മ്യൂണിക്ക്: രണ്ടാം പാദ സെമി ഫൈനലിൽ സ്വന്തം കാണികളുടെ മുന്നിൽ ബാഴ്‌സലോണയെ തോൽപ്പിക്കാനായെങ്കിലും ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ കാണാതെ മടങ്ങി. ബയേൺ മ്യൂണിക്കിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ തോറ്റിട്ടും ജൂൺ ആറിന് നടക്കുന്ന കലാശപ്പോരാട്ടത്തിന് ബാഴ്‌സലോണ അർഹത നേടി.

രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് രണ്ടാം പാദ സെമിയിൽ ബയേണിന് വിജയിക്കാനായെങ്കിലും ഇരു പാദങ്ങളിലുമായി മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ജയിച്ച ബാഴ്‌സലോണയാണ് തങ്ങളുടെ എട്ടാം ചാമ്പ്യൻസ് ലീഗ് ഫൈനലിന് അർഹത നേടിയത്.

രണ്ടാം പാദത്തിൽ ബയേണിനായി ബെനേഷ്യ (7ാം മിനിറ്റ്), ലെവൻഡോവ്‌സ്‌കി (59-ാം മിനിറ്റ്), മുള്ളർ (74ാം മിനിറ്റ്) എന്നിവർ ഗോളുകൾ നേടിയപ്പോൾ നെയ്മറിന്റെ വകയായിരുന്നു (15, 29) ബാഴ്‌സയുടെ നിർണായക ഗോളുകൾ. യുവന്റസ്-റയൽ മാഡ്രിഡ് സെമിയിൽ വിജയിക്കുന്നവരുമായി ബാഴ്‌സ കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും.

2011ന് ശേഷം ആദ്യമായാണ് ബാഴ്‌സലോണ ചാംപ്യൻസ് ലീഗിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്. സ്പാനിഷ് വമ്പന്മാർക്കെതിരെ കഴിഞ്ഞ നാലു കളികളിലായി തുടർന്നു വരുന്ന വിജയ പരമ്പരയ്ക്ക് ബയണും വിരാമമിട്ടു.

ആദ്യ പാദ സെമിയിൽ ബാഴ്‌സയുടെ തട്ടകമായ നൂകാംപിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബയേൺ തോറ്റത്. ഈ കടം തീർക്കുന്നതിന് മികച്ച പ്രകടനം അനിവാര്യമാണെന്ന തിരിച്ചറിവോടെയായിരുന്നു ഹോം മൈതാനമായ അലയൻസ് അരീനയിൽ ബയൺ താരങ്ങൾ കളിക്കാനിറങ്ങിയത്. ഫൈനൽ മോഹവുമായി അവർ മികച്ച കളി കെട്ടഴിച്ചതോടെ മൽസരം തുടക്കം മുതൽ ആവേശകരമായി. ഇതിന്റെ ഫലമായിരുന്നു 7ാം മിനിറ്റിൽ പിറന്ന ഗോൾ.

എന്നാൽ വിട്ടുകൊടുക്കാൻ മനസില്ലാതിരുന്ന ബാഴ്‌സലോണ പതിനഞ്ചാം മിനിറ്റിൽ തിരിച്ചടിച്ചു. സൂപ്പർ താരം ലയണൽ മെസിയുടെ മികച്ച നീക്കത്തിൽ നിന്നാണ് ഗോൾ പിറന്നത്. മെസി നീട്ടിയ പാസ് സുവാരസ് ആരാലും മാർക്ക് ചെയ്യപ്പെടാതെ നിന്ന നെയ്മർക്ക് മറിച്ചുകൊടുത്തു. ബയേൺ ഗോളി ന്യുയറെ കബളിപ്പിച്ച് നെയ്മർ വല കുലുക്കിയപ്പോൾ അലയൻസ് അരീന നിശബ്ദമായി. 29-ാം മിനിറ്റിൽ ബാഴ്‌സ വീണ്ടും ഗോൾ നേടി. സുവാരസ്-നെയ്മർ സഖ്യത്തിന്റെ നീക്കം തന്നെയാണ് ഗോളിൽ കലാശിച്ചത്. പന്തുമായി കുതിച്ചെത്തിയ സുവാരസിനെ തടയാൻ ബയേൺ പ്രതിരോധം ശ്രമിക്കുന്നതിനിടെ സുവാരസ് പന്ത് വലയുടെ എതിർ മൂലയ്ക്ക് നിന്ന നെയ്മറിന് മറിച്ചു. ഉയർന്ന് വന്ന പന്ത് നെഞ്ചുകൊണ്ടു തടുത്ത നെയ്മർ അനായാസം ലക്ഷ്യം കണ്ടു.

സുവാരസിനെ പുറത്തിരുത്തിയാണ് ബാഴ്‌സ രണ്ടാം പകുതി തുടങ്ങിയത്. 59ാം മിനിറ്റിൽ ബയണിന്റെ സമനില ഗോളെത്തി. ഗോൾമുഖത്ത് ബാർസ പ്രതിരോധനിരയ്ക്കുണ്ടായ ആശയക്കുഴപ്പത്തനിടെ പന്ത് ലഭിച്ച ലെവൻഡോവ്‌സ്‌കിയാണ് ഗോൾ നേടിയത്. 74-ാം മിനിറ്റിൽ ബയണിന്റെ വിജയഗോളുമെത്തി. ബാർസ ഗോൾമുഖത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ കിട്ടിയ പന്ത് മികച്ചൊരു ഷോട്ടിലൂടെ മുള്ളർ വലയിലെത്തിക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷങ്ങളിൽ സമനില ഗോൾ നേടി ഹാട്രിക് തികയ്ക്കുന്നതിനുള്ള അവസരം നെയ്മർക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല.