- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് കേന്ദ്ര സർക്കാർ; മാർച്ച് 15നും 16നും ദേശവ്യാപകമായി പണിമുടക്കുമെന്ന് ബാങ്ക് ജീവനക്കാർ
ന്യൂഡൽഹി: രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് ജീവനക്കാർ. മാർച്ച് 15നും 16നും ദേശവ്യാപകമായി പണിമുടക്കുമെന്ന് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പ്രഖ്യാപിച്ചു. ഹൈദരാബാദിൽ ഒൻപത് ബാങ്ക് യൂണിയനുകൾ സംയുക്തമായി ചേർന്ന യോഗത്തിലാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിനെതിരെയാണ് സമരം.
കഴിഞ്ഞാഴ്ച നടന്ന കേന്ദ്ര ബജറ്റിൽ പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്ക് നടത്താൻ തീരുമാനിച്ചത്. ഐഡിബിഐ ബാങ്കിനെയും രണ്ടു പൊതുമേഖല ബാങ്കുകളെയും സ്വകാര്യവത്കരിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.
പണിമുടക്കിന് മുന്നോടിയായി ഫെബ്രുവരി 19ന് സംസ്ഥാന തലസ്ഥാനങ്ങളിൽ ധർണ സംഘടിപ്പിക്കും. സംസ്ഥാനം, ജില്ല, നഗരം എന്നിങ്ങനെ കേന്ദ്രീകരിച്ച് ഫെബ്രുവരി 20 മുതൽ മാർച്ച് 10 വരെ റിലേ ധർണ സംഘടിപ്പിക്കാനും യൂണിയനുകൾ തീരുമാനിച്ചു. മാർച്ച് 15,16 തീയതികളിൽ നടക്കുന്ന പണിമുടക്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനുള്ള തീരുമാനം പിന്നീട് കൈക്കൊള്ളുമെന്ന് എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ