പാലാ: ബാങ്കിങ് മേഖല സ്തംഭിപ്പിച്ചു നടത്തിയ ബാങ്ക് ജീവനക്കാരുടെ സമരത്തിനെതിരെ ഉപഭോക്താക്കളുടെ പ്രതിഷേധം. പാലായിലാണ് ബാങ്ക് സമരത്തിനെതിരെ ഉപഭോക്താക്കൾ പ്രത്യക്ഷ സമരം നടത്തിയത്. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലാ എസ്.ബി.ടിക്കു മുന്നിലാണ് പ്രതിഷേധ ധർണ നടത്തിയത്.

ജീവനക്കാരുടെ സമരം ജനവിരുദ്ധം, പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച ജീവനക്കാർക്കെതിരെ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച പ്ലക്കാർഡുമേന്തിയാണ് സമരം നടത്തിയത്. പൊതുജനങ്ങളെ വലയ്ക്കുന്ന സമരങ്ങളിൽനിന്നും ജീവനക്കാർ പിന്മാറിയില്ലെങ്കിൽ ശക്തമായി പ്രതികരിക്കുമെന്നും നോട്ടു റദ്ദാക്കൽമൂലം കഷ്ടപ്പെടുന്ന പൊതുജനത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകി.

ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ജീവനക്കാരുടെ നടപടി ജനദ്രേഹമാണെന്നും ജനങ്ങളെ കഷ്ടപ്പെടുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, ആർ. മനോജ്, അഡ്വ. സന്തോഷ് മണർകാട്ട്, ബെന്നി മൈലാടൂർ, ആൽബിൻ ജോസഫ്, ടി.ആർ. നരേന്ദ്രൻ, സാംജി പഴേപറമ്പിൽ, ടോമി തെങ്ങുംപള്ളിൽ, ജോസഫ് കിഴക്കേക്കര, റാണി സാംജി, അനിൽ വി. നായർ എന്നിവർ പ്രസംഗിച്ചു.