- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്സിയില്ലാത്ത ആദ്യ എൽ ക്ലാസിക്കോയിൽ അടിതെറ്റി ബാഴ്സലോണ; റയൽ മാഡ്രിഡിന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ജയം; ലാ ലിഗയിൽ ആദ്യ ഗോൾ പേരിൽ കുറിച്ച് ഡേവിൽഡ് അലബ; കറ്റാലന്മാരുടെ ആശ്വാസ ഗോൾ സെർജിയോ അഗ്യൂറോയിലൂടെ
ബാഴ്സിലോണ: സൂപ്പർ താരം ലയണൽ മെസ്സി ക്ലബ്ബ് വിട്ടതിനുശേഷം ലാ ലിഗയിൽ നടന്ന ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് തോൽവി. ഫുട്ബോൾ ലോകം കാത്തിരുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ റയൽമാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കറ്റാലന്മാരെ കീഴടക്കിയത്.
32-ാം മിനിറ്റിൽ ഡേവിൽഡ് അലബയാണ് ബാഴ്സയ്ക്കെതിരെ അവരുടെ സ്വന്തം തട്ടകത്തിൽ റയലിനായി ലീഡ് നേടികൊടുത്തത്.. ലാ ലീഗിയിലെ ഡേവിൽഡ് അലബയുടെ ആദ്യ ഗോളാണിത്. ഓസ്ട്രിയൻ ഡിഫൻഡറായ അലബയുടെ ആദ്യ എൽ ക്ലാസിക്കോ കൂടിയായിരുന്നു ഇത്.
രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് റയലിന്റെ രണ്ടാം ഗോളും ബാഴ്സ ഒരു ഗോൾ തിരിച്ചടിച്ചതും.ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ലൂക്കാസ് വാസ്ക്വസ് റയലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഫൈനൽ വിസിലിന് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സെർജിയോ അഗ്യൂറോയിലൂടെ ബാഴ്സ ഒരു ഗോൾ മടക്കി.
സീസണിൽ ഒൻപത് മത്സരങ്ങളിൽ നിന്നും ആറ് ജയവുമായി 20 പോയിന്റോടെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്താണ് റയൽ മാഡ്രിഡ്. അത്ര തന്നെ മത്സരങ്ങളിൽ നാല് ജയം മാത്രമുള്ള ബാഴ്സലോണ 15 പോയിന്റുമായി ഒൻപതാം സ്ഥാനത്തുമാണ്.
ചരിത്രത്തിൽ 247-ാം തവണയാണ് ഇരുടീമുകളും നേർക്കുനേർ വരുന്നത്. ഇന്നത്തെ മത്സരത്തോടെ റയൽ 99 തവണയും ബാഴ്സ 96 തവണയും ജയിച്ചു. 52 മത്സരം സമനിലയിലായി.
സ്പോർട്സ് ഡെസ്ക്