കൊച്ചി: ബാർക്ക് റേറ്റിംഗിൽ ഏഷ്യാനെറ്റ് ചാനലുകളുടെ മുന്നേറ്റം വീണ്ടും. മലയാളത്തിലെ നമ്പർ വൺ ചാനലായ ഏഷ്യാനെറ്റ് ബഹുദൂരം മുന്നിലാണ്. രണ്ടാമത് ഏഷ്യാനെറ്റ് മൂവീസും. കഴിഞ്ഞയാഴ്ച രണ്ടാമത് എത്തിയ മഴവിൽ മനോരമയ്ക്ക് ഈ ആഴ്ച പിന്നോട്ട് പോയി മൂന്നാം സ്ഥാനത്ത് എത്തി. സൂര്യ ടിവി അഞ്ചാം സ്ഥാനത്തായപ്പോൾ ഫ്‌ളവേഴ്‌സ് ടിവി നാലാമതുമെത്തി.

ഐഎസ്എൽ ലീഗ് തൽസമയം കാട്ടുന്നതാണ് ഏഷ്യാനെറ്റ് മൂവീസിന് തുണയാകുന്നതെന്നാണ് വിലയിരുത്തൽ. തൽസമയ ഫുട്‌ബോൾ ഉള്ളപ്പോൾ ഏഷ്യനെറ്റ് മൂവീസിന് വമ്പൻ നേട്ടമുണ്ടാകുന്നു. നാലാം സ്ഥാനത്തിനായായണ് കഴിഞ്ഞയാഴ്ച വമ്പൻ മത്സരം നടന്നത്. ഫ്‌ളവേഴ്‌സിന് 233ഉം സൂര്യയ്ക്ക് 232ഉം പോയിന്റാണുള്ളത്. ഏഷ്യാനെറ്റിന് 973ഉം ഏഷ്യാനെറ്റ് മൂവീസിന് 270ഉം മഴവിൽ മനോരമയ്ക്ക് 257ഉം സീറ്റാണുള്ളത്. കിരൺ ടിവിക്ക് 224 പോയിന്റുമുണ്ട്.

ഏറെ പോയിന്റുയർച്ചയുണ്ടാക്കി കൈരളി ടിവിയും മുന്നേറി. ഏഷ്യാനെറ്റ് പ്ലസിന് മുകളിൽ കൈരളി ടിവി എത്തിയാതാണ് ബാർക്കിന്റെ 48-ാം ആഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകത. ഏഷ്യാനെറ്റ് പ്ലസിന് 103 പോയിന്റും അമൃതാ ടിവിക്ക് 49ഉം പോയിന്റുമാണുള്ളത്. പന്ത്രണ്ടാം സ്ഥാനത്ത് കഴിഞ്ഞയാഴ്ച നിന്ന അമൃത 9-ാം സ്ഥാനത്തെത്തി. വലിയ പോയിന്റെ വർദ്ധനയുണ്ടാവാതെ അമൃത റാങ്കിംഗിൽ നേട്ടമുണ്ടാക്കാൻ കരണം കൊച്ചി ടിവിയും സുര്യ മ്യൂസിക് തുടങ്ങിയ ചാനലുകളുടെ പിന്നോട്ട് പോക്കാണ്.

സീരിയൽ റേറ്റിംഗിൽ ഏഷ്യാനെറ്റിന്റെ കുതിപ്പാണ്. മലയാള ചാനൽ പരിപാടികളിൽ ആദ്യ ആറു സ്ഥാനത്തും ഏഷ്യാനെറ്റിലെ സീരിയലുകളാണ്. പരസ്പരം, ചന്ദന മഴ, ചിന്താവിഷ്ടയായ സീത, കറുത്ത മുത്ത്, ഭാര്യ, പ്രണയം എന്നിവയാണ് റേറ്റിംഗിൽ ആദ്യ സ്ഥാനങ്ങളിലുള്ള സീരിയലുകൾ. മഴവിൽ മനോരയിൽ അത്മസഖിയാണ് ജനപ്രയി സീരിയൽ. മഞ്ഞുരുകും കാലം, കൃഷ്ണ തുളസി എന്നിവയാണ് രണ്ട് മൂന്നും സ്ഥാനത്ത്. സൂര്യയിൽ നാഗ കന്യകയാണ് ജനപ്രിയം. മഹാ വീര ഹനുമാാൻ, എന്നു സ്വന്തം ജാനി എന്നിവയാണ് തൊട്ട് പിന്നിൽ. രാത്രിമഴിയാണ് ഫ്‌ളവേഴ്‌സിലെ സൂപ്പർ സീരിയൽ.

ആദ്യ അഞ്ച് സ്ഥാനത്തുള്ള ഏഷ്യാനെറ്റും ഏഷ്യാനെറ്റ് പ്ലസ്സും മഴവിൽ മനോരമയും ഫ്‌ളവേഴ്‌സും സൂര്യയും അടക്കം ആറ് ചാനലുകളാണ് 200 പോയിന്റ് കടക്കുന്നത്. സീരിയലുകളുടെ കരുത്ത് തന്നെയാണ് ഏഷ്യാനെറ്റിന് എതിരാളികൾ ഇല്ലാതെ മുന്നോട്ട് കുതിക്കാൻ കാരണമാകുന്നത്.