- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ കെപിസിസി ഓഫീസിലും രമേശ് ചെന്നിത്തലയ്ക്കും വി എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്ന ബിജുരമേശിന്റെ വെളിപ്പെടുത്തൽ: എന്തുനടപടി സ്വീകരിച്ചെന്ന് അറിയിക്കാൻ വിജിലൻസ് കോടതി നിർദ്ദേശം
തിരുവനന്തപുരം: ബാറുടമ ബിജു രമേശ് നടത്തിയ വെളിപ്പെടുത്തലിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് നൽകിയ പരാതികളിൽ എന്തുനടപടി സ്വീകരിച്ചെന്ന് അറിയിക്കണമെന്ന് കോടതി. ബാർ കോഴ അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിർദ്ദേശം.
ബാർ ലൈസൻസ് ഫീസ് കുറയ്ക്കാനായി ബാറുടമകൾ പിരിച്ച പണം കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ രമേശ് ചെന്നിത്തലയ്ക്കും മുൻ മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്ക് നൽകിയെന്ന വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. സിപിഐ ജില്ലാ കമ്മിറ്റി അംഗം പി കെ രാജുവാണ് പരാതി നൽകിയത്. ഇതേ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡയറക്ടർക്ക് മുന്നിൽ മറ്റ് പരാതികൾ കൂടി ലഭിച്ചിട്ടുണ്ട്.
ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തൽ വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്താനായിരുന്നു തീരുമാനം. ഡിജിപിക്ക് ലഭിച്ച പരാതിയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തുകയാണ്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് കെപിസിസി ഓഫിസിലും, രമേശ് ചെന്നിത്തലയ്ക്കും, വി എസ് ശിവകുമാറിനുമടക്കം 20 കോടി രൂപ നൽകിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. കെഎം മാണിക്കെതിരായ ആരോപണം പിൻവലിക്കുന്നതിന് ജോസ് കെ മാണി 10 കോടി രൂപ വാഗ്ദാനം ചെയ്തെന്നും ബിജു പറഞ്ഞിരുന്നു. കോഴ നൽകിയതിന്റെയടക്കം വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസും ക്രൈംബ്രാഞ്ചും ആരോപണം പരിശോധിക്കുന്നത്.
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതികളിൽ രഹസ്യാന്വേഷണം നടത്താനാണ് തീരുമാനിച്ചത്. പൂജപ്പുര വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല. ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുത്തന്വേഷണത്തിന് ശുപാർശ ചെയ്യും. ഡിജിപിക്ക് ലഭിച്ച പരാതിയിൽ പ്രാഥമിക അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനും നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള കോൺഗ്രസ് നിയോഗിച്ച സ്വകാര്യ ഏജൻസിയുടെതെന്ന് പറഞ്ഞ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ബാർ കോഴ വിവാദത്തിൽ കൂടുതൽ ആരോപണവുമായി ബിജു രമേശ് രംഗത്തെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ