ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ജൂൺ 18 ന് ഇടവകാംഗങ്ങളായ ബിജോയിസ് & എമിലി കവണാൻ, സോണി & സ്മിനു പുത്തൻപറമ്പിൽ, ഡേവിസ് & ജോസിനി എരുമത്തറ, ജിത്തു & ഷീജ പൊക്കന്താനം, ജൂൾസ് & രാജി കാലായിൽ, ഫ്രാൻസിസ് & മിനി ചെമ്പോല, മനു & മാഡ്ലിൻ കുഴിപറമ്പിൽ, ജെയ്സ് & അനു കണ്ണച്ചാൻപറമ്പിൽ എന്നീ 8 കുടുംബങ്ങളിൽനിന്നും 5 കുട്ടികൾക്ക് മാമോദീസായും 6 കുട്ടികൾക്ക് പ്രഥമ ദിവ്യകാരുണ്യസ്വീകരണവും നൽകി മറ്റിടവക സമൂഹത്തിന് മാതൃകയായി. ആഡംബരങ്ങളുടെ അകമ്പടിയില്ലാതെ എന്നാൽ ഡിട്രോയിറ്റിലെ ഇതര സമൂഹങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളെയും നാനാ സംസ്ഥാനങ്ങളിലുള്ള ബന്ധുമിത്രാദികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ചടങ്ങുകൾ നടത്തപ്പെട്ടത്.

ഈ കുടുംബങ്ങൾ തങ്ങൾ ഒറ്റയ്ക്ക് നടത്തി ചെലവഴിക്കേണ്ടിവരുന്ന തുകയിൽനിന്നും 1000 ഡോളർ വീതം ദേവാലയ വാഷ്റൂം റീമോഡലിങ് ഫണ്ടിലേക്ക് സംഭാവന ചെയ്തത് മറ്റുള്ളവർക്ക് വലിയ പ്രചോദനമായി. പാർട്ടി സംസ്‌ക്കാരം വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ കൗദാശിക കർമ്മങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ഈ കുടുംബങ്ങൾ പരിശ്രമിച്ചത്.

അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നതിനാൽ ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചനാണ് മാമോദീസായ്ക്കും പ്രഥമ ദിവ്യകാരുണ്യ സ്വീകരണകർമ്മങ്ങൾക്കും നേതൃത്വം നൽകിയത്.  ലിജു കുന്നക്കാട്ടുമലയിൽ അച്ചൻ വചനസന്ദേശം നൽകി.  പള്ളിപ്പറമ്പിൽ ജോർജച്ചനും ചക്കിയാൻ ജോയിയച്ചനും വിശുദ്ധകർമ്മങ്ങൾക്ക് സഹകാർമ്മികരായിരുന്നു. തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു. ഇടവകാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ ചടങ്ങുകൾ ഒരാഘോഷമായി.

പ്രഥമദിവ്യകാരുണ്യ സ്വീകരണത്തിനായി കുട്ടികളെ ഒരുക്കിയ സിമി തൈമാലിയെയും മീനു മൂലക്കാട്ടിനെയും പ്രത്യേകം അനുമോദിച്ചു. കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്, ജെയ്സ് കണ്ണച്ചാൻപറമ്പിൽ, പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.