ബെർലിൻ: യൂറോപ്പ്യൻ ക്ലബ് ചാമ്പ്യൻപ്പട്ടം ബാഴ്‌സലോണ തിരിച്ചുപിടിച്ചു. ചാമ്പ്യൻസ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിനെ കീഴടക്കി ബാഴ്‌സ അഞ്ചാം വട്ടം ജേതാക്കളായി. സ്പാനിഷ് ലാലിഗയും കിങ്‌സ് കപ്പും ജയിച്ച ബാഴ്‌സ ചാമ്പ്യൻസ് ലീഗ് ജയത്തോടെ സീസണിൽ ട്രിപ്പിൾ തികച്ചു. പെപ്പ് ഗാർഡിയോളയക്ക് ശേഷം അരങ്ങേറ്റ സീസണിൽ തന്നെ ടീമിന് മൂന്ന് കിരീടങ്ങൾ നേടികൊടുത്ത പരിശീലകനെന്ന നേട്ടവും ലൂയി ഹെന്റീക്കിന് സ്വന്തമായി.1991-92, 2005-06, 2008-09, 2010-11 എന്നീ സീസണുകളിലാണ് ബാഴ്‌സ ഇതിന് മുമ്പ് യൂറോപ്യൻ ചാമ്പ്യന്മാരായത്.

വീറുറ്റ പോരാട്ടത്തിനാണ് ബെർലിൻ സാക്ഷ്യം വഹിച്ചത്. രണ്ട് ടീമുകളും ചടുലമായ നീക്കവുമായി കളം നിറഞ്ഞപ്പോൾ കളി ഗംഭീരമായി. ബാഴ്‌സലോണയ്ക്കായിരുന്നു ആദ്യം മുതലേ മുൻതൂക്കം. മെസിയും സുവാരസും നെയ്മറും അടങ്ങുന്ന മുന്നേറ്റം ചടുല തന്ത്രങ്ങളുമായി കളം നിറഞ്ഞു. എന്നാൽ തിരിച്ചടികൾക്കുള്ള കരുത്ത് യുവന്റസിനുമുണ്ടായിരുന്നു. പക്ഷേ നിർഭാഗ്യം പലപ്പോഴും വിനയായി. സ്പാനിഷ് ക്ലബ്ബിനുവേണ്ടി ഇവാൻ റാക്കിറ്റിച്ച് (നാല്) ലൂയി സുവാരസ് (68) എന്നിവർ ഗോൾ നേടിയപ്പോൾ യുവന്റസിനായി അൽവാരോ മൊറാട്ട (55) സ്‌കോർ ചെയ്തു.

കളിയുടെ നാലാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ. മെസ്സി തുടക്കമിട്ട നീക്കത്തിൽ നിന്ന് പന്തുമായി കയറിയ നെയ്മർ, പ്ലേമേക്കർ ആന്ദ്രെ ഇനിയേസ്റ്റക്ക് മറിച്ചു നൽകി. പ്രതിരോധനിരക്കാർക്കിടെയിലൂടെ ഇനിയേസ്റ്റ പന്തുനൽകുമ്പോൾ പോസ്റ്റിലേക്ക് തിരിച്ചുവിടേണ്ട ചുമതല മാത്രമായിരുന്നു ഇവാൻ റാക്കിറ്റിച്ചിനുണ്ടായിരുന്നത് (10). ഗോൾകീപ്പർ ബഫൺ നിസ്സഹായനായിരുന്നു.

ഗോൾ നേടിയതോടെ ബാഴ്‌സ മുന്നേറ്റം യുവന്റസ് ഗോൾമുഖത്ത് നിരന്തരം ആക്രമണം അഴിച്ചുവിട്ടു. 13ാം മിനിറ്റിൽ മെസ്സി നൽകിയ പന്തിൽ ക്ലോസ് റേഞ്ചിൽ നെയ്മറിന് ഷോട്ടെടുക്കാൻ കഴിയാതിരുന്നതും ഒരു മിനിററിനു ശേഷം 10 വാര അകലെ നിന്നുള്ള സുവാരസിന്റെ തകർപ്പൻ ഷോട്ട് യുവന്റസ് ഗോൾകീപ്പർ ബഫൺ ഒറ്റക്കൈകൊണ്ട് തടഞ്ഞതും ഇറ്റാലിയൻ ടീമിന് രക്ഷപ്പെടലിന്റെ നിമിഷങ്ങളായി. ബഫണിന്റെ തകർപ്പൻ സേവുകളില്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽ തന്നെ ബാഴ്‌സ മൂന്ന് ഗോൾ നേടിയേനെ. പതിയെ താളെ കണ്ടെത്തിയ യുവന്റസ് വിദാലിലൂടെയും മർച്ചീസിയോയിലൂടെയും ബാഴ്‌സ ഗോൾകീപ്പറെ പരീക്ഷിച്ചു.

രണ്ടാം പകുതിയുടെ തുടക്കം ബാഴ്‌സയുടെ മുന്നേറ്റത്തോടെയായിരുന്നു. പ്രത്യാക്രമണത്തിൽ റാക്കിറ്റിച്ച് അതിവേഗത്തിൽ കയറ്റികൊണ്ടുവന്ന പന്ത് ബോക്‌സിൽ വച്ച് സുവാരസിന് കൈമാറി. സുവാരസിന്റെ പ്ലേസിങ് ഷോട്ട് മുഴുനീള ഡൈവിലൂടെ ബഫൺ ഒറ്റക്കൈകൊണ്ട് രക്ഷപ്പെടുത്തി. 55-ാം മിനിറ്റിൽ യുവന്റസ് സമനില ഗോൾ നേടി. മർച്ചീസിയോ മെനഞ്ഞെടുത്ത നീക്കത്തിൽ നിന്ന് കാർലോസ് ടെവസിന്റെ ഷോട്ട് ടെർസ്റ്റീഗൻ തട്ടിതെറിപ്പിച്ചപ്പോൾ റീബൗണ്ടിൽ അൽവാരോ മൊറാട്ട ലക്ഷ്യം കണ്ടു.

68ാം മിനിറ്റിൽ ബാഴ്‌സയുടെ വിജയഗോൾ വന്നു. പ്രത്യാക്രമണത്തിൽ പന്തുമായി കയറിവന്ന മെസ്സിയുടെ തകർപ്പൻ ഷോട്ട് ബഫൺ തട്ടിത്തെറിപ്പിച്ചു. പന്ത് ലഭിച്ച സുവാരസ് യുവന്റസ് വലകുലുക്കി (21).സീസണിൽ 121ാ-മത്തെ എം.എസ്.എൻ (മെസ്സിസുവാരസ്‌നെയ്മർ) ഗോളായിരുന്നു ഇത്. ഇഞ്ചുറി ടൈമിൽ നെയ്മർ പട്ടിക തികച്ചു. വിജയത്തിനിടയിലും മെസിക്ക് ഗോൾ നേടാനായില്ലെന്ന വേദന ബാഴ്‌സ ആരാധകർക്കുണ്ട്.