റോം: ഇറ്റലിയിലെ ബാങ്കിൽ മേഖലയിൽ കൂട്ടപിരിച്ചുവിടലിന് കളമൊരുങ്ങുന്നു. 2020-ഓടെ 16,000ത്തിലധികം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ബാങ്കിങ് ട്രേഡ് യൂണിയനായ ഫാബിയുടെ ജനറൽ സെക്രട്ടറി ലാൻഡോ മരിയ സിലിയോണി വെളിപ്പെടുത്തി.

ബാങ്കിങ് മേഖലയെ കടക്കെണിയിൽ നിന്നു രക്ഷിക്കുന്നതിനായി യൂണിയനുമായി ചേർന്ന് നടത്തിയ കരാർ പ്രകാരമാണ് തൊഴിൽ നഷ്ടമുണ്ടാകുന്നത്. ഇതിൽ 9000 പേർക്ക് നേരത്തെ വിരമിക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. ഇറ്റലിയിലെ പ്രശസ്ത ബാങ്കുകളായ Intesa, UniCredit, Monte dei Paschi di Siena (BMPS), Banco Popolare, UBI എന്നിവ 2009-നും 2015-നും മധ്യേ 4439 ബ്രാഞ്ചുകൾ അടയ്ക്കുകയോ വിൽക്കുകയോ ചെയ്തിട്ടുണ്ടെന്നും ഇതും അനേകം പേർക്ക് തൊഴിൽ നഷ്ടത്തിന് കാരണമാക്കിയിട്ടുണ്ടെന്നും വിലയിരുത്തുന്നു.

തിരിച്ചടയ്ക്കപ്പെടാത്ത ലോണുകളും മറ്റും യൂറോസോണിലെ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെന്നും അതിനനുസരിച്ച് ബാങ്കുകൾ പദ്ധതി തയാറാക്കി വരുകയാണെന്നും യൂണിയൻ വ്യക്തമാക്കി. ഇതെല്ലാം ഇറ്റലിയിലെ ബാങ്കിങ് മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുന്നതിന് ബാങ്കുകൾ സ്റ്റാഫുകളുടെ എണ്ണം ചുരുക്കുകയും അതുവഴി ചെലവു ചുരുക്കാൻ ശ്രമിക്കുകയുമാണ്.