- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയാകാൻ കൊതിക്കുന്ന ചെന്നിത്തലയെ തളയ്ക്കാൻ ബാർ കോഴ; ശിവകുമാറും ബാബുവും വീണ്ടും പ്രതികളാകും; അന്വേഷണത്തിന് അനുമതി തേടി സർക്കാരിനെ സമീപിക്കാൻ വിജിലൻസ്; ബിജു രമേശിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് രഹസ്യ പരിശോധനാ റിപ്പോർട്ട്; കെ എം മാണിയെ വെറുതെ വിട്ട് കോൺഗ്രസിനെ വെട്ടിലാക്കാൻ വീണ്ടും ബാർ കോഴ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ ബാർ ഉടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലുകളിൽ പ്രാഥമിക അന്വേഷണത്തിന് അനുമതി തേടി സർക്കാരിനെ വിജിലൻസ് സമീപിക്കും. അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ രഹസ്യ പരിശോധന പൂർത്തിയാക്കി വിജിലൻസ് ഡയറക്ടർക്കു റിപ്പോർട്ട് കൈമാറി. കേസെടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ മുൻ സർക്കാരിന്റെ കാലത്ത് അന്വേഷണം അട്ടിമറിച്ചുവെന്നും കണ്ടെത്തലുണ്ടെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ ഗൗരവത്തോടെ എടുക്കണമെന്നാണ് ആവശ്യം.
യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ രമേശ് ചെന്നിത്തല, വി എസ്.ശിവകുമാർ, കെ.ബാബു എന്നീ മന്ത്രിമാർക്ക് ഒരു കോടി രൂപ നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ. കെ എം മാണിക്കെതിരേയും ബിജു രമേശ് വെളിപ്പെടുത്തൽ നടത്തുന്നുണ്ട്. എന്നാൽ മാണി മരിച്ച സാഹചര്യത്തിൽ ഈ ആരോപണത്തിന് പിറകേ പോകേണ്ടതില്ലെന്നാണ് വിജിലൻസ് നിലപാട്. സർക്കാർ അനുമതി കിട്ടിയാൽ ഉടൻ എഫ് ഐ ആർ വീണ്ടും ഇടും. ചെന്നിത്തല അടക്കമുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താനാണ് തീരുമാനം. അങ്ങനെ വന്നാൽ ചെന്നിത്തല അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാനും നടപടി എടുക്കും.
ബാർ കോഴയിൽ കെ എം മാണിയെ കുറ്റവിമുക്തനാക്കിയിരുന്നു. വീണ്ടും ആരോപണമെത്തിയാലും മാണിക്ക് ഒന്നും സംഭവിക്കില്ല. മരിച്ചു പോയ നേതാവിനെതിരെ കേസെടുക്കാനും കഴിയില്ല. അതുകൊണ്ട് ഇടതു പക്ഷത്തേക്ക് എത്തിയ കേരളാ കോൺഗ്രസിലെ ജോസ് കെ മാണിയും കൂട്ടർക്കും ഈ നീക്കത്തിൽ എതിർപ്പുമില്ല. ഈ തന്ത്രത്തിന്റെ ഭാഗമായാണ് ബാർ കോഴയിലെ കേരളാ കോൺഗ്രസിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതെന്നും സൂചനയുണ്ട്. ഉടൻ ബിജു രമേശ് വീണ്ടും പ്രതികരണവുമായെത്തി. ഇതും സിപിഎം കേന്ദ്രങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ ചെന്നിത്തലയ്ക്കും ബാബുവിനും ശിവകുമാറിനും പണം കൊടുത്തുവെന്ന് വീണ്ടും ആവർത്തിച്ചത് സിപിഎമ്മിന് പുതിയൊരു ആയുധമാകുകയായിരുന്നു.
സ്വർണ്ണ കടത്തിലും ലൈഫ് മിഷനിലും സർക്കാരിനെ പ്രതിസന്ധിയിലാക്കിയാണ് പ്രതിപക്ഷം ആരോപണവുമായി നിറഞ്ഞത്. കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളും സർക്കാരിന് തിരിച്ചടിയായി. അങ്ങനെ പ്രതിപക്ഷം നേടിയ മുൻതൂക്കം തകർക്കാനാണ് നീക്കം. താൻ നേരിട്ടു പണം കൊടുത്തതായും ബിജു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കേസ് നിലനിൽക്കുമെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ വിലയിരുത്തൽ. അധികാരത്തിൽ തിരിച്ചെത്താൻ വെമ്പുന്ന സിപിഎമ്മിന് കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ പുതിയ തലത്തിലെത്തിക്കാനും ഇതിലൂടെ കഴിയും.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് ചെന്നിത്തലയുടെ യാത്ര. ബാർ കോഴയിൽ കുരുക്കുവീഴുമ്പോൾ എ വിഭാഗം അവസരം മുതലെടുക്കാൻ എത്തും. ഇതും രാഷ്ട്രീയ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തൽ. ഐ ഗ്രൂപ്പിന്റെ സൃഷ്ടിയാണ് ബാർ കോഴയെന്നും ഉമ്മൻ ചാണ്ടിയെ പുറത്താക്കാനുള്ള ചെന്നിത്തല ബുദ്ധിയായിരുന്നു അതെന്നും കേരളാ കോൺഗ്രസ് റിപ്പോർട്ടിലെ ചർച്ചകളിൽ നിറയുന്നതും സിപിഎം പ്രതീക്ഷയോടെയാണ് കാണുന്നത്. ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും തെറ്റിച്ചാൽ ഭരണ തുടർച്ച ഉറപ്പാക്കാമെന്നും വിലയിരുത്തുന്നു. ബിജു രമേശിനെ കൂടെ നിർത്തി അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും ശ്രമിക്കും.
ബാർ ലൈസൻസ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ മന്ത്രി കെ.ബാബു ആവശ്യപ്പെട്ടതായി ബിജു രമേശ് ആരോപിക്കുന്നു. രമേശ് ചെന്നിത്തലയുടെ അറിവോടെയാണ് കെപിസിസി ഓഫീസിൽ ഒരു കോടിരൂപ നൽകിയതെന്നും 'ബാർ കോഴയിൽ പുതിയ ട്വിസ്റ്റ്' എന്ന തരത്തിൽ അവതരിപ്പിക്കുകയായിരുന്നു ബിജു രമേശ്. ബാർകോഴ ആരോപണം കെട്ടിചമച്ചതാണെന്ന കേരളാ കോൺഗ്രസ് റിപ്പോർട്ടും ബിജു രമേശ് തള്ളി. ആരോപണം പിൻവലിക്കാൻ ജോസ് കെ. മാണി പത്ത്‌കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ആരോപിച്ചു. എന്നാൽ ഇതിൽ ജോസ് കെ മാണിയെ കുടുക്കാനും കഴിയില്ലെന്നാണ് വിലയിരുത്തൽ. ഇതിനുള്ള തെളിവ് ബിജു രമേശിന്റെ കൈയിൽ ഇല്ലെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ അന്വേഷണം കോൺഗ്രസിനെതിരെ മാത്രമാകും.
കെപിസിസി ഓഫീസിൽ ഒരു കോടി രൂപ നൽകിയത് രമേശ് ചെന്നിത്തലയുടെ അറിവോടെയാണ്. ഒരു കോടി രൂപ കെപിസിസി ഓഫീസിൽ കൊണ്ടുപോയി കൊടുത്തത് സന്തോഷ് എന്ന് പറയുന്ന ഓഫീസ് സെക്രട്ടറിയും ജനറൽ മാനേജരായിരിക്കുന്ന രാധാകൃഷ്ണനും കൂടിചേർന്നാണ്. ആ സമയത്ത് രമേശ് ചെന്നിത്തലയുണ്ടായിരുന്നു. രമേശ് ചെന്നിത്തല അകത്തെ മുറിയിൽ ബാഗ് വയ്ക്കാൻ പറഞ്ഞു. ലൈസൻസ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപയാണ് ആകെ ആവശ്യപ്പെട്ടത്. അതനുസരിച്ച് ആവശ്യപ്പെട്ട 10 കോടി രൂപ കൊടുക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചു. ഇതിൽ രണ്ടു കോടി രൂപ കെപിസിസി ഓഫീസിൽ എത്തിക്കണമെന്നും പറഞ്ഞുവെന്നാണ് വെളിപ്പെടുത്തൽ.
മാണിക്കെതിരായ ബാർ കോഴ ആരോപണത്തിൽ നിന്നും പിന്മാറാൻ തനിക്ക് 10 കോടി രൂപ ജോസ് കെ മാണി വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ പുതിയതല്ല എന്നാണ് വസ്തുത. 2015 ഫെബ്രുവരി 11 ലക്കം ഇന്ത്യാ ടുഡേയുടെ കവർ സ്റ്റോറി ഈ വെളിപ്പെടുത്തലായിരുന്നു. ബാറുകാരുടെ അസോസിയേഷൻ പിരിച്ചെടുത്ത് നൽകിയ തുക തിരികെ നൽകാമെന്നും ജോസ് ബിജു രമേശിന് വാഗ്ദാനം നൽകിയിരുന്നുവെന്ന് ബിജു രമേശ് അഭിമുഖത്തിൽ പറയുന്നന്നുണ്ടായിരുന്നു. അന്നും തെളിവൊന്നും ഹാജരാക്കാൻ ബിജുവിന് കഴിഞ്ഞിരുന്നില്ല. മാണിക്കെതിരെ ഇനി അന്വേഷണവും ഉണ്ടാകില്ല.
മറുനാടന് മലയാളി ബ്യൂറോ