തിരുവനന്തപുരം: എല്ലാം ശരിയാക്കാം എന്ന രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ടു വെച്ചും യുഡിഎഫിന്റെ മദ്യനയം പൊളിച്ചെഴുതുമെന്നും വ്യക്തമാക്കിയ പിണറായി വിജയർ സർക്കാർ ഒടുവിൽ മദ്യപരുടെ കാര്യം ശരിയാക്കി! എൽഡിഎഫ് സർക്കാറിന്റെ പുതിയ മദ്യനയപ്രകാരം സംസ്ഥാനത്ത് നിയമാനുശ്രുതം പ്രവർത്തിക്കാവുന്ന ബാറുകൾ തുറക്കും. ഇക്കാര്യത്തിൽ പുതിയ മദ്യനയത്തിന് എൽഡിഎഫ് യോഗം അനുമതി നൽകി.

നിയമതടസമില്ലാത്ത എല്ലാ ബാറുകൾക്കും അനുമതി നൽകാനാണ് എൽഡിഎഫ് തീരുമാനമെന്നാണ് സൂചന. ഫൈസ്റ്റാർ ബാറുകൾക്ക് പുറമെ പാതയോരത്തുനിന്ന് നിശ്ചിത അകലം പാലിക്കുന്ന ത്രീസ്റ്റാർ, ഫോർസ്റ്റാർ ബാറുകൾക്ക് അനുമതി നൽകും. ടൂസ്റ്റാർ ഹോട്ടലുകൾക്ക് ബിയർ ആൻഡ് വൈൻ പാർലറുകൾ അനുവദിക്കും. കള്ളുവിൽപ്പന വർധിപ്പിക്കും. ഇതിന്റെ ഭാഗമായി കള്ളുവിൽപ്പന മദ്യാഷാപ്പുകൾക്ക് പുറത്തേക്കും വ്യാപിപ്പിക്കും. മദ്യനയം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് വൈകീട്ട് ഉണ്ടാകുമെന്നാണ് സൂചന.

സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യനിരോധനത്തിന്റെ പരിധിയിൽ വരാത്ത ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ബാറുകളാണ് തുറക്കുവാൻ പോകുന്നത്. ടു സ്റ്റാർ ബാറുകൾക്ക് ഇനിമുതൽ ബിയർ, വൈൻ വിൽപ്പനയ്ക്കുള്ള അനുമതി മാത്രമായിരിക്കും നൽകുന്നത്. കള്ളിന്റെ വിൽപ്പന ഷാപ്പുകൾക്ക് പുറത്തേക്ക് വ്യാപിക്കാനും സർക്കാർ ആലോചിച്ചിട്ടുണ്ട്. ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാനും കള്ള് വ്യവസായം സംരക്ഷിക്കുന്നതിനായി ടോഡി ബോർഡ് രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്.

എല്ലാ നിയമപ്രശ്നങ്ങളും പഠിച്ചായിരിക്കും തീരുമാനമെന്നും നിയമപരമായ എതിർപ്പുകൾ മറികടക്കുന്ന രീതിയിൽ വേണം തീരുമാനമെന്നും എൽഡിഎഫ് യോഗത്തിൽ അഭിപ്രായം ഉയർന്നു. നിലവിൽ പല എതിർപ്പുകൾ നേരിടുന്ന സാഹചര്യത്തിൽ അതെല്ലാം പരിഗണിച്ച വലിയൊരു ചർച്ചയായിരുന്നു നടന്നത്. അതേസമയം തന്നെ മദ്യവർജ്ജനത്തിന് ആവശ്യമായ പ്രചരണം സർക്കാർ നടത്തും. തീരുമാനം വരും ദിവസങ്ങളിൽ പ്രതിപക്ഷത്തിന്റേത് ഉൾപ്പെടെ വൻ പ്രതിഷേധത്തിന് കാരണമായേക്കും.

പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെ സംസ്ഥാനത്തെ 730 ബാറുകളാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തെ തുടർന്ന് അടച്ചുപൂട്ടിയത്. ആ സമയത്ത് 38 ബാറുകൾക്ക് മാത്രമാണ് ഫോർസ്റ്റാർ പദവി ഉണ്ടായിരുന്നതും. പൂട്ടിയ 730 ബാറുകൾക്കും സർക്കാർ ബിയർ-വൈൻ പാർലർ ലൈസൻസുകൾ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിൽ 615 ബാറുകൾ മാത്രമാണ് ബിയർ-വൈൻ പാർലറുകളായി രൂപാന്തരപ്പെട്ടത്. ഇതിൽ 112 സ്ഥാപനങ്ങൾക്ക് ഇപ്പോൾ ഫോർ സ്റ്റാർ പദവിയുണ്ട്.