കള്ളക്കൂട്ടങ്ങളെ വെറുതെ വിടില്ലെന്ന് വി എസ്; കോടതിയുടെ പരിഗണനയിലുള്ള വിജിലൻസ് റിപ്പോർട്ടിൽ ചർച്ച പറ്റില്ലെന്ന് ചെന്നിത്തലയും; ബാർ കോഴയിൽ നിയമസഭ ഇന്നും സ്തംഭിച്ചു
തിരുവനന്തപുരം: ബാർകോഴകേസിൽ നിയമസഭ ഇന്നും സ്തംഭിച്ചു. ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷബഹളം.മാണി രാജി വെക്കണമെന്നാവശ്യപ്പെട്ടുള്ള പ്ളക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബാർ കോഴ അട്ടിമറിച്ചത് ചർച്ചചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഉടന
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ബാർകോഴകേസിൽ നിയമസഭ ഇന്നും സ്തംഭിച്ചു. ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷബഹളം.മാണി രാജി വെക്കണമെന്നാവശ്യപ്പെട്ടുള്ള പ്ളക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ബാർ കോഴ അട്ടിമറിച്ചത് ചർച്ചചെയ്യണമെന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഉടനെ സ്പീക്കർ തിരക്കിട്ട് സഭാ നടപടികൾ അവസാനിപ്പിച്ചു. പ്രതിപക്ഷം സഭയിൽനിന്നിറങ്ങി ധർണനടത്തി.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ മാണിയുടെ രാജി ആവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ബഹളം കൂട്ടിയിരുന്നു. ചോദ്യോത്തരവേളയിൽ മറ്റൊന്നും ചർച്ച ചെയ്യാനാവില്ലെന്ന് സ്പീക്കർ അറിയിച്ചതിനെത്തുടർന്ന് പ്രതിപക്ഷം ബഹളം നിറുത്തി. ചോദ്യോത്തര വേളയ്ക്ക് ശേഷം മാണിയെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കെ.സുരേഷ് കുറുപ്പ് എംഎൽഎയാണ് ഇക്കാര്യം വ്യക്തമാക്കി സഭയിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്. എന്നാൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയിൽ ചർച്ച ചെയ്യുന്നത് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയ സ്പീക്കർ പ്രമേയത്തിന് അനുമതി നിഷേധിച്ചു.
വിജിലൻസ് റിപ്പോർട്ട് ഔദ്യോഗികമായി സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അന്തിമ റിപ്പോർട്ട് കോടതിയുടെ പരിഗണനയിലാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം ചർച്ച ചെയ്യുന്നത് ചട്ടലംഘനമാണെന്ന് ആവർത്തിച്ച അദ്ദേഹം ഇത്തരം ചർച്ചകൾ കോടതിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി. വിജിലൻസ് കുറ്റമറ്റ രീതിയിലാണ് കേസ് അന്വേഷിച്ചത്. എല്ലാ ശാസ്ത്രീയ തെളിവെടുപ്പും നടത്തിയാണ് അന്തിമ റിപ്പോർട്ട് തയ്യാറാക്കിയതെന്നും നിയമോപദേശം തേടുന്നത് എല്ലാ ക്രിമിനൽ കേസുകളിലേയും പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണപക്ഷത്തിന് ഒരു നിയമവും പ്രതിപക്ഷത്തിന് മറ്റൊരു നിയമവുമാണെന്ന് സുരേഷ് കുറുപ്പ് ആരോപിച്ചു. മാണി ശുദ്ധനാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്ന് മാണിയെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. കള്ളക്കൂട്ടങ്ങളെയൊന്നും വെറുതേ വിടില്ലെന്നും കോടതിയെങ്കിൽ കോടതിയെന്നും വി എസ് വ്യക്തമാക്കി.
പ്രതിഷേധവുമായി പ്രതിപക്ഷം പിന്നീട് സഭയുടെ നടുത്തളത്തിലിറങ്ങി. സഭയിൽ ഈ വിഷയം ചർച്ച ചെയ്യാൻ അവകാശമുണ്ടെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സഭാനടപടികൾ വേഗത്തിൽ പൂർത്തിയാക്കി സ്പീക്കർ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി പ്രതിഷേധിച്ചു.