മഡ്രിഡ്: സ്‌പെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ബാർസിലോണയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു. ആളുകൾക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റിയായിരുന്നു ഭീകരാക്രമണം. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടു. 50പേർക്കു പരുക്കേറ്റു. ഈ ആക്രമണത്തിന് ശേഷം ബാഴ്‌സലോണയിൽ ഭീകാരക്രമണം ഉണ്ടായി. നഗരത്തിന്റെ തെക്കൻ പ്രദേശത്തെ ബീച്ച് റിസോർട്ടിലായിരുന്നു ആക്രണം. പൊലീസിന്റെ പ്രത്യാക്രമണത്തിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സ്‌ഫോടക വസ്തുക്കളുമായി പുതിയൊരു ആക്രമണത്തിന് തയ്യാറെടുത്ത ഭീകരരെയാണ് വധിച്ചതെന്ന് ബാഴ്‌സലോണാ പൊലീസ് അറിയിച്ചു. നേരത്തെ ആൾക്കൂട്ടത്തിലേക്ക് വാൻ ഇടിച്ചു കയറ്റിയാണ് ആക്രമണത്തിന് ഐസിസ് ശ്രമിച്ചത്. സമാനമായ ആക്രമണത്തിനാണ് ബീച്ച് റിസോർട്ടിലും ശ്രമിച്ചത്. ടാക്‌സി സ്റ്റാൻഡിനോട് ചേർന്നായിരുന്നു സംഭവങ്ങൾ. പൊലീസ് ഇവരെ ദുരന്തമുണ്ടാക്കും മുമ്പ് നേരിടുകയായിരുന്നു. വെടിവയ്‌പ്പിലാണ് നൂറിലേറെ സാധാരണക്കാർക്ക് പരിക്കേറ്റത്. കാറ്റലോണിയ പ്രവിശ്യയിലെ തീരനഗരമായ കാംബ്രിൽസിലായിരുന്നു സംഭവം. ഇതോടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.

ഭീകരാക്രമണത്തിൽ ഒരു മലയാളിക്ക് പരിക്കേറ്റതായി സൂചന. കോട്ടയം സ്വദേശി അനീഷ് കാർത്തിയേകനാണ് പരിക്കേറ്റത്. ആക്രമണത്തെ തുടർന്ന് ഭയചകിതരാ ജനക്കൂട്ടം കടയിലേക്ക് തള്ളിക്കയറുന്നതിനിടെയാണ് അനീഷിന് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.

ഇതിനിടെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായ മൊറോക്കൻ പൗരൻ താമസിച്ചിരുന്ന അൽകാനർ പ്ലാറ്റ്ജയിലെ വീട് സ്‌ഫോടനത്തിൽ തകർന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും ഏഴു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ബാഴ്‌സലോണയെ നടുക്കിയ ആദ്യ ആക്രമണം ഉണ്ടായത്. ഇതിനുശേഷം വാഹനത്തിൽനിന്ന് ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസ് വെടിവച്ചുകൊന്നതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരാൾ അറസ്റ്റിലുമായി. സംഭവം നടന്ന സെൻട്രൽ ബാർസിലോനയിലെ ലാസ് റാംബ്ലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്.

വാഹനങ്ങൾക്കു പ്രവേശമില്ലാത്ത ഈ മേഖലയിൽ കാൽനടക്കാർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാൻ കൂടി പൊലീസ് നഗരപ്രാന്തത്തിൽനിന്നു കണ്ടെത്തി. ഇന്ത്യക്കാർ ആരും ഉൾപ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളിൽ കഴിയാനും നിർദ്ദേശം നൽകി. 2004ൽ മഡ്രിഡിൽ ട്രെയിനിൽ അൽ ഖായിദ നടത്തിയ ബോംബ് സ്‌ഫോടനത്തിൽ 191 പേർ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളിൽ നൂറിലേറേപ്പേരാണു നീസ്, ബെർലിൻ,ലണ്ടൻ, സ്റ്റോക്കോം എന്നിവിടങ്ങളിൽ മരിച്ചത്. 'ഞാൻ ആളുകളുടെ നിലവിളി കേട്ടു. ആൾക്കൂട്ടത്തിനു നടുവിലൂടെ വാൻ പാഞ്ഞുകയറുകയായിരുന്നു.'ദൃക്സാക്ഷികളിലൊരാൾ വിവരിക്കുന്നത് ഇങ്ങനെയാണ്. സംഭവസ്ഥലത്തുനിന്ന് വെടിയൊച്ചകൾ കേട്ടതായി ദൃക്സാക്ഷി മൊഴിയുണ്ട്. സായുധരായ രണ്ടുപേർ സ്ഥലത്തെ ബാറിൽ ഒളിച്ചിട്ടുള്ളതായി വാർത്ത പരന്നെങ്കിലും പൊലീസ് നിഷേധിച്ചു. ആക്രമണം നടന്ന ലാസ് റാംബ്ലാസ് 1.2 കിലോമീറ്റർ നീളത്തിലുള്ള തെരുവ് തിരക്കേറിയ വ്യാപാരകേന്ദ്രമാണ്.

ഇവിടെ കാൽനട മാത്രമാണ് അനുവദിക്കുക. ഈ തെരുവിന്റെ ഒരു അറ്റത്തുനിന്ന് മറ്റേയറ്റത്തേക്കാണു വാൻ അമിതവേഗത്തിൽ ഓടിച്ചുകയറ്റിയത്. ബാർസിലോനയിലെ വിനോദസഞ്ചാര സീസണിലെ ഏറ്റവും തിരക്കേറിയ സമയമാണിത്. കുറഞ്ഞത് 1.1 കോടി സഞ്ചാരികളാണു പ്രതിവർഷം ബാഴ്‌സലോണയിലെത്തുന്നത്.