- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണി 30 കോടി വാങ്ങിയെങ്കിൽ മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും എത്ര കോടി വാങ്ങി കാണും? ബാറുടമകൾ ഇച്ഛാഭംഗം തീർക്കാൻ പിച്ചും പേയും പറയുമ്പോൾ നമ്മളിങ്ങനെ വ്യാകുലപ്പെടണോ? ഇനിയെങ്കിലും രാജി വച്ച് ഒഴിയാൻ മാണിയെ മകനെങ്കിലും ഉപദേശിക്കട്ടേ
കെഎം മാണി എത്ര കോടിയാണ് കൈക്കൂലി വാങ്ങിയത്? മൂന്ന് മാസമായി മാണിയുടെ കോഴയെ കുറിച്ച് ചാനലുകളിൽ വാർത്ത നിറഞ്ഞാടുമ്പോഴും ഈ തുക കൃത്യമായി പറയാൻ ആർക്കെങ്കിലും കഴിയുമോ? ഒരു കോടി എന്നായിരുന്നു ആദ്യം കേട്ടത്. പിന്നീട് ഇടക്കെപ്പോഴോ 15 ലക്ഷവും 50 ലക്ഷവുമായി കുറഞ്ഞിരുന്നു. അതും രണ്ട് കോടിയും 20 കോടിയുമായി മാറി. ഏറ്റവും ഒടുവിൽ കേൾക്കുന്നത് മാണി ക
കെഎം മാണി എത്ര കോടിയാണ് കൈക്കൂലി വാങ്ങിയത്? മൂന്ന് മാസമായി മാണിയുടെ കോഴയെ കുറിച്ച് ചാനലുകളിൽ വാർത്ത നിറഞ്ഞാടുമ്പോഴും ഈ തുക കൃത്യമായി പറയാൻ ആർക്കെങ്കിലും കഴിയുമോ? ഒരു കോടി എന്നായിരുന്നു ആദ്യം കേട്ടത്. പിന്നീട് ഇടക്കെപ്പോഴോ 15 ലക്ഷവും 50 ലക്ഷവുമായി കുറഞ്ഞിരുന്നു. അതും രണ്ട് കോടിയും 20 കോടിയുമായി മാറി. ഏറ്റവും ഒടുവിൽ കേൾക്കുന്നത് മാണി കട്ടത് 30 കോടി ആണ് എന്നാണ്. ഈ കോടികൾ മുഴുവൻ മാണി കട്ടത് ബാർ ലൈസൻസ് നേടി തരാമെന്ന് പറഞ്ഞല്ലെങ്കിലും ഇതിന്റെ മുഖ്യ പങ്കും ബാറുടമകളിൽ നിന്നും തന്നെയെന്നാണ് പറയപ്പെടുന്നത്.
മൂന്ന് മാസമായിട്ടും ആരോപണങ്ങൾക്ക് പഞ്ഞമൊന്നുമില്ല. മാണി നേരിട്ട് വാങ്ങിയെന്നും അതല്ല മാണിയുടെ ഭാര്യ കുട്ടിയമ്മയാണ് വാങ്ങിയതെന്നും അതുമല്ല മാണി വാങ്ങിയത് കുട്ടിയമ്മ എടുത്തു കൊണ്ട് പോവുക ആയിരുന്നെന്നും ഒക്കെ റിപ്പോർട്ട് ചെയ്യപ്പെട്ടു. മാണിയുടെ പാലായിലെ വീട്ടിൽ വച്ച് കൊടുത്തെന്ന് ചിലർ പറയുമ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ചാണ് കൈമാറിയതെന്ന് വേറെ ചിലർ പറയുന്നു. അതല്ല നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പണം കൊടുത്തതെന്നും ചിലർ പറയുന്നുണ്ട്. എത്ര പണം മാണി വാങ്ങി എന്ന് പറയുന്നത് പോലെ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ് മാണി എവിടെ വച്ച് പണം വാങ്ങി എന്നതും.
അതിനിടയിൽ ഒരുപഞ്ഞവുമില്ലാതെ ആരോപണക്കാർ അവിടെയും ഇവിടെയും തലപൊക്കുന്നതും കാണാം. പുരുഷന്മാരെ ശരീരം കാണിച്ച് മയക്കി ബ്ലൂഫിലിം നിർമ്മിച്ച് ബ്ലാക്ക്‌മെയിൽ ചെയ്ത് പണമുണ്ടാക്കിയ കേസിലെ പ്രതിയായ ബിന്ധ്യാ തോമസ് ആണ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയത്. സാക്ഷാൽ സരിതയെത്തന്നെ ഉടൻ രംഗത്തിറക്കാനുള്ള അണിയറ നീക്കവും സജീവമാണെന്ന് റിപ്പോർട്ടുണ്ട്. ആര് എന്ത് പറഞ്ഞാലും യാതൊരു തെളിവുകളും ഇല്ലാതെ ബ്രേക്കിങ് ന്യൂസ് ആക്കാൻ ചാനലുകൾ ക്യൂ നിൽക്കുന്നതോടെ ഏത് ക്രിമിനലിനും ഇപ്പോൾ വാർത്തകളിൽ നിറയാം എന്നതാണ് അവസ്ഥ.
കഴിഞ്ഞ ദിവസം മാണിക്കെതിരെ പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായതോടെ സോഷ്യൽ മീഡിയായിൽ പെരും കള്ളനായ മാണിക്കെതിരെ വലിയ ആക്രമണങ്ങളാണ് നടക്കുന്നത്. എന്റെ വക 500 എന്ന ആഷിക് അബുവിന്റെ ഹാഷ് ടാഗിന് ലഭിച്ചത് അപൂർവ്വമായ പ്രതികരണമായിരുന്നു. കേരളത്തിലെ ജനങ്ങൾ ഇത്രയധികം പ്രതികരണ ശേഷി ഉള്ളവരാണോ എന്ന് തോന്നിക്കുന്നതായിരുന്നു ഈ പ്രതികരണങ്ങൾ ഒക്കെയും. ശ്രദ്ധേയേമായ കാര്യം മറ്റേത് നേതാവിനെതിരെ ആരോപണം ഉണ്ടായാലും ആരെങ്കിലും ഒക്കെ ചാവേറുകളായി രംഗത്ത് ഉണ്ടാകാറുണ്ടെങ്കിലും മാണിക്ക് വേണ്ടി വാദിക്കാൻ ഒരൊറ്റയാളെ പോലും മഷിയിട്ട് നോക്കിയിട്ടും കാണുന്നില്ല എന്നതാണ്. സോഷ്യൽ നെറ്റ്‌വർക്കിലെ കേരള കോൺഗ്രസ്സുകാരുടെ അസാന്നിധ്യം തന്നെയാവും ഇതിന് കാരണം. മാണിയുടെ ദുരവസ്ഥയിൽ കമ്യൂണിസ്റ്റ്കാരെക്കാൾ കൂടുതൽ ആഹ്ലാദിക്കുന്നത് കോൺഗ്രസുകാരായതുകൊണ്ട് ഇത് പ്രതീക്ഷിക്കേണ്ടതുമില്ല.
കെഎം മാണി കോഴ വാങ്ങിയിട്ടില്ലെന്നോ ചിലർ ചേർന്ന് ബലിയാടാക്കുകയാണെന്നോ പറയാൻ ആർക്കും സാധിക്കുകയില്ല. സഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാണി കോഴ വാങ്ങിയിട്ടുണ്ട് എന്ന് തന്നെ വിശ്വസിക്കേണ്ടി വരും. എന്നാൽ ഇവിടെ ഒരു ന്യായമായ ചോദ്യം ഉയരുന്നുണ്ട്. കെഎം മാണി മാത്രമാണോ ഈ മന്ത്രിസഭയിലെ കള്ളൻ എന്ന ചോദ്യം? അല്ലെങ്കിൽ കെഎം മാണി മാത്രമാണോ ഇവിടെ കോഴ വാങ്ങിയിരിക്കുന്നത് എന്ന ചോദ്യം? ചാനലുകളിലും സോഷ്യൽ നെറ്റ് വർക്കിലും കേൾക്കുന്ന കോലാഹലങ്ങൾ കണ്ടാൽ തോന്നുക കേരളത്തിൽ ഇന്നേവരെ മാണിയല്ലാതെ മാറ്റാരും കോഴ വാങ്ങിയിട്ടില്ല എന്നാണ്. ഈ മന്ത്രി സഭ അധികാരത്തിലേറിയ ശേഷം ഉണ്ടായ കോഴ ആരോപണങ്ങൾ മാത്രം എടുത്ത് നോക്കിയാൽ പോലും ആർക്കും അത് നിഷേധിക്കാൻ കഴിയില്ല. ബാർ കോഴ ഇടപാടിൽ പോലും കെഎം മാണിയേക്കാൾ കൂടുതൽ പണം കൈപ്പറ്റിയ അനേകം പേരുണ്ട്. ഈ മന്ത്രി സഭയിൽ ആർക്കെങ്കിലും ഒരാൾക്ക് ബാറുടമകളിൽ നിന്നും കോഴ കൈപ്പറ്റിയിട്ടില്ലെന്ന് ചങ്കിൽ കൈവച്ച് പറയാനാകുമോ? സോളാർ വിവാദം ഒതുക്കിത്തീർക്കാൻ ഒഴുക്കിയ കോടികളുടെ കണക്ക് എന്നെങ്കിലും പുറത്ത് വരുമോ?[BLURB#1-H]
ബാറുടമകൾ തന്നെ പറഞ്ഞത് 20 കോടി രൂപ പിരിച്ച് വിവിധ നേതാക്കൾക്ക് നൽകി എന്നാണ്. ബാറുടമകളുടെ നിർണ്ണായക യോഗത്തിൽ ആർക്കൊക്കെ വീതം വച്ച് എന്ന് അവർ പറയുന്നതിന്റെ വിശദാംശങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ബാറുമടകൾ അന്ന് വെളിപ്പെടുത്തിയ പേരുകളിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത് മന്ത്രി കെ ബാബുവിന്റെയും അടൂർ പ്രകാശിന്റെയും ആയിരുന്നു. പിന്നീട് ബിജു രമേശിനെ ഉദ്ധരിച്ച് പ്രതിപക്ഷ നേതാവ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പണം കൊടുത്തു എന്ന് വെളിപ്പെടുത്തുകയുണ്ടായി. ഇതൊക്കെ ഒരു ദിവസത്തെ ആയുസ്സിൽ വാർത്തയല്ലാതായി മാറുകയും കെഎം മാണിക്കെതിരെയുള്ള ആരോപണം മാത്രം സജീവമായി നിൽക്കുകയും ചെയ്യുന്നതിന്റെ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അതിൽ അത്ഭുതപ്പെടാനുണ്ടോ?
ഇവിടെ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ബാർ ലൈസൻസ് വിഷയത്തിൽ കക്ഷിയേ അല്ലാത്ത കെഎം മാണിക്ക് പണം കൊടുത്ത കണക്കുകൾ വരുമ്പോൾ ഇതിലെ പ്രധാന കക്ഷികളായ എക്‌സൈസ് മന്ത്രിക്കും മുഖ്യ മന്ത്രിക്കും എത്ര പണം കൊടുത്തിട്ടുണ്ടാവും എന്ന ചോദ്യമാണ് ആദ്യത്തേത്. ബാറുകൾ അടച്ച് പൂട്ടുന്ന ഫയൽ മാണി വച്ച് താമസിപ്പിച്ചെന്നും അതിന് വേണ്ടിയാണ് പണം കൊടുത്തെന്നുമായിരുന്നു ആദ്യ ആരോപണം. എന്നാൽ ഈ ഫയൽ മാണി കാണേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല എന്ന് പിന്നീട് വെളിപ്പെട്ടു. അതേ സമയം മന്ത്രി സഭയിലെ പ്രധാനപ്പെട്ടവരിൽ ഒരാൾ എന്ന നിലയിൽ മാണിക്കും പണം കൊടുത്തു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കും. എന്നാൽ എക്‌സൈസ് മന്ത്രിക്കും മുഖ്യ മന്ത്രിക്കും പണം നൽകാതെ നിയമ മന്ത്രിക്ക് മാത്രമേ പണം നൽകി എന്നത് എങ്ങനെ വിശ്വസിക്കാൻ കഴിയും?
രണ്ടാമത്തെ കാര്യം മന്ത്രിക്കെതിരെ മലവെള്ളപ്പാച്ചിൽ പോലെ ആരോപണങ്ങൾ ഉയരുമ്പോഴും ഒരൊറ്റ ആരോപണത്തിനും ഉബോൽബലകമായ രേഖകൾ ഒന്നുമില്ല എന്നതാണ്. കെഎം മാണിക്ക് പണം നൽകി എന്ന് ബിജു രമേശ് മനോരമ ചാനലിൽ ആരോപിച്ച് തുടങ്ങിയത് മുതലുള്ള സംഭവങ്ങൾ എടുത്ത് പരിശോധിക്കുക. തന്റെ കൈയിൽ തെളിവുണ്ട് എന്ന് അന്നു മുതൽ ബിജു ആവർത്തിക്കുന്നുണ്ടെങ്കിലും ഇന്നേ വരെ അതിന്റെ തെളിവുകൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളായി മാണി പണം മേടിച്ചതിന്റെ തെളിവുകളായി പുറത്ത് വന്ന ശബ്ദ രേഖകൾ ഒക്കെ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാകും ചാനലുകൾക്ക് ബ്രേക്കിങ് ന്യൂസ് അടിക്കാം എന്നതിനപ്പുറം വിശ്വസനീയമായ ഒന്നും ഈ ആരോപണങ്ങളിൽ ഇല്ല എന്ന്. ചില മദ്യക്കച്ചവടക്കാർ പരസ്പരം നടത്തിയ സംഭാഷണവും ബാലകൃഷ്ണപിള്ള മാണി കള്ളൻ ആയിരിക്കും എന്ന് പറഞ്ഞ നിരീക്ഷണങ്ങളുമാണ് ഈ ബ്രേക്കിങ് ന്യൂസുകൾ.[BLURB#2-VL]
ഈ ആരോപണം ഉന്നയിച്ചവർ തന്നെ അത് നിഷേധിച്ചിട്ടുണ്ട് എന്നത് ഒരു വശം. അത് കാര്യമാക്കേണ്ട. എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് എന്ത് വിശ്വാസ്യതയാണുള്ളത്? ആർക്ക് ആരെ കുറിച്ച് എന്താണ് പറയാൻ വയ്യാത്തത്? പുതുപ്പണക്കാരായി ബാറുടമകൾ പൊതുവേ ബെഡായി പറയുന്നവരാണ് എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ ഇങ്ങനെ പല സംഭാഷണങ്ങളും ഉണ്ടാകും. തലസ്ഥാനത്തെ പ്രധാന ക്ലബായ ട്രിവാൻഡ്രം ക്ലബിൽ ഒരു ദിവസം ഇരുന്നാൽ കുറഞ്ഞത് 1000 കോടിയുടെ എങ്കിലും അഴിമതി കണക്ക് ആർക്കും അനായാസം കേൾക്കാം. മദ്യക്കടകൾ അടച്ച് പൂട്ടിയതിനെത്തുടർന്ന് ഇച്ഛാഭംഗം വന്ന കുറെ കള്ള് കച്ചവടക്കാർ അടിച്ച് പൂസായി ഇരുന്നു പറഞ്ഞ വെടിക്കഥകളെക്കുറിച്ച് ആഴ്ചകളോളം നമുക്ക് ഇങ്ങനെ ചർച്ച ചെയ്യേണ്ടി വരുന്നു എന്നത് തന്നെ വലിയ അധപതനം അല്ലേ?
ബിജു രമേശ് പറയുന്നത് ആത്മാർത്ഥമായി ആണെങ്കിൽ കെഎം മാണിക്ക് പണം നൽകുന്നതിന്റെ ദൃശ്യങ്ങളോ അല്ലെങ്കിൽ മാണി പണം ചോദിക്കുന്നതിന്റെ ശബ്ദ രേഖയോ പുറത്ത് വിടട്ടേ. ഇതല്ലാതെ ഒരു കള്ള് കച്ചവടക്കാരൻ ചുളുവിൽ മാദ്ധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കാനും കീ കൊടുത്ത് വിടുന്ന ഏതോ ചില ഉന്നതർക്ക് വിടുപണി ചെയ്യാനും വേണ്ടി നടത്തുന്ന പ്രഖ്യാപനങ്ങളുടെ പേരിൽ ഒരു പൊതു പ്രവർത്തകനെ നിരന്തരമായി വേട്ടയാടുന്നത് ക്രൂരമാണ്. ഇത്തരം വേട്ടയാടലുകൾ ഈ കേരളം ഒരുപാട് കണ്ടതാണ്. രാജ്യത്തിന്റെ പ്രധാന രഹസ്യങ്ങൾ ചോർത്തി എന്നപേരിൽ കെ കരുണാകരനെ വേട്ടയാടിക്കൊന്നുവർ തന്നെയാണ് ഇപ്പോഴും അണിയറയിൽ ചരട് വലിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ചാരക്കേസ് കെട്ടുകഥയാണ് എന്നു വരുമ്പോൾ അതറിയാൻ പോലും ആ നേതാവ് ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. ലാവ്‌ലിൻ അഴിമതിയുടെ പേരിൽ ഒരു ബ്ലാക്ക്‌മെയിൽ പത്രപ്രവർത്തകൻ ഉണ്ടാക്കിയ കെട്ടുകഥ പിണറായി വിജയൻ എന്ന നേതാവിനെ വേട്ടയാടിയതിന്റെ കഥകളും മറക്കാനാകുമോ?
ഇനി അഥവാ ആ കള്ള് കച്ചവടക്കാരന്റെ ആരോപണം അന്വേഷിക്കേണ്ടതാണെങ്കിൽ ആകെ പിരിച്ചെടുത്തു എന്ന് അയാൾ തന്നെ പലതവണ പറഞ്ഞ 20 കോടിയെക്കുറിച്ചല്ലേ അന്വേഷിക്കേണ്ടത്? അന്വേഷണം കെഎം മാണിയിൽ മാത്രം എത്തിയതും ഒരു കോടിയിൽ മാത്രം കേന്ദ്രീകരിക്കുന്നതും എന്ത് തരം നീതിയാണ്? ഒരു സംഘം ആളുകൾ ഒരുമിച്ച് മോഷ്ടിച്ചിട്ട് ഒരാളെ മാത്രം പ്രതി ചേർക്കുന്നത് ഇന്ത്യൻ ഭരണ ഘടന ഉറപ്പ് നൽകുന്ന തുല്ല്യ നീതിക്ക് വിരുദ്ധമാണ്.
ഇതെല്ലാം വ്യക്തമായിരിക്കെ കെഎം മാണിയെ മാത്രം കള്ളൻ ആക്കാൻ ഒരുമ്പെടുന്ന മാദ്ധ്യമങ്ങൾ അറിയാതെ ചിലരുടെ രഹസ്യ അജണ്ടയുടെ ഭഗമാകുകയാണ്. മാണിയേക്കാൾ കൂടുതൽ പണം ബാർ കോഴയിൽ വാങ്ങിയ മന്ത്രിമാർ വേറെയുണ്ടെന്ന് അറിയാമായിട്ടും മാദ്ധ്യമങ്ങൾ എന്തു കൊണ്ടാണ് മാണിക്കെതിരെ മാത്രം ശബ്ദിക്കുന്നത്. എന്തുകൊണ്ട് ചെന്നിത്തലക്കെതിരെ പറഞ്ഞ വി എസ് ഇപ്പോൾ മൗനം പാലിക്കുന്നു എന്ന് ആരും ചോദിക്കാത്തത്? എന്തുകൊണ്ടാണ് ബിജു രമേശിന് സർവ്വ പിന്തുണയും കൊടുത്ത് ബലം പകരുന്നത് ബന്ധുവാകാൻ പോകുന്ന മന്ത്രി അടൂർ പ്രകാശിന്റെ റോളിനെക്കുറിച്ച് ആരും ചോദിക്കാത്തത്?
ഇത് വ്യക്തമാക്കുന്നത് വലിയൊരു ഗൂഢാലോചനയിൽ നിന്നാണ് ഈ തിരക്കഥകൾ ഒക്കെ ജനിച്ചത് എന്ന് തന്നെയാണ്. ഇന്ത്യയിൽ തന്നെ മറ്റൊരു നേതാവിനും സാധിക്കാത്ത ചില നേട്ടങ്ങൾ മാണിക്ക് ലഭിക്കുകയുണ്ടായി. ഏതാനും മാസം കൂടി കഴിഞ്ഞാൽ തുടർച്ചയായി 50 വർഷം ഒരേ മണ്ഡലത്തിൽ നിന്നും എംഎൽഎ ആകുന്ന ആദ്യ ഇന്ത്യാക്കാരൻ ആവുകയാണ് മാണി. 50 വർഷം ജനപ്രതിനിധിയായിരിക്കുകയും പ്രതിപക്ഷത്തിന്റെ പോലും ആദരവ് കൈപ്പറ്റുകയും ചെയ്ത മാണി ആവശ്യത്തിന് എംഎൽഎമാർ ഇല്ലാതിരുന്നിട്ടും കുറച്ച് നാൾ എങ്കിലും മുഖ്യ മന്ത്രി ആകാൻ മോഹിച്ച് പോയി എന്ന തെറ്റു മാത്രമാണ് ചെയ്തത്. പിസി ജോർജ് എന്ന മാണിയുടെ വീട്ടിലെ തന്നെ ശത്രു മാണിയുടെ ദുർബലത മനസ്സിലാക്കി മുഖ്യമന്ത്രി മോഹത്തിന് തീ കൊളുത്തുകയായിരുന്നു. ആ പ്രചാരണത്തിൽ ഞെട്ടി പോയത് സാക്ഷാൽ ശകുനിയായ ഉമ്മൻ ചാണ്ടി തന്നെയാണ്.[BLURB#3-H]
നേരിയ ഭൂരിപക്ഷത്തിൽ മാത്രം മുഖ്യമന്ത്രി സ്ഥാനം കാക്കുന്ന ഉമ്മൻ ചാണ്ടിക്ക് മാണിയെ തളക്കേണ്ടത് ആവശ്യം ആയിരുന്നു. ഉമ്മൻ ചാണ്ടിയെ മറിച്ചിട്ട് മുഖ്യ മന്ത്രിയാവാൻ ചരട് വലിക്കുന്ന രമേശ് ചെന്നിത്തലയ്ക്കും ഒരു പിടി വള്ളി വേണമായിരുന്നു. ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും കെസി ജോസഫും ജോസഫ് വാഴക്കനും ഒക്കെ അടങ്ങുന്ന കോട്ടയത്തെ കോൺഗ്രസ്സ് നേതാക്കളുടെ എക്കാലത്തെയും വലിയ ശത്രുവായ മാണിയെ തളക്കാനുള്ള ഒരു വടിയായി ഇത് മാറുകയായിരുന്നു. ഒന്നോ രണ്ടോ എംഎൽഎമാരെ കൂട്ടി ജീവിത കാലം മുഴുവൻ മന്ത്രിയാകാൻ കാത്തിരിക്കുന്ന പിസി ജോർജ് ഈ അവസരം വിനിയോഗിക്കുക കൂടി ചെയ്തപ്പോൾ മാണി ബാർ കോഴ വിവാദത്തിലെ നായകനായി മാറി. കോട്ടയത്തെ കോൺഗ്രസ്സുകാരുടെ ഏറ്റവും വലിയ ശത്രുവായ കേരള കോൺഗ്രസ്സിന്റെ ശവമടക്ക് നടത്താൻ ഇതൊരു വഴിയായി മാറുകയായിരുന്നു.
കെഎം മാണിക്ക് ശേഷം കേരള കോൺഗ്രസ്സ് ഛിന്നഭിന്നമായി പോകണമെന്ന കോൺഗ്രസ്സിന്റെ അജണ്ടയാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. പിസി ജോർജിനെപ്പോലെയുള്ളവർക്ക് ഒന്നോ രണ്ടോ എംഎൽഎമാരുള്ള ഒരു ചെറിയ പാർട്ടി നടത്താൻ ആണ് താൽപ്പര്യം. ഈ ലക്ഷ്യത്തിന് വേണ്ടിയാണ് ഇവരെല്ലാവരും ഒരുമിച്ച് പ്രവർത്തിച്ചത്. അല്ലെങ്കിൽ യാതൊരു തെളിവുകളും ഇല്ലാതിരുന്നിട്ടും മാണിയുടെ കേസ് മാത്രം എങ്ങനെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു? ഗണേശ് കുമാർ നിയമ സഭയിൽ ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണം ഉന്നയിച്ചിട്ട് വല്ല ക്വിക്ക് വേരിഫിക്കേഷനും നടന്നോ? മുഖ്യ മന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെയുള്ള കേസ് നടന്ന ക്വിക്ക് വേരിഫിക്കേഷനിൽ ആരോപണം തള്ളിക്കളയുകയാണ് ചെയ്തത്. എന്നിട്ടും ഡ്രൈവറുടെ മൊഴി അനുസരിച്ച് കെഎം മാണിക്ക് എതിരെ മാത്രം എന്തുകൊണ്ട് കേസ് എടുത്തു? ഈ ചോദ്യം ഒന്നും ചോദിക്കാൻ കേരള കോൺഗ്രസ്സിൽ പോലും ആരുമില്ല എന്നത് കെഎം മാണി നേരിടുന്ന ഏറ്റവും വലിയ ദുരന്തം. തന്നേക്കാൾ ആരും വലുതാകാതിരിക്കാൻ അറ്റവും തലയും വെട്ടി വളർത്തിയതുകൊണ്ടാവാം ഈ ദുര്യോഗം.
ഈ വിവാദത്തിന്റ തുടക്കം മനോരമ ചാനലിൽ ചർച്ച ആയിരുന്നു എന്നോർക്കണം. ഉമ്മൻ ചാണ്ടിക്ക് വേണ്ടി എന്ത് ചെയ്യാനും മടിയില്ലാത്ത മനോരമ മനഃപൂർവ്വം ഇങ്ങനെ ഒരു വിവാദം സൃഷ്ടിച്ചെടുത്തതാണ് എന്ന് വ്യക്തമാക്കാൻ അനേകം സൂചനകൾ ഉണ്ട്. മാണി ഇടത് മുന്നിയിലേക്ക് പോവില്ല എന്ന ഉറപ്പിന് വേണ്ടി മാത്രമായിരുന്നു ഇതൊക്കെ എന്നാൽ നട്ടെല്ല് നിവർത്തി പിടിച്ച് ഇതൊന്നും ചോദിക്കാൻ മാണിക്ക് കഴിയുന്നുമില്ല. കാരണം പണം വാങ്ങിയതിന്റെ തെളിവ് വല്ലതും ബിജുവിന്റെ കയ്യിൽ ഉണ്ടാവുമോ എന്ന ഭയം തന്നെ. കൂടെ നിൽക്കുന്നവരിൽ എത്ര പേരെ വിശ്വസിക്കാൻ സാധിക്കും എന്ന ആധിയും ഒരു പക്ഷെ ഈ മൗനത്തിന് കാരണമാകും.[BLURB#4-VR]
അൽപ്പം എങ്കിലും വിവേകം മാണിക്ക് ഈ വിഷയത്തിൽ ഉണ്ടെങ്കിൽ ഒരു നിമിഷം പോലും കളയാതെ രാജി വയ്ക്കുകയാണ് വേണ്ടത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാൽ ഉമ്മൻ ചാണ്ടിയൊഴികെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട എല്ലാവർക്കും ഒടുവിൽ സമ്മർദ്ദം താങ്ങാതെ രാജി വയ്‌ക്കേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു സാഹചര്യത്തിൽ രാജി വയ്ക്കാൻ നിർബന്ധിതനാകുന്നതിനേക്കാൾ നല്ലത് ഇപ്പോൾ തന്നെ രാജി വച്ച് പുറത്ത് നിന്നും മന്ത്രിസഭയെ പിന്തുണയ്ക്കുകയാണ്. പറ്റിയാൽ ജോസഫും രാജി വയ്ക്കണം. മന്ത്രി സഭയിൽ ഇല്ലാത്ത കേരള കോൺഗ്രസ്സ് ആണ് മന്ത്രി സഭയിൽ ഉള്ള കേരള കോൺഗ്രസ്സിനേക്കാൾ ശക്തിയുള്ളത് എന്ന് മാണി ഇനിയെങ്കിലും തിരിച്ചറിയണം. ഇത് മാത്രമാണ് മാണിയുടെ മുൻപിൽ ഇപ്പോഴുള്ള ഏക പോം വഴി. കെബി ഗണേശ്‌കുമാറും, പികെ കുഞ്ഞാലിക്കുട്ടിയും പിസി ജോർജും, നീലലോഹിതദാസൻ നാടാരും കെ കരുണാകരനും ഒക്കെ ഇത്തരം അനുഭവങ്ങളുടെ തിരിച്ചറിവാണ്. അവരെപ്പോലെയാകും മുൻപ് രാജി വയ്ക്കാൻ മാണിയെ മകനെങ്കിലും ഉപദേശിക്കട്ടെ. എന്നിട്ട് അന്തസ്സായി അന്വേഷണത്തെ നേരിടട്ടെ. 20 പേർ ഒരുമിച്ച് നടത്തിയ തീവെട്ടിക്കൊള്ളയ്ക്ക് താൻ മാത്രം മറുപടി പറയേണ്ട സാഹചര്യം ഉണ്ടാവുകയില്ല എന്ന ആത്മവിശ്വാസം ആണ് മാണിക്ക് ആദ്യം വേണ്ടത്.
മാണി രാജി വച്ചാൽ പന്ന്യൻ രവീന്ദ്രനെ പിടിച്ചു മന്ത്രിസഭ നിലനിർത്താൻ ഉമ്മൻ ചാണ്ടി വിരുത് കാട്ടിയേക്കാം. പ്രതിപക്ഷത്ത് മറ്റാർക്കുമില്ലാത്ത ഉത്സാഹം ഇക്കാര്യത്തിൽ സിപിഐ പുലർത്തുന്നത് മാണി ഇടതുമുന്നണിയിലേക്ക് വന്ന് തങ്ങളുടെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന ഭയത്തിന്റെ പുറത്താണ്. അത് കാര്യമാക്കേണ്ടതില്ല. കേരളാ കോൺഗ്രസ്സിന് ഇനി രക്ഷ ഇടത് മുന്നണി മാത്രമാണ്. സിപിഎമ്മിന് ഇനി രക്ഷ കേരളാകോൺഗ്രസിനോടൊപ്പം മാത്രവും. മഷിയിട്ട് നോക്കിയാൽ അനുയായികളെ കണ്ടെത്താൻ പ്രയാസമുള്ള സിപിഐ പോയി പണി നോക്കട്ടെ. കേരളാ കോൺഗ്രസിന്റെ ചരിത്രത്തിൽ എക്കാലവും വില്ലൻ വേഷം കെട്ടിയിട്ടുള്ളത് കോൺഗ്രസ് തന്നെയായിരുന്നു. പിടി ചാക്കോ എന്ന നേതാവിനെ പെണ്ണ് കേസിൽ പെടുത്തി കൊന്നതിന്റെ പ്രതിഫലനമായി തുടങ്ങിയതാണ് കേരളാ കോൺഗ്രസ് എന്ന ചരിത്രം ആർക്ക് മറക്കാൻ കഴിയും? രാജി വയ്ക്കാൻ വൈകുന്ന ഓരോ നിമിഷവും മാണിയുടെയും കേരളാ കോൺഗ്രസിന്റെയും ഗ്രാഫ് കീഴോട്ട് നീക്കുകമാത്രമാണ് ചെയ്യുക. ആരോപണം ഉണ്ടായ ഉടൻ രാജി വച്ചാൽ ലഭിക്കാമായിരുന്ന പിന്തുണ ഇപ്പോഴില്ല. അതിനിയും താഴേക്ക് പോകും മുമ്പ് മാണി രാജിവച്ച് മദ്ധ്യതിരുവിതാംകൂറിലെ കേരളാ കോൺഗ്രസുകാരുടെ ആത്മാഭിമാനം സംരക്ഷിക്കട്ടെ.