ മീഡിയ. കിടങ്ങൂർ സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജർ അജീഷ് ജേക്കബാണ് ഓണക്കാലത്ത് സോഷ്യൽ മീഡിയയുടെ നിറഞ്ഞ കൈയടി ലഭിച്ചത്.
സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകാൻ ബാങ്ക് അക്കൗണ്ട് എടുക്കാൻ നിർവ്വാഹമില്ലാത്ത രണ്ടു പേർക്കു ആരുമറിയാതെ സ്വന്തം കൈയിൽ നിന്നും പണം നൽകി അക്കൗണ്ട് എടുത്തു നൽകിയ സംഭവമാണ് സോഷ്യൽ മീഡിയാ നെഞ്ചിലേറ്റിയത്.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
കഴിഞ്ഞ 16 വർഷത്തോളമായി വീടില്ലാതെ കിടങ്ങൂർ പാലത്തിനടിയിൽ മറകെട്ടി താമസിച്ചിക്കുന്ന കരിമാക്കൽ അംബിക, പരിയത്താനത്തുപാറ സജിന എന്നിവർക്കാണ് സ്വന്തം കൈയിൽ നിന്നും പണം നൽകി അക്കൗണ്ട് എടുത്തു നൽകിയത്.
ഇവരുടെ ദുരവസ്ഥ അറിഞ്ഞ മാണി സി കാപ്പൻ എം എൽ എ യും സഹോദരൻ ചെറിയാൻ സി കാപ്പനും ചേർന്ന് വീടുവയ്ക്കാൻ ഇരുവർക്കുമായി 6 സെന്റ് സ്ഥലം നൽകിയിരുന്നു. തുടർന്ന് ആധാരമെഴുതി സ്ഥലം കൈമാറി. ഇവിടെ ലൈഫ് പദ്ധതിയിൽ വീടുവയ്ക്കുന്നതിനായി അപേക്ഷ നൽകാൻ വേണ്ടിയാണ് ഇവർ അക്കൗണ്ടിനായി സൗത്ത് ഇന്ത്യൻ ബാങ്കിൽ എത്തിയത്.
മാണി സി കാപ്പന്റെ നിർദ്ദേശപ്രകാരം എബി ജെ ജോസാണ് ഇവരുടെ വീടിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വിളിച്ചപ്പോൾ തങ്ങളുടെ കൈയിൽ പണമില്ലാതെ വന്നപ്പോൾ അക്കൗണ്ട് തുടങ്ങാൻ ബാങ്ക് മാനേജർ അജീഷ് ജേക്കബ് ഇരുവർക്കുമായി രണ്ടായിരം നൽകിയ വിവരം സജിന പറയുകയായിരുന്നു. തുടർന്ന് ഇക്കാര്യം എബി ജെ ജോസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുകയായിരുന്നു. ഓണക്കാലത്തെ ഈ നന്മ സമൂഹം അറിയാതെ പോകരുതെന്ന് കരുതിയതിനാലാണ് ഇക്കാര്യം എഴുതിയതെന്ന് എബി പറഞ്ഞു.
കടപ്ലാമറ്റം മറ്റത്തിൻകര പരേതനായ ജേക്കബ് ചെറിയാന്റെയും മോളിയുടെയും മകനാണ് അജീഷ്. പതിനൊന്നു വർഷം മുമ്പാണ് ബാങ്കിങ് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ പാളയം പള്ളത്തുകുഴി ജിനു. എവ് ലിൻ, എസ്തേർ, ജേക്കബ് അജീഷ് എന്നിവരാണ് മക്കൾ.
അനീഷ് ജേക്കബിന്റെ നന്മ മലയാളിയുടെ മനസിന്റെ പുണ്യമാണ് വെളിവാക്കുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മോൻസ് ജോസഫ് എം എൽ എ അജീഷിനെ അഭിനന്ദിച്ചു.