കൊച്ചി: കണ്ണൂർ-കുറ്റിപ്പുറം റോഡിൽ തുറന്ന 13 മദ്യശാലകൾ പൂട്ടിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഇവ ഏതെല്ലാമെന്ന് അറിയിക്കാൻ സർക്കാരിനു ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. ചേർത്തല കഴക്കൂട്ടം ഭാഗത്തു മദ്യശാലകൾ തുറന്നിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ചേർത്തല മുതൽ കഴക്കൂട്ടം വരെയും കണ്ണൂർ മുതൽ കുറ്റിപ്പുറം വരെയുമുള്ള പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതിനെതിരായ ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കുറ്റിപ്പുറം മുതൽ കണ്ണൂർ വരെയുള്ള പാത ദേശീയ പാതയാണോയെന്നതിൽ സംശയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ദേശീയ പാത അഥോറിറ്റിയോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. വാദം നടക്കവെ ശക്തമായ വിമർശനമാണ് എക്സൈസ് വകുപ്പിനെതിരെ കോടതി നടത്തിയത്.

വിധി പരിശോധിക്കാതെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാറുകൾ തുറന്ന് കൊടുക്കാൻ അനുമതി നൽകിയത്. ഈ ഉദ്യോഗസ്ഥന്മാർ മിടുക്കന്മാരാണെന്നും കോടതി പറഞ്ഞു. ബാറുകൾക്ക് പ്രവർത്തന ലൈസൻസ് നൽകിയ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലയിലെ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാരോട് നേരിട്ട് കോടതിയിൽ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയെ കക്ഷിചേർത്തിട്ടുമുണ്ട്. കേസ് വരുന്ന 14-ന് വീണ്ടും പരിഗണിക്കും.

ഇന്നലെ ഹർജി പരിഗണിച്ച ഹൈക്കോടതി, പാതയോരത്തെ മദ്യശാലകൾ തുറക്കാനുള്ള നീക്കത്തെ ശക്തമായി വിമർശിച്ചിരുന്നു. കോടതി വിധി ദുർവ്യാഖ്യാനം ചെയ്‌തെന്നു കണ്ടാൽ പുനഃപരിശോധിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഒരു മദ്യശാലയും തുറക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൊയിലാണ്ടി നഗരസഭാംഗം വി.പി. ഇബ്രാഹിംകുട്ടി നൽകിയ പുനഃപരിശോധനാ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.