തിരുവനന്തപുരം: നീതിപൂർവ്വകമായ അന്വേഷണമാണ് ബാർ കോഴയുമായി ബന്ധപ്പെട്ട് നടത്തുന്നതെന്ന ഉമ്മൻ ചാണ്ടി സർക്കാറിന്റെ വാദം ജനങ്ങളെ കബളിപ്പിക്കാനായിരുന്നുവെന്ന് തെളിയിക്കുന്നതാണ് വിജിലൻസ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഉത്തരം ആദ്യം തീരുമാനിച്ച് നടത്തിയ അന്വേഷണമാണ് ബാർ കോഴയിൽ നടന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള വിജിലൻസിനെയും നിയമോപദേശകനെയും ഉപയോഗിച്ച് കേസ് സർക്കാർ തന്നെ അട്ടിമിറിച്ചു. മാണിക്കെതിരെ കുറ്റപത്രം നൽകിയാൽ സർക്കാറിനെ വീഴ്‌ത്തും എന്ന ഭീഷണി വിജയിച്ചിരിക്കുന്നു.

മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും നേതൃത്വത്തിലാണ് ഇത് നടന്നിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ തെളിവുകൾ കോടതിക്ക് മുമ്പിൽ സമർപ്പിച്ച് നീതിപീഠത്തിന്റെ തീർപ്പിന് വിടുകയായിരുന്നു വേണ്ടിയിരുന്നത്. സർക്കാറോ മന്ത്രിമാരോ ഉദ്യോഗസ്ഥരോ അല്ല കേസിലെ വിധി പ്രഖ്യാപിക്കേണ്ടത്. അത് കോടതി ചെയ്യേണ്ട കാര്യമാണ്. നിരപരാധിയാണെങ്കിൽ അത് കോടതി മുമ്പാകെ തെളിയിക്കാൻ അവസരമുണ്ട്. സ്വാധീനിക്കാൻ കഴിയുന്ന മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് നടത്തുന്ന അന്വേഷണം ഒരിക്കലും സ്വതന്ത്രവും നീതിപൂർവ്വകവുമാകില്ല എന്ന കാര്യം ആർക്കും അറിയുന്നതാണ്. വിജിലൻസിനെ സ്വതന്ത്രമാക്കണമെന്ന ഹൈക്കോടതി നിരീക്ഷണം കൂടുതൽ പ്രസക്തമാകുന്നത് ഇവിടെയാണ്. പരാതിയുള്ളവർ കോടതിയെ സമീപിക്കണമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന നീതിവാഴ്ചക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു.