ബാഴ്‌സലോണ: ലാലിഗ സീസണിലെ ആദ്യ എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ ഗോൾ മഴയിൽ മുക്കി ബാഴ്‌സലോണ. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്‌സ റയലിനെ കെട്ടുകെട്ടിച്ചത്. ബാഴ്‌സയ്ക്ക് വേണ്ടി ലൂയി സുവാരസ് ഹാട്രിക് നേടി. കുട്ടീന്യോയും അർത്തൂറോ വിദാലുമാണ് ബാഴ്‌സയ്ക്കായി വല കുലുക്കിയത്. രണ്ടാം പകുതിയിൽ ബ്രസീലിന്റെ മാഴ്‌സലോ നേടിയ ഗോളാണ് റയലിന് ആശ്വാസം പകർന്നത്. ഫിലിപ് കുട്ടീന്യോയുടെ ഗോളിൽ ബാഴ്‌സയാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് പെനാൽറ്റി വലയിലെത്തിച്ച് സുവാരസ് ലീഡ് ഉയർത്തി.

രണ്ടാം പകുതിയിൽ കൂടുതൽ ഒത്തിണക്കത്തോടെയാണ് റയൽ കളിച്ചത്. ഇതിന് ഫലവും കണ്ടും രണ്ട് ഗോളിന് പിന്നിൽ നിന്ന റയല് ഒരെണ്ണം മടക്കി. പിന്നീട് ഗോൾ നേടാൻ നിരന്തരം ശ്രമിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. സുവാരസ് വീണ്ടും ഗോൾ നേടിയതോടെ റയലിന്റ പ്രതീക്ഷകൾ അവസാനിച്ചു. സീസണിൽ ആദ്യ പരീക്ഷണം നേരിട്ടപ്പോൾ തന്നെ റയലിന്റെ എല്ലാ ബലഹീനതകളേയും ബാഴ്‌സ തുറന്ന് കാട്ടി. മത്സരം അവസാനിക്കുന്നതിന് മുൻപ് ആർത്തൂറോ വിദാലിലൂടെ ബാഴ്‌സ പട്ടിക തികച്ചു. പത്ത് മത്സരങ്ങൾ പൂർത്തിയായപ്പോൾ 21 പോയിന്റുമായി ബാഴ്‌സ ഒന്നാമതും 14 പോയിന്റോടെ റയൽ ഒൻപതാമതുമാണ്.