തിരുവനന്തപുരം: ഈയാഴ്ചത്തെ ബാർക്ക് റേറ്റിങ് പുറത്തുവന്നപ്പോൾ ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സ് ടിവിക്ക് ക്ഷീണം. പ്രോഗ്രാം ചാനലുകളിൽ ഫ്‌ളവേഴ്‌സ് ടിവി മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൂര്യ ടിവിയാണ് മൂന്നാം സ്ഥാനത്തേക്ക് ഇടിച്ചുകയറിയത്.
ഏഷ്യാനെറ്റ് ഒന്നാമതായി തുടരുമ്പോൾ, മഴവിൽ മനോരമ രണ്ടാം സ്ഥാനത്താണ്. പോയിന്റ് നിലയിൽ ഏ്ഷ്യാനെറ്റും മറ്റുചാനലുകളും തമ്മിൽ വലിയ അന്തരമാണുള്ളത്. ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതായി തുടരുന്നു.

പ്രോഗ്രാം ചാനലിൽ 896.99 പോയിന്റാണ് ഏഷ്യാനെറ്റിനുള്ളത്. രണ്ടാമതുള്ള മഴവിൽ മനോരമയ്ക്ക് 204.51 പോയിന്റും. മൂന്നാം സ്ഥാനത്തുള്ള സൂര്യ ടിവിക്ക് 193.02 പോയിന്റ്. കഴിഞ്ഞ ആഴ്ചത്തെ മൂന്നാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് വീണ ഫ്‌ളവേഴ്‌സിന് 169. 37 പോയിന്റ് മാത്രം.

152.50 പോയിന്റുമായി സീ കേരളം അഞ്ചാമതും, 133.67 പോയിന്റുമായി കൈരളി ആറാം സ്ഥാനത്തും, 45.06 പോയിന്റ് മാത്രമുള്ള അമൃത ഏഴാം സ്ഥാനത്തുമാണ്. ബാർക് റേറ്റേിങ് മാർച്ചിൽ തിരിച്ചെത്തിയപ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു സൂര്യ ടിവി. അവിടെ നിന്നാണ് ശ്രീകണ്ഠൻ നായരുടെ ഫ്‌ളവേഴ്‌സിനെ പിന്തള്ളി മൂന്നാമത് എത്തിയത്. അതായത് ഏഷ്യാനെറ്റിന് ശേഷം മലയാളത്തിൽ പ്രോഗ്രാം ചാനലുമായി എത്തിയ സൂര്യ പ്രേക്ഷക പിന്തുണയിൽ മുന്നേറുന്നുവെന്നാണ് ബാർക് ചൂണ്ടിക്കാട്ടുന്നത്. സീരിയലുകളുടെ മികവിലാണ് ഏഷ്യാനെറ്റിന്റെ മുന്നേറ്റമെന്നും വ്യക്തമാണ്.

മലയാളത്തിലെ ന്യൂസ് ചാനലുകളിൽ ഏഷ്യാനെറ്റ് ന്യൂസാണ് നമ്പർ വൺ. എല്ലാ മേഖലയിലും ഏഷ്യാനെറ്റ് ന്യൂസിന് മുൻതൂക്കമുള്ളതായി അവർ അവകാശപ്പെടുന്നു. എല്ലാ തരം പ്രേക്ഷകർക്കിടയിലും ഏഷ്യാനെറ്റ് ന്യൂസിനാണ് മുൻതൂക്കമെന്നും അവർ പറയുന്നു. 88.65 പോയിന്റാണ് 15ാ മത്തെ ആഴ്ചയിൽ ഏഷ്യാനെറ്റിന് ഉള്ളത്. 66.14 പോയിന്റുമായി 24 ന്യൂസ് രണ്ടാമതും, 56.10 പോയിന്റുമായി മനോരമ മൂന്നാം സ്ഥാനത്തും തുടരുന്നു.

32.92 പോയിന്റ് മാത്രമുള്ള മാതൃഭൂമി ബഹുദൂരം പിന്നിലാണ്. നാലാമതുള്ള മാതൃഭൂമി കഴിഞ്ഞാൽ, 23.17 പോയിന്റുമായി ജനം ടിവിയാണ്. കൈരളി ന്യൂസ് 20.36 പോയിന്റുമായി ആറാമത് നിൽക്കുമ്പോൾ ന്യൂസ് 18 ന് 14.54 പോയിന്റ് മാത്രമാണ് ഉള്ളത്. ഇടക്കാലത്ത് നിരോധനവും മറ്റും നേരിട്ട മീഡിയ വണ്ണിന് 13.11 പോയിന്റ് മാത്രം.

ബാർക്ക് നിരവധി മാറ്റങ്ങളുമായാണ് വീണ്ടും എത്തിയത്. നേരത്തെ അവരുടെ വെബ് സൈറ്റിൽ നിന്നു തന്നെ മലയാളത്തിലെ ന്യൂസ്-പ്രോഗ്രാം ചാനലുകളുടെ റേറ്റിങ് വിവരങ്ങൾ കിട്ടുമായിരുന്നു. എന്നാൽ ഇപ്പോൾ കേരളത്തിലെ പ്രധാന അഞ്ചു ചാനലുകൾ മാത്രമാണ് സൈറ്റിൽ കാണിക്കുന്നത്. ബാക്കിയുള്ള റേറ്റിങ് റിപ്പോർട്ട് ബാർക്കിലെ അംഗങ്ങൾക്ക് നേരിട്ട് കൈമാറും.

വിവാദങ്ങളുടെ പശ്ചാതലത്തിൽ ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന പ്രതിവാര ടി.ആർ.പി റേറ്റിങ് നിർത്തിവെച്ചത് 2020 ഒക്ടോബറിലാണ്. അതിന് ശേഷം മാർച്ചിലാണ് വീണ്ടും റേറ്റിങ് എത്തുന്നത്. റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് ഇത് നിർത്തിവെക്കുന്നതെന്ന് റേറ്റിങ് ഏജൻസിയായ ബാർക് വ്യക്തമാക്കിയിരുന്നു. ടി.വി.കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന റേറ്റിങ് സംവിധാനത്തിൽ തട്ടിപ്പ് നടന്നതായുള്ള പരാതിയിൽ മുംബൈ പൊലീസ് മൂന്ന് ചാനലുകൾക്കെതിരെ കേസെടുത്തിരുന്നു.

റിപ്പബ്ളിക് ടി.വിക്കും രണ്ട് മറാഠി ചാനലുകൾക്കും എതിരെയായിരുന്നു കേസ്. കാഴ്ചക്കാരുടെ എണ്ണം അളക്കുന്ന മീറ്ററുകൾ സ്ഥാപിച്ചിട്ടുള്ള വീട്ടുകാർക്ക് പണം നൽകി സ്വാധീനിക്കുന്നു എന്നായിരുന്നു മുംബൈ പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ന്യൂസ് ചാനലുകളുടെ റേറ്റിങ് പുറത്തുവിടുന്നത് തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ഇതിനുള്ള ഏജൻസിയായ ബാർക് തീരുമാനിച്ചത്. ബാർക്കിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും വ്യക്തമാക്കിയിരുന്നു.