ഡബ്ലിൻ: മോർട്ട്‌ഗേജ് നിരക്കുകൾ കുറയ്ക്കാൻ ബാങ്കുകളുടെ മേൽ ധനമന്ത്രി സമ്മർദം ചെലുത്താൻ തുടങ്ങി. നിലവിലുള്ള മോർട്ട്‌ഗേജ് നിരക്കുകൾ ഉയർന്നതാണെന്നും അത് താഴ്‌ത്താൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്നും സെൻട്രൽ ബാങ്കിനോടാണ് ധനമന്ത്രി മൈക്കിൾ നൂനൻ ആവശ്യപ്പെട്ടത്. ഇപ്പോൾ അയർലണ്ടിലെ വേരിയബിൾ റേറ്റ് വളരെ കൂടിയ തോതിലുള്ളതാണെന്നും ഉപയോക്താക്കൾക്ക് ഗുണകരമാകുന്ന തരത്തിൽ നിരക്ക് കുറയ്ക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കണമെന്നുമാണ് ധനമന്ത്രിയുടെ ആവശ്യം.

കഴിഞ്ഞ വർഷം യൂറോപ്യൻ സെൻട്രൽ ബാങ്ക് അതിന്റെ പലിശ നിരക്ക് പൂജ്യത്തോട് അടുത്ത് കുറച്ചുവെങ്കിലും ഐറീഷ് ബാങ്കുകൾ അതിന്റെ പ്രയോജനം ഉപയോക്താക്കളിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് മൈക്കിൾ നൂനൻ ഇപ്പോൾ മോർട്ട്‌ഗേജ് നിരക്ക് കുറയ്ക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്. വേരിയബിൾ റേറ്റിലുള്ള ഉപയോക്താക്കൾ നിലവിൽ ശരാശരി നാലു ശതമാനത്തിൽ കൂടുതലാണ് മോർട്ട്‌ഗേജിൽ പലിശ അടച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ട്രാക്കർ മോർട്ട്‌ഗേജിലുള്ളവർക്ക് യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ നിരക്ക് കുറയ്ക്കൽ ഏറെ ഗുണകരമാകുകയും ചെയ്തിരുന്നു. ട്രാക്കർ മോർട്ട്‌ഗേജിലുള്ളവർ ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ റേറ്റിലാണ് പലിശ അടയ്ക്കുന്നത്. ട്രാക്കർ മോർട്ട്‌ഗേജിലുള്ളവർക്കും വേരിയബിൾ റേറ്റിലുള്ളവർക്കും ഇടയിൽ നിലനിൽക്കുന്ന ഈ വലിയ അന്തരം ഇല്ലാതാക്കാനാണ് ധനമന്ത്രി ഇപ്പോൾ ശ്രമിക്കുന്നത്.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ