ഴിഞ്ഞ ആഴ്ച ബാർസലോണയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ ലാസ് റാംബ്ലാസിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച 13 പേരിൽ ബ്രിട്ടീഷ് പൗരത്വമുള്ള ഏഴ് വയസുകാരൻ ജൂലിയൻ കാഡ്മാനും ഉൾപ്പെടുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു. കുട്ടിക്ക് ഓസ്‌ട്രേലിയൻ പൗരത്വവുമുണ്ട്. ഫിലിപ്പിനോ കാരിയാണ് ജൂലിയന്റെ അമ്മ. ഫിലിപ്പീൻസിലെ പട്ടിണിയിൽ നിന്നും രക്ഷപ്പെട്ട് ബ്രിട്ടനിലെത്തി ജീവിതം പച്ച പിടിപ്പിക്കവെയാണ് ഇവരെ തേടി ദുരന്തമെത്തിയിരിക്കുന്നത്. ജൂലിയന്റെ അമ്മയായ ജോം ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ബാർസലോണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തീവ്രവാദി വാൻ അമിത വേഗതയിൽ ജനക്കൂട്ടത്തിന് നേരെ ഇടിച്ച് കയറ്റി നടത്തിയ ആക്രമണത്തിൽ 120ഓളം പേർക്ക് പരുക്കുമേറ്റിരുന്നു.

കാബിനറ്റ് മെയ്‌ക്കറായ 42കാരൻ ആൻഡ്രൂവാണ് ജൂലിയന്റെ പിതാവെന്നും വെളിപ്പെട്ടിട്ടുണ്ട്. അപകടമറിഞ്ഞ് അദ്ദേഹം സിഡ്‌നിയിൽ നിന്നും ശനിയാഴ്ച ബാർസലോണയിൽ എത്തിയിരുന്നു. തന്റെ മരുമകന്റെ വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു ജൂലിയന്റെ അമ്മ അവനെയും കൂട്ടി ബാർസലോണയിൽ ത്തെിയിരുന്നത്. ജൂലിയൻ വളരെ സ്‌നേഹമുള്ള കുട്ടിയായിരുന്നുവെന്ന് ഓസ്‌ട്രേലിയയിലെ അവന്റെ കുടുംബാംഗങ്ങൾ ഇറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തിയിരുന്നുവെന്ന് ഓസ്‌ട്രേലിയയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫോറിൻ അഫയേർസ് ആൻഡ് ട്രേഡ് വ്യക്തമാക്കുന്നു. അവൻ അപ്രതീക്ഷിതമായി വിയോഗത്തിൽ അവർ കടുത്ത ദുഃഖം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ജൂലിയന്റെ മരണം ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പും സ്ഥിരീകരിച്ചിരുന്നു. ഓസ്‌ട്രേലിയൻ ഗവൺമെന്റ് ഈ മരണത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അവർ അറിയിച്ചു. ജൂലിയന്റെ കുടുംബത്തിൽ നിന്നുമുള്ള പ്രസ്താവന യുകെയിലെ ഫോറിൻ ഓഫീസും പുറത്ത് വിട്ടിരുന്നു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകി വരുന്നുവെന്നാണ് ഫോറിൻ ഓഫീസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട ജൂലിയൻ ലാലോർ പാർക്കിലെ സെന്റ് ബെർണാഡെറ്റ്‌സ് പ്രൈമറിയിലെ വിദ്യാർത്ഥിയാണ്. ആക്രമണത്തിൽ മരിച്ച ഒരു ബെൽജിയം സ്വദേശിയയെും ഇറ്റാലിയൻ സ്വദേശിയെയും കറ്റാലോണിയ റീജിയണിലെ എമർജൻസി സർവീസസ് ഞായറാഴ്ച തിരിച്ചറിഞ്ഞതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇവരുടെ പേര് വിവരങ്ങൾ ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

ബാർസലോണയിലെ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് ശേഷം ഇവിടെ ഭീകരമായ അവസ്ഥയായിരുന്നു നിലനിന്നിരുന്നതെന്നും ആളുകൾ പരിഭ്രമത്തോടെ ജീവനും കൊണ്ടോടുന്നത് കാണാമായിരുന്നുവെന്നും ദൃക്‌സാക്ഷികൾ വിവരിക്കുന്നു. 2004ൽ മാഡ്രിഡിലെ ട്രെയിനിൽ അൽഖ്വയ്ദ ബോംബ് ആക്രമണം നടത്തി 192 പേരെ വധിച്ചതിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും കടുത്ത ഭീകരാക്രമണമായിരുന്നു കഴിഞ്ഞ ആഴ്ച ബാർലസലോണയിൽ നടന്നത്.