പത്തനംതിട്ട: പത്തനംതിട്ട ടൗണിലെ കാനറ ബാങ്ക് ബ്രാഞ്ച് 2 ൽ നിന്ന് ജീവനക്കാരൻ തട്ടിയെടുത്തത് കോടിക്കണക്കിന് രൂപ. സംഭവത്തിൽ കൊല്ലം ആവണീശ്വരം കോടിയാട്ട് ജ്യോതിസിൽ വിജീഷ് വർഗീസിനെതിരെ(36) പത്തനംതിട്ട പൊലീസ് കേസെടുത്തു. മുൻ നാവികസേന ഉദ്യോ​ഗസ്ഥാനയ ഇയാൾ 2019 ജൂൺ മുതൽ ബാങ്കിൽ ജോലി ചെയ്ത് വരികയാണ്. ബാങ്ക് അധികൃതർ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് ഒളിവിൽ പോയ വിജിഷ് വർഗീസിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

പഴയ സിൻഡിക്കേറ്റ് ബാങ്കാണ് കാനറ ബാങ്കിന്റെ പത്തനംതിട്ട ബ്രാഞ്ച് 2ആയി മാറിയത്. സിൻഡിക്കേറ്റ് ബാങ്ക്, കാനറ ബാങ്കിൽ ലയിച്ചതോടെയായിരുന്നു ഇത്. ബാങ്കിലെ പാസ്‌വേഡ് മനസ്സിലാക്കിയാണ് തിരിമറി നടത്തിയത്. വിവിധ അക്കൗണ്ടിൽനിന്ന് ഏഴ് കോടിയോളം രൂപ എടുത്തതായി വിവരമുണ്ട്. തുമ്പമൺ ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിൽനിന്ന് 9.70 ലക്ഷം രൂപ പിൻവലിച്ചതോടെയാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നത്. പണമെടുത്തെന്നുകണ്ടതോടെ അക്കൗണ്ട് ഉടമ ബാങ്ക് മാനേജരെ ബന്ധപ്പെട്ടു. വിജീഷാണ് തുക പിൻവലിച്ചതെന്ന് കണ്ടെത്തി. തുടർന്ന് ഇയാൾ പണം തിരികെ അക്കൗണ്ടിലിട്ട് പരാതി ഇല്ലാതാക്കാൻ ശ്രമിച്ചു. ബാങ്ക് നടത്തിയ പരിശോധനയിൽ നിരവധി പേരുടെ നിക്ഷേപ തുകയിൽ ഇയാൾ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയെന്നാണ് വിവരം. ബാങ്കിലെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഫെബ്രുവരി 14 നാണ് തങ്ങളുടെ ഉദ്യോഗസ്ഥരിൽ ഒരാൾ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതരിൽ നിന്ന് പൊലീസിന് പരാതി ലഭിച്ചത്. ബാങ്ക് ശാഖയിൽ സ്ഥിര നിക്ഷേപം കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല പ്രതിയായിരുന്നു. സിസ്റ്റം പാസ്‌വേഡുകൾ ഉപയോഗിച്ച് കുറച്ച് ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപ അക്കൗണ്ടുകളിൽ നിന്നും പണം ഭാര്യയുടെയും മറ്റ് ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ഒരു ഇടപാടിലെ ക്രമക്കേട് കണ്ടെത്തിയ മേലുദ്യോ​ഗസ്ഥർ ഇയാളെ ചോദ്യം ചെയ്തിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് ഈ തുക തിരികെ നൽകി രക്ഷപെടാനാണ് ഇയാൾ ശ്രമിച്ചത്. എന്നാൽ, ഉദ്യോ​ഗസ്ഥർ കൂടുതൽ പരിശോധനകൾ നടത്തിയതോടെ കോടികളുടെ തട്ടിപ്പാണ് മനസ്സിലായത്. ഇതിനിടെ ഇയാൾ രക്ഷപെട്ട് കഴിഞ്ഞിരുന്നു.

"ഇയാളുടെഅമ്മയും അമ്മായിയപ്പനും പത്തനപുരം സ്വദേശികളാണെങ്കിലും, അവൻ അവരുമായി കൂടുതൽ അടുപ്പം പുലർത്താറില്ല. അതിനാൽ ഇയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അവർക്ക് വ്യക്തതയില്ല. അതേസമയം, ഭാര്യയും രണ്ട് മക്കളുമൊത്ത് ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കേസ് കൂടുതൽ അന്വേഷണത്തിനായി സിബിഐക്ക് കൈമാറാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 2017 ജൂലൈയിലാണ് വിജീഷ് വർ​ഗീസ് നാവികസേനയിൽ നിന്ന് വിരമിച്ചത്. 2002 ൽ ആണ് മെർ (മെട്രിക് എൻട്രി റിക്രൂട്ട്) ൽ നാവികനായി നാവികസേനയിൽ ചേർന്നത്.