ന്യൂഡൽഹി: പ്രമാദമായ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം വിട്ട മെഹുൽ ചോക്‌സിയെ ആന്റിഗ പൊലീസ് പിടികൂടിയതിന് പിന്നാലെ ഉയർന്ന വന്ന പേരാണ് ബാർബറ ജബറിക്ക. ഇരുവരും ഒരുമിച്ചു ചിത്രങ്ങളുൾപ്പടെ പ്രചരിച്ചതോടെ ചോക്‌സിയുടെ കാമുകി എന്ന പേരിലാണ് ഇവരെ സോഷ്യൽ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തത്.ചോക്‌സിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടും അതിൽ ബാർബറക്ക് പങ്കുണ്ട് എന്നതിനെക്കുറിച്ചുമൊക്കെ ഊഹാപോഹങ്ങളും കിംവന്തികളും വ്യാപകമായെങ്കിൽ വിഷയത്തിൽ ബാർബറ ഇതുവരെ പ്രതികരിച്ചിരുന്നില്ല.എന്നാൽ തനിക്കെതിരെ പ്രചരണങ്ങൾ വർധിച്ചതോടെ മൗനം വെടിഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇവർ.ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.

തന്നെയും ചോക്‌സി ചതിക്കുകയായിരുന്നുവെന്നാണ് ബാർബറ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് സമ്മാനമായ നൽകിയ ആഭരണങ്ങൾ എല്ലാം തന്നെ മുക്കുപണ്ടമായിരുന്നെന്നുമാണ് ബർബറ പറയുന്നത്.ചോക്‌സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ് ഈ വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതെന്നും ബാർബറ വ്യക്തമാക്കുന്നു.

' ഞാൻ ചോക്‌സിയുടെ ഒരു സുഹൃത്തായിരുന്നു. കഴിഞ്ഞ വർഷത്തെ ആന്റിഗ്വൻ സന്ദർശനത്തിനിടെയാണ് ചോക്‌സിയെ കാണുന്നത്. രാജ് എന്ന പേരിലാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം ശൃംഗാരവും പ്രേമവും തുടങ്ങി. വജ്രമോതിരങ്ങളും മാലകളും അദ്ദേഹം സമ്മാനിച്ചിരുന്നു. പിന്നീടാണ് അതെല്ലാം മുക്കുപണ്ടങ്ങളാണെന്നു മനസ്സിലായത്. ഞാനും എന്റെ കുടുംബവും കടുത്ത മാനസികപ്രയാസത്തിലാണ്.''- ബാർബറ പറഞ്ഞു.

ബാർബറയുടെ വീട്ടിലെത്തിയ തന്നെ ഒരു സംഘം ആളുകൾ മർദിച്ച് തട്ടിക്കൊണ്ടുപോയെന്നായിരുന്നു കഴിഞ്ഞ ദിവസം മെഹുൽ ചോക്‌സി ആന്റിഗ്വൻ പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ബാർബറ ജബറിക്കയുടെ മരിനയിലെ വീട്ടിലെത്തിയ തന്നെ പത്തോളം പേർ ചേർന്ന് മർദിച്ചു. ഇവർ തന്റെ പണവും ഫോണും പിടിച്ചുവാങ്ങി. പിന്നീട് തോണിയിൽ തട്ടിക്കൊണ്ടുപോയെന്നും ചോക്‌സി ആരോപിച്ചിരുന്നു. എന്നാൽ മെഹുൽ ചോക്‌സിയെ തട്ടിക്കൊണ്ടുപോയതിൽ തനിക്ക് പങ്കില്ലെന്ന് ബാർബറ ജബറിക്ക അഭിമുഖത്തിൽ പറഞ്ഞു.

ബാർബറ തന്റെ കാമുകിയാണെന്നും സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടെന്നും അന്നേ ദിവസം പതിവിന് വിപരീതമായി ബാർബറ തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ചോക്‌സിയുടെ പരാതിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബാർബറ ജബറിക്കയുടെ പ്രതികരണവും പുറത്തുവന്നിരിക്കുന്നത്.

ആന്റിഗ്വ പ്രധാനമന്ത്രി ചോക്സിയുടെ അറസ്റ്റിനെ കുറിച്ച് പറയുമ്പോൾ നടത്തിയ വെളിപ്പെടുത്തലിലുടെയാണ് ബാർബറ ജബറിക്ക കഥയിലേക്ക് വരുന്നത്.ഈ യുവതി ചോക്സിയുടെ കാമുകിയാണെന്നും അതല്ല വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്നും രണ്ട് വാദങ്ങൾ ഉയർന്നിരുന്നു.ആഡംബര യാനങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ബാർബറ എന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇന്ത്യൻ വ്യവസായിയുടെ കോടികൾ കണ്ട് ഒപ്പം കൂടിയതാണോ എന്ന സംശയങ്ങളും മാധ്യമങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ യാച്ചുകളിലും ഹെലികോപ്ടറുകളിലും കറങ്ങി നടക്കുന്ന ബാർബറയുടെ ചിത്രങ്ങളുണ്ട്. കരീബിയയിലെ ഉന്നത ലക്ഷ്വറി ഹോട്ടലുകളിലെ പാർട്ടികളിലുയം താരമാണ് ഈ നിഗൂഢ സുന്ദരി. കുറച്ചു കാലമായി തന്നെ ബാർബറയുമായി ചോക്സിക്ക് ബന്ധമുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

ആന്റിഗ്വൻ പ്രധാനമന്ത്രി ബർബുഡ ഗസ്സ്റ്റൺ ബ്രൗൺ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത് ഡൊമനിക്കിയിൽ കാമുകിയെ കാണാൻ പോയപ്പോഴായിരുന്നു മെഹുൽ ചോക്സിയെ അറസ്റ്റു ചെയ്തത് എന്നായിരുന്നു. സ്വന്തം യാച്ചിൽ ബാർബറയെ കാണാൻ ചോക്സി പോകുകയായിരുന്നു. ബാർബറയെ കണ്ട് അത്താഴം കഴിച്ച് നല്ല സമയം ചിലവഴിച്ചു. അതിന് ശേഷമാണ് ചോക്സിയെ അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ബാർബറയെ കാണാനില്ലെന്നും ആന്റിഗ്വൻ പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

മെയ് 23-നാണ് മെഹുൽ ചോക്‌സിയെ ആന്റിഗ്വയിൽനിന്ന് കാണാതായത്. അദ്ദേഹം ആന്റിഗ്വയിൽനിന്ന് മുങ്ങിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ മെഹുൽ ചോക്‌സിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നത്. ഇന്ത്യൻ ബന്ധങ്ങളുള്ളവരാണ് തട്ടിക്കൊണ്ടുപോയതെന്നും ആന്റിഗ്വയിലെ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണ് ഇത് നടന്നതെന്നും ഇവർ വാദിക്കുന്നു. ചോക്‌സിയെ ഇവർ മർദിച്ചതായും പിന്നീട് ബോട്ടിൽ ഡൊമിനിക്കയിലേക്ക് കൊണ്ടുപോയെന്നുമാണ് അഭിഭാഷകരുടെ വാദം.

ചോക്‌സിയുടെ ബാർബറ നീണ്ട പരിശ്രമത്തിനൊടുവിലാണ് അദ്ദേഹവുമായി പരിചയം സ്ഥാപിച്ചത്. രാവിലെയും വൈകിട്ടും നടക്കാനിറങ്ങുന്ന ചോക്‌സിയെ അവർ സ്ഥിരമായി നേരിട്ടു കണ്ട് സംസാരിച്ചു. മെയ് 23-ാം തീയതി യുവതി തന്റെ അപ്പാർട്ട്‌മെന്റിലേക്ക് ചോക്‌സിയെ ക്ഷണിച്ചു. ഇതനുസരിച്ച് അപ്പാർട്ട്‌മെന്റിലെത്തിയ ചോക്‌സിയെ അവിടെ കാത്തിരുന്ന ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് അഭിഭാഷകർ പറയുന്നത്.

ഇന്ത്യൻ ബാങ്കുകളിൽ നിന്നും 13,500 കോടി രൂപയും അടിച്ചുമാറ്റി ഇന്ത്യൻ ഡയമണ്ട് വ്യാപാരി മെഹുൽ ചോക്സി കരീബിയയിലേക്ക് മുങ്ങിയത് അടപൊളി ജീവിതം ലക്ഷ്യമിട്ടു തന്നെയായിരുന്നു. ഇപ്പോൾ ഡൊമിനിക്കയിൽ വെച്ച് പിടിയിലായതോടെ അദ്ദേഹം ആഗോള പാപ്പരാസികളുടെ തന്നെ താരമാണ്