മാഡ്രിഡ്: ക്ലാസിക്കൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനു കാലിടറിയപ്പോൾ ലാ ലീഗയിൽ ബാഴ്‌സലോണയ്ക്കു തകർപ്പൻ ജയം. സുവാരസിന്റെ ഡബിൾ ഉൾപ്പെടെ മറുപടിയില്ലാത്ത നാലു ഗോളിനാണു ബാഴ്‌സയുടെ ജയം.

റയലിനെ തകർത്തെറിഞ്ഞ ബാഴ്‌സലോണ മറ്റൊരു വിസ്മയം കൂടി ആരാധകർക്കായി കരുതിവച്ചിരുന്നു. 57-ാം മിനിറ്റിൽ പകരക്കാരനായി സൂപ്പർ താരം ലയണൽ മെസിയെയും ബാഴ്‌സലോണ കളത്തിലിറക്കിയത് ആരാധകർക്ക് ഇരട്ടിമധുരമായി.

പരിക്കിൽ നിന്നു മുക്തനായ മെസി പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്നുവെങ്കിലും കളത്തിൽ ഇറങ്ങുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നില്ല.

ഒപ്പത്തിനൊപ്പം പോര് പ്രതീക്ഷിച്ച എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണ റയൽ മാഡ്രിഡിനെ നിർത്തിപ്പൊരിക്കുകയായിരുന്നു. സ്വന്തം തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ ബാഴ്‌സയ്ക്കു മുന്നിൽ നാണം കെടുകയായിരുന്നു. ലൂയിസ് സുവാരസിന്റെ ഇരട്ട ഗോളിനു പുറമെ നെയ്മറും ഇനിയേസ്റ്റയും ഓരോ ഗോളടിച്ചു.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങൾ താളം കണ്ടത്തൊനാകാതെ കുഴങ്ങിയതും ബാഴ്‌സ ഗോൾകീപ്പർ ബ്രാവോയുടെ മാസ്മരിക പ്രകടനവും റയലിനെ തളച്ചു. റയൽ പ്രതിരോധവും പാളി. 11ാം മിനിറ്റിൽ സുവാരസാണ് ആദ്യ ഗോൾ നേടിയത്. 39 ാം മിനിറ്റിൽ നെയ്മറും 53ാം മിനിറ്റിൽ ഇനിയേസ്റ്റയും ഗോൾ നേടി. ഇതിനു പിന്നാലെ 57-ാം മിനിറ്റിൽ മെസിയെ ബാഴ്‌സലോണ കളത്തിലിറക്കി. 74 ാം മിനിറ്റിൽ സുവാരസ് തന്റെ രണ്ടാം ഗോൾ നേടി ബാഴ്‌സലോണയുടെ പട്ടിക പൂർത്തിയാക്കി.