തിരുവനന്തപുരം: മദ്യപാനികൾക്ക് സന്തോഷ വാർത്ത. സംസ്ഥാനത്തെ ബാറുകളിലും കള്ളുഷാപ്പുകളിലും നാളെ മുതൽ ഇരുന്ന് മ​ദ്യപിക്കാം. ബാറുകൾ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കുന്നതിന് അനുവാദം നൽകി സർക്കാർ ഉത്തരവിറക്കി. ബിയർ, വൈൻ പാർലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്പാം. ബെവ്‍കോ ഔട്ട്ലറ്റുകളുടെ പ്രവർത്തന സമയം രാത്രി ഒൻപത് വരെയാക്കും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം പ്രവർത്തനം.

എക്സൈസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണ് സർക്കാർ തീരുമാനം. നിലവിൽ ബാറുകളിൽ പാഴ്സൽ വിൽപ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്. ബാറുടമകളുടെ ആവശ്യം ഇതിന് മുമ്പ് എക്സൈസ് വകുപ്പ് അംഗീകരിച്ചിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ തീരുമാനം നീട്ടി വയ്ക്കുകയായിരുന്നു. ബാറുകൾ തുറക്കുമ്പോൾ കോവിഡ് മാനദണ്ഡം കർശനമായി ഉറപ്പുവരുത്തും.

കോവിഡിനെ തുടർന്ന് അടച്ചിട്ട ബാറുകൾ പിന്നീട് തുറന്നെങ്കിലും കൗണ്ടറുകൾ മദ്യം വിൽക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് ബാറുകൾ തുറന്നു പ്രവർത്തിക്കുന്നത്. ലോക്ഡൗൺ ആരംഭിച്ചപ്പോഴാണ് ബാറുകൾ പൂട്ടിയത്. കൗണ്ടറുകളിലൂടെയുള്ള വിൽപ്പന മാത്രമാണ് ഇപ്പോഴുള്ളത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം. ഒരു മേശയ്ക്ക് ഇരുവശവും അകലം പാലിച്ച് രണ്ടുപേരെ മാത്രമേ ഇരിക്കാൻ അനുവദിക്കൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് എക്സൈസും പൊലീസും ഉറപ്പുവരുത്തും.

ഇതര സംസ്ഥാനങ്ങളിൽ ബാറുകൾ തുറന്നപ്പോൾ തന്നെ സംസ്ഥാനത്തും തുറക്കണമെന്നാവശ്യപ്പെട്ട് ബാർ ഓണേഴ്സ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, തനിക്ക് മാത്രമായി തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു എക്സൈസ് മന്ത്രിയുടെ നിലപാട്. ബാറുടമകൾ പാർട്ടി നേതൃത്വത്തെ സമീപിച്ചതിനു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചർച്ച ചെയ്തു. സെക്രട്ടേറിയറ്റിൽ അനുകൂല നിലപാടുണ്ടായെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായിവരുന്ന ഘട്ടമായതിനാൽ സാവകാശം മതി ബാർ തുറക്കലെന്നു തീരുമാനിക്കുകയായിരുന്നു. പിന്നാലെ കോവിഡ് രൂക്ഷമായേക്കുമെന്ന ആരോഗ്യ സെക്രട്ടറിയുടെ റിപ്പോർട്ടും വന്നതോടെയാണ് സർക്കാർ അന്ന് ബാർ തുറക്കൽ മാറ്റിവച്ചത്