തിരുവനന്തപുരം: ബാർകോഴ കേസിൽ കെ എം മാണിക്ക് അനുകൂലമായ വിജിലൻസ് നൽകിയ റിപ്പോർട്ട് കോടതി തള്ളി. തിരികെ യുഡിഎഫിലേക്ക് എത്തിയ കെ മാണിക്ക് കനത്ത തിരിച്ചടിയാണ് ഈ കേസ്. തള്ളിയത് വിജിലൻസിന്റെ രണ്ടാമത്തെ തുടർ അന്വേഷണ റിപ്പോർട്ടാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാൽ കേസ് നിലനിൽക്കില്ലെന്നാണു വിജിലൻസ് റിപ്പോർട്ട്. പുനരന്വേഷണത്തിന് വിജിലൻസ് സർക്കാരിൽനിന്ന് അനുവാദം വാങ്ങണമെന്നും കോടതി നിർദേശിച്ചു. പൂട്ടിയ ബാറുകൾ തുറക്കുന്നതിനു ധനമന്ത്രിയായിരുന്ന കെ.എം. മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നതാണു കേസ്.

അഴിമതി കേസുകളിലെ പുതിയ നിയമഭേദഗതി ബാർകേസിലും ബാധകമാകും. തുടരന്വേഷണത്തിനുള്ള സാധ്യത തുറന്നുകൊണ്ടാണ് കോടതിയുടെ നടപടി. തുടരന്വേഷണത്തിന് അനുമതി വാങ്ങാൻ കേസ് ഡിസംബർ 10 ലേക്ക് മാറ്റി. മനോരമ ന്യൂസ് ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കവേ ബാറുടമ ബിജു രമേശ് നടത്തിയ ആരോപണമാണ് ബാർകോഴ വിവാദത്തിന് തുടക്കമായത്. 2014 ഡിസംബർ പത്തിനാണു മാണിയെ പ്രതിയാക്കി ബാർ കോഴക്കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. യുഡിഎഫ് കാലത്തുൾപ്പെടെ മൂന്നു അന്വേഷണ റിപ്പോർട്ടുകൾ വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറ്റിയ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം സമർപ്പിച്ച രണ്ടു റിപ്പോർട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലൻസ് നിലപാട്.

മാണിയുടെ വസതിയിൽ ബാർ അസോസിയേഷൻ പ്രതിനിധികൾ ശേഖരിച്ച പണവുമായി എത്തിയിരുന്നെന്നും എന്നാൽ പണം മാണിക്കു കൈമാറിയതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ലെന്നും വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നും പുനരന്വേഷണത്തിനു ഉത്തരവിടണമെന്നുമാണ് വി എസ്. അച്യുതാനന്ദൻ അടക്കമുള്ള ഹർജിക്കാരുടെ ആവശ്യപ്പെട്ടത്.

തുടരന്വേഷണത്തിനുത്തരവിട്ടാൽ അതിനു നിയമഭേദഗതി തടസമാകില്ലേയെന്ന കോടതിയുടെ ചോദ്യത്തിനു തടസമാകില്ലെന്നു വിജിലൻസ് നിയമോപദേശകൻ മറുപടി നൽകിയിരുന്നു. അന്വേഷണത്തിനു സർക്കാരിന്റെ അനുമതി വേണമെന്ന അഴിമതി നിരോധന നിയമത്തിലെ 17 (എ)യിൽ അടുത്തകാലത്തു വന്ന ഭേദഗതിയാണ് തുടരന്വേഷണത്തിനു പ്രധാന തടസമായിരുന്നത്. എന്നാൽ, അഴിമതി നിരോധന നിയമത്തിലെ 17 (എ)യിൽ അടുത്തകാലത്തു വന്ന ഭേദഗതി കൂടി കണക്കിലെടുക്കുമ്പോൾ ഇനി സർക്കാരാണ് വിഷയത്തിൽ നിലപാടെടുക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ രാഷ്ട്രീയമമായി വിഷയത്തെ കൈകാര്യം ചെയ്യാനുള്ള അവസരമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

സത്യം തെളിഞ്ഞതിൽ സന്തോഷമെന്ന് ബിജു രമേശ്.

ബാർകോഴക്കേസിൽ സത്യം തെളിഞ്ഞതിൽ സന്തോഷമെന്ന് ബിജു രമേശ്. കുറ്റക്കാരൻ ആണെന്ന് കോടതിക്ക് മനസിലായിയെന്ന് ബിജു രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് ബിജു രമേശ് പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചത് കെ എം മാണിക്ക് വേണ്ടിയാണെന്ന് ബിജു രമേശ് ആരോപിച്ചു. കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്നും കേസിൽ കെ എം മാണിക്കെതിരെ ആരോപണം ഉന്നയിച്ച ബിജു രമേശ് വ്യക്തമാക്കി.