ഡബ്ലിൻ: ആയിരക്കണക്കിന് മോർട്ട്‌ഗേജ് ഉപയോക്താക്കൾക്ക് ആശ്വാസമായി വേരിയബിൾ നിരക്കിലുള്ള മോർട്ട്‌ഗേജുകളുടെ പലിശ കുറയ്ക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം. ഇതുസംബന്ധിച്ച നിർദ്ദേശം രാജ്യത്തെ പ്രധാന ബാങ്കുകൾക്ക് ധനമന്ത്രി മൈക്കിൾ നൂനൻ നൽകിക്കഴിഞ്ഞു.

ജൂലൈ ഒന്നു മുതൽ വേരിയബിൾ മോർട്ട്‌ഗേജ് പലിശ നിരക്കിൽ കുറവു വരുത്തിയില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ നൽകേണ്ടി വരുമെന്നും മന്ത്രി മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നിലവിൽ ബാങ്കുകൾ ഈടാക്കി വരുന്ന നിരക്ക് കൂടിയതാണെന്നും ഇതു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ താഴ്‌ത്തുന്നുവെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് നേരത്തെ സെൻട്രൽ ബാങ്ക് മന്ത്രിക്കു മുന്നിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാന ആറു മോർട്ട്‌ഗേജ് ലെൻഡിങ് ബാങ്ക് അധികൃതർ മന്ത്രിയുടെ സാന്നിധ്യത്തിൽ നിരക്ക് കുറയ്ക്കാൻ തയാറായത്.

പുതിയ പ്രഖ്യാപനം അനുസരിച്ച് വേരിയബിൾ പലിശ നിരക്കിൽ 0.25 ശതമാനം കുറവു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ താത്പര്യമുള്ളവർക്ക് വേരിയബിൾ നിരക്കുള്ള ലോണിൽ നിന്നു മാറി മറ്റ് മെച്ചപ്പെട്ട ഫിക്‌സഡ് റേറ്റിലേക്ക് മാറാനും അവസരമൊരുക്കുന്നുണ്ട്.

നിലവിൽ അയർലണ്ടിലെ ശരാശരി വേരിയബിൾ നിരക്ക് 4.26 ശതമാനമാണ്. യൂറോ സോണിലെ ശരാശരി നിരക്കിനേക്കാളും രണ്ടു ശതമാനമാണ് ഇവിടുത്തെ നിരക്ക്. കൂടാതെ ട്രാക്കർ നിരക്കിനെക്കാൾ മൂന്നു ശതമാനം അധികവും. അതുകൊണ്ടു തന്നെ ശരാശരി നിരക്കായ നാലു ശതമാനത്തിൽ താഴെ വേരിയബിൾ നിരക്ക് കൊണ്ടെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
എഐബി, ബാങ്ക് ഓഫ് അയർലണ്ട്, അൾസ്റ്റർ ബാങ്ക്, പെർമനന്റ് ടിഎസ്ബി, എസിസി, കെബിസി എന്നിവയാണ് രാജ്യത്തെ പ്രധാന ലെൻഡിങ് ബാങ്കുകൾ. സെൻട്രൽ ബാങ്കിന്റെ നിർദേശമനുസരിച്ച് ജൂലൈ ഒന്നു മുതൽ നിരക്ക് താഴ്‌ത്തുന്നത് നടപ്പാക്കാത്ത ബാങ്കുകൾ പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.